IND vs SL: ശിഖര്‍ ധവാന് നിര്‍ണ്ണായകം, കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിവിഎസ് ലക്ഷ്മണ്‍
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ പരിമിത ഓവര്‍ പരമ്പര ഈ മാസം ആരംഭിക്കുകയാണ്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ യുവനിരയുമായാണ് ഇന്ത്യയുടെ വരവ്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യയെ നയിക്കുക ശിഖര്‍ ധവാനാണ്. സീനിയര്‍ താരവും മികച്ച ഓപ്പണറുമാണെങ്കിലും നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് അവസരം. ടി20,ടെസ്റ്റ് ടീമിന് പുറത്താണ്.
ടി20 ലോകകപ്പ് വരാനിരിക്കെ ഓപ്പണിങ്ങിലേക്ക് സ്ഥാനം തേടുന്നവരില്‍ ധവാനും ഉള്‍പ്പെടും. ഓപ്പണര്‍ സ്ഥാനത്തിനായി മത്സരം മുറുകുകയാണ്. പൃഥ്വി ഷാ,ദേവ്ദത്ത് പടിക്കല്‍,കെ എല്‍ രാഹുല്‍,മായങ്ക് അഗര്‍വാള്‍ തുടങ്ങിയ നിരവധി താരങ്ങളും ഓപ്പണിങ്ങില്‍ രോഹിതിന്റെ പങ്കാളിയാവാന്‍ അവസരം കാത്തിരിക്കുന്നു. അതിനാല്‍ത്തന്നെ ധവാന് ശ്രീലങ്കന്‍ പരമ്പര നിര്‍ണ്ണായകമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

'വെള്ളബോള്‍ ക്രിക്കറ്റില്‍ വളരെ സ്ഥിരതയുള്ള താരങ്ങളിലൊരാളാണ് ശിഖര്‍ ധവാന്‍. അവസരങ്ങളെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കാന്‍ അവന്‍ മിടുക്കനാണ്. പ്രധാനമായും ടി20 ലോകകപ്പ് വരാനിരിക്കെ. വളരെ ശക്തമായ പോരാട്ടമാണ് അവസരത്തിനായി ഉള്ളത്. രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണ് മുഖ്യ പരിഗണന ലഭിക്കുന്ന ഓപ്പണര്‍മാര്‍. ടി20യില്‍ ഓപ്പണറാവാന്‍ താല്‍പര്യമുണ്ടെന്ന് വിരാട് കോലിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ ധവാന്‍ മികച്ച റണ്‍സ് നേടേണ്ടതായുണ്ട്'-ലക്ഷ്മണ്‍ പറഞ്ഞു.
ഐപിഎല്ലിലെ ഫോം ധവാന് ഇന്ത്യയുടെ ടി20 ടീമില്‍ കാട്ടാനാവുന്നില്ല. ടി20 ഫോര്‍മാറ്റില്‍ അധിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. എന്നാല്‍ പലപ്പോഴും ധവാനത് സാധിക്കുന്നില്ല. പവര്‍പ്ലേ ഉപയോഗിക്കുന്നതിലും അദ്ദേഹത്തിന് പഴയ മികവില്ല. ഇത് ധവാന്റെ ടീമിലെ ഇടം നഷ്ടപ്പെടുത്തുന്നു. നിലയുറപ്പിച്ചാല്‍ മികച്ച സ്‌കോര്‍ നേടാന്‍ സാധിക്കുമെങ്കിലും നിലയുറപ്പിക്കാന്‍ കൂടുതല്‍ പന്ത് വേണമെന്നത് പ്രശ്‌നമാണ്.
വെടിക്കെട്ട് നടത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ ധവാന് ശ്രീലങ്കയ്‌ക്കെതിരേ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഐപിഎല്‍ 2021ന്റെ ആദ്യ പാദം അവസാനിക്കുമ്പോള്‍ ടോപ് സ്‌കോററായുള്ളത് ശിഖര്‍ ധവാനാണ്. ശ്രീലങ്കയില്‍ തിളങ്ങുകയും ഐപിഎല്‍ രണ്ടാം പാദത്തിലും തിളങ്ങാനായാല്‍ ധവാനും ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചേക്കും.
'ശ്രീലങ്കയില്‍ ധവാനൊപ്പമുള്ളത് മികച്ച യുവതാരങ്ങളാണ്. നായകനെന്ന നിലയില്‍ സ്വയം മികച്ച പ്രകടനം നടത്തിയാണ് ധവാന്‍ മാതൃക കാട്ടേണ്ടത്. മുന്നോട്ട് ചിന്തിക്കുകയും തന്റെ പരിചയസമ്പത്ത് യുവതാരങ്ങളോട് പങ്കുവെക്കുകയും ചെയ്യണം'-ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications