കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ഈ മാസം 13ന് ആരംഭിക്കേണ്ടിയിരുന്നെങ്കിലും ശ്രീലങ്കന്‍ ക്യാംപിലെ കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് 18ലേക്ക് പരമ്പര നീട്ടിയിരിക്കുകയാണ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ശക്തമായ യുവനിരയുമായാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രാഹുല്‍ ദ്രാവിഡുമുണ്ട്.
ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,യുസ് വേന്ദ്ര ചഹാല്‍,കുല്‍ദീപ് യാദവ്,മനീഷ് പാണ്ഡെ തുടങ്ങിയവരാണ് ടീമിലുള്ള മറ്റ് സീനിയര്‍ താരങ്ങള്‍. ടി20 ലോകകപ്പ് വരാനിരിക്കെ ശ്രീലങ്കന്‍ പരമ്പര ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ ശ്രീലങ്കന്‍ പരമ്പരക്ക് മുമ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നല്‍കിയ ഉപദേശം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്പിന്നറായ യുസ്‌വേന്ദ്ര ചഹാല്‍.
'നിങ്ങള്‍ എന്താണോ ചെയ്യാന്‍ ഉദ്ദേശിക്കുന്നത് അത് ചെയ്യുക. എന്നാല്‍ ചെയ്യുന്നതിന് മുമ്പ് കൃത്യമായും ശ്രദ്ധ നല്‍കുക. നീ സീനിയറാണ്.ടീമിലെ യുവതാരങ്ങളെ നയിക്കേണ്ട ഉത്തരവാദിത്തമുണ്ട്. നിനക്ക് നിര്‍ണ്ണായകമായ പരമ്പരയാണിത്. അതിനാല്‍ പൂര്‍ണ്ണമായും ആ ലക്ഷ്യത്തില്‍ ശ്രദ്ധ നല്‍കുക'-ചഹാല്‍ പറഞ്ഞു. വിരാട് കോലിയുടെ പ്രിയപ്പെട്ട സ്പിന്നര്‍മാരിലൊരാളാണെങ്കിലും ചഹാലിന്റെ സമീപകാല പ്രകടനം നിരാശപ്പെടുത്തുന്നതാണ്.

ആര്‍സിബിക്കൊപ്പം ഐപിഎല്ലില്‍ അദ്ദേഹത്തിന് തിളങ്ങാനായിരുന്നില്ല. ആദ്യ പാദത്തിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്ത ചഹാലിന് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നേരിട്ട് സ്ഥാനം ഉറപ്പിക്കുക പ്രയാസമാണ്. അതിനാല്‍ത്തന്നെ ശ്രീലങ്കന്‍ പരമ്പരയിലും ഐപിഎല്‍ രണ്ടാം പാദത്തിലും തിളങ്ങേണ്ടത് ചഹാലിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.
'ഏറെ നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ ഏകദിന പരമ്പര കളിക്കുന്നത്. ഇതിനോടകം രണ്ട് പരിശീലന മത്സരം ഞങ്ങള്‍ കളിച്ചു. ടി20യെ സംബന്ധിച്ച് ഏകദിനത്തിന് വ്യത്യാസമുണ്ട്. ഞാന്‍ 50ലധികം ഏകദിനം കളിച്ചിട്ടുണ്ട്. അതിനാല്‍ പരിചയസമ്പത്ത് കുറവിന്റെ പ്രശ്‌നങ്ങളുണ്ടാവില്ല. പന്തെറിയുമ്പോള്‍ ബാറ്റ്‌സ്മാന്റെ വിക്കറ്റിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്'-ചഹാല്‍ പറഞ്ഞു.
ചഹാലിനെക്കൂടാതെ കുല്‍ദീപ് യാദവ്,ശിഖര്‍ ധവാന്‍ എന്നിവര്‍ക്കെല്ലാം ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ ശ്രീലങ്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അനിവാര്യമാണ്. പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,സഞ്ജു സാംസണ്‍ എന്നിവരും ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിച്ച് ശ്രീലങ്കന്‍ പരമ്പരക്കൊരുങ്ങുന്നവരാണ്. ഒക്ടോബറിലും നവംബറിലുമായാവും ടി20 ലോകകപ്പ് നടക്കുക.