ധവാന്‍ പോകുമ്പോള്‍ പകരക്കാരനാകാന്‍ പറ്റിയവന്‍; പടിക്കല്‍ ഭാവിയിലെ താരമെന്ന് സെവാഗ്!

ലോകക്രിക്കറ്റില്‍ ഇന്ന് ഇന്ത്യന്‍ ടീമിനെ പോലെ താരങ്ങളുടെ സമ്പത്തുള്ളൊരു ടീം വേറെയുണ്ടെന്ന് പറയാനാകില്ല. ഒരേസമയം ലോകത്തിന്റെ രണ്ട് ഭാഗങ്ങളില്‍ ശക്തമായ രണ്ട് ടീമുകളെ കളിപ്പിക്കാന്‍ സാധിക്കുന്ന മറ്റൊരു ടീമുണ്ടാകില്ല. കൊവിഡ് പ്രതിസന്ധി മുഖ്യതാരങ്ങളെ ഐസൊലേഷനില്‍ ആക്കിയപ്പോഴും പൊരുതാന്‍ സാധിക്കുന്നൊരു ടീമിനെ കളത്തിലിറക്കാന്‍ ദ്രാവിഡിനും നായകന്‍ ശിഖര്‍ ധവാനും ഇന്നലെ സാധിച്ചതും ഇന്ത്യയുടെ കരുത്ത് വ്യക്തമാക്കുന്നതാണ്.

നാല് യുവതാരങ്ങള്‍ക്കാണ് ഇന്ത്യ ഇന്നലെ അരങ്ങേറാനുള്ള അവസരം നല്‍കിയത്. ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ഗ്വാദ്, നിതീഷ് റാണ, ചേതന്‍ സക്കറിയ. ഇവര്‍ നാലുപേരായിരുന്നു ഇന്നലെ ഇന്ത്യയ്ക്കായി അരങ്ങേറിയത്. ദേവ്ദത്ത് പടിക്കലിന്റെ അരങ്ങേറ്റത്തിന് മറ്റൊരു സന്തോഷം കൂടിയുണ്ട്. ഒരേ സമയം രണ്ട് മലയാളി താരങ്ങള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നുവെന്ന അസുലഭ നിമിഷത്തിനാണ് ഇന്നലെ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

ഇപ്പോഴിതാ ദേവ്ദത്ത് പടിക്കലിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് സാക്ഷാല്‍ വീരേന്ദര്‍ സെവാഗ്. വലിയ സ്‌കോര്‍ നേടാനായില്ലെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ ശ്രദ്ധ നേടാന്‍ പടിക്കലിന് സാധിച്ചിരുന്നു. മലയാളി താരത്തിന്റെ കളിയോടുള്ള സമീപനത്തില്‍ ഇംപ്രസ്ഡ് ആയ സെവാഗ് പറയുന്നത് ഭാവിയില്‍ ധവാന്റെ പകരക്കാരനാകാന്‍ പോലും പടിക്കലിന് സാധിക്കുമെന്നാണ്. 40 റണ്‍സ് നേടിയ ധവാന് ശേഷം ഇന്ത്യന്‍ ടീമിലെ ടോപ് സ്‌കോറര്‍ ആയിരുന്നു ഇന്നലെ പടിക്കല്‍.

''എനിക്ക് അവന്‍ കളിക്കുന്നത് കാണണം. കാരണം അവന്‍ കളിച്ച ഇന്നിംഗ്‌സുകളില്‍, ഐപിഎല്‍ സെഞ്ചുറിയിടക്കം, മികച്ച് ബാറ്റിംഗ് പ്രകടനമാണ് കണ്ടത്. ശിഖര്‍ ധവാന്‍ പോകുമ്പോള്‍ അവനാകും യഥാർത്ഥ പകരക്കാരന്‍. വേണ്ട ഒരേയൊരു കാര്യം ഈ യുവതാരങ്ങള്‍ക്ക് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അവസരങ്ങള്‍ ലഭിക്കുക എന്നതാണ്. കാരണം പിന്നീട് ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലുമൊക്കെ പോകുമ്പോള്‍ അവര്‍ക്ക് ആത്മവിശ്വാസമുണ്ടാകും'' എന്നായിരുന്നു സെവാഗ് പറഞ്ഞത്.

അതേസമയം ശ്രീലങ്കയ്‌ക്കെതിരായ അവസാനത്തേയും മൂന്നാമത്തേയും ട്വന്റി-20യ്ക്കായി ഇന്ത്യ ഇന്നിറങ്ങും. നിലവിലെ സാഹചര്യത്തില്‍ ഇന്നും പടിക്കലിന് അവസരം ലഭിക്കുമെന്നുറപ്പാണ്. ഇന്നത്തെ മത്സരത്തില്‍ നല്ല പ്രകടനം കാഴ്ചവെക്കാനും തുടര്‍ന്ന് വരാനിരിക്കുന്ന ഐപിഎല്ലില്‍ അത് ആവര്‍ത്തിക്കാനും സാധിച്ചാല്‍ പടിക്കലിന് അത് ഏറെ ഗുണം ചെയ്യുമെന്നുറപ്പാണ്. സെപ്തംബറിലാണ് മുടങ്ങിപ്പോയ ഐപിഎല്‍ പുനരാരംഭിക്കുക.

''അവന്‍ നന്നായി കളിക്കുകയാണെങ്കില്‍ അതവന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. അവന് ഭാവിയിലെ താരമാകാന്‍ സാധിക്കും. അവന്റെ ബാറ്റിംഗ് കണ്ടത് വച്ച് അവന് അതിനുള്ള കഴിവുണ്ടെന്ന് പറയാനാകും. ശ്രീലങ്കയ്‌ക്കെതിരെ അവസരം കിട്ടുന്നതിനേക്കാള്‍ നല്ലതൊന്നുമില്ല. വിക്കറ്റുകള്‍ ഫ്‌ളാറ്റായിരിക്കും. സീമോ സ്വിങ്ങോ ഉണ്ടാകില്ല. കുറച്ച് ക്ഷമയും ശ്രദ്ധയും ഷോട്ടുകളുടെ തിരഞ്ഞെടുപ്പില്‍ കാണിക്കണം. എങ്കില്‍ അവന് റണ്‍ കണ്ടെത്തുക പ്രയാസകരമാകില്ല'' എന്നും സെവാഗ് പറഞ്ഞു.

അരങ്ങേറ്റ മത്സരത്തില്‍ 29 റണ്‍സാണ് പടിക്കല്‍ നേടിയത്. അതേസമയം മത്സരം നാല് വിക്കറ്റിന് ഇന്ത്യ പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 132 റണ്‍സ് മാത്രമാണ് എടുത്തത്. മത്സരം അവസാന ഓവര്‍ വരെ കൊണ്ടു പോകാന്‍ സാധിച്ചുവെന്നത് ഇന്ത്യയെ സംബന്ധിച്ച് അഭിനന്ദനാര്‍ഹമാണ്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് എട്ട് ഇന്ത്യന്‍താരങ്ങളാണ് ഐസൊലേഷനിലുള്ളത്. ക്രുണാല്‍ പാണ്ഡ്യയ്ക്കായിരുന്നു കൊവിഡ് പോസിറ്റീവായത്. മറ്റ് താരങ്ങള്‍ക്കാര്‍ക്കും ഇതുവരേയും പോസിറ്റീവ് ആയിട്ടില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, July 29, 2021, 18:25 [IST]
Other articles published on Jul 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X