മുംബൈ: അടുത്ത മാസം ഇന്ത്യയുടെ സീനിയര്‍ നിര ഇംഗ്ലണ്ട് പര്യടനത്തിനുള്ള മുന്നൊരുക്കങ്ങളുമായി ഇംഗ്ലണ്ടില്‍ തുടരുമ്പോള്‍ ഇന്ത്യയുടെ ബി നിര ശ്രീലങ്കന്‍ പര്യടനത്തിലാവും. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ശിഖര്‍ ധവാനാവും ഇന്ത്യയെ നയിക്കുക. ഭുവനേശ്വര്‍ കുമാര്‍,ഹര്‍ദിക് പാണ്ഡ്യ,യുസ് വേന്ദ്ര ചഹാല്‍ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്.
ശ്രീലങ്കന്‍ പര്യടനത്തില്‍ പരിശീലകനായി ഇന്ത്യക്കൊപ്പമുള്ളത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡാണ്. സീനിയര്‍ ടീമിനൊപ്പം രവി ശാസ്ത്രിയും സംഘവും ഇംഗ്ലണ്ടിലേക്ക് പോയതിനാലാണ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡിന് പുതിയ ചുമതല ഏല്‍ക്കേണ്ടി വന്നത്. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള മിക്ക താരങ്ങളും ദ്രാവിഡിന്റെ ശിക്ഷണത്തില്‍ വളര്‍ന്നവരാണ്.

ഇപ്പോഴിതാ ശ്രീലങ്കന്‍ പര്യടനത്തില്‍ പരിശീലകനെന്ന നിലയില്‍ രാഹുല്‍ ദ്രാവിഡിന്റെ റോളെന്താണെന്ന് വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 'ഇതിലെ മിക്ക താരങ്ങളും ദ്രാവിഡിനോടൊപ്പം സമയം ചിലവിട്ടവരാണ്. അതിനാല്‍ത്തന്നെ ദ്രാവിഡിനെ അവര്‍ക്ക് നന്നായി അറിയാം.
ടീമിനുള്ളിലും ഡ്രസിങ് റൂമിലും ആരോഗ്യകരമായ സാഹചര്യം ഒരുക്കാന്‍ കെല്‍പ്പുള്ളവനാവണം പരിശീലകന്‍. ദ്രാവിഡിനത് സാധിക്കും. ഈ താരങ്ങളെയൊന്നും അധികം പരിശീലിപ്പിക്കേണ്ട ആവിശ്യമില്ല. കാരണം അവര്‍ക്കെല്ലാം എങ്ങനെയാണ് കവര്‍ ഡ്രൈവ് കളിക്കേണ്ടതെന്നും എങ്ങനെ ഔട്ട് സ്വിങ്ങര്‍ എറിയണമെന്നുമെല്ലാം അറിയാം. എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി അറിയാവുന്ന ടീമാണിത്'-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
മികച്ച യുവ താരങ്ങളും സീനിയര്‍ താരങ്ങളും ഉള്‍പ്പെട്ട ടീമില്‍ ദ്രാവിഡിന്റെ സാന്നിധ്യം ഭാവിയിലേക്കും ഇന്ത്യക്ക് ഗുണം ചെയ്യുമെന്നും സച്ചിന്‍ അഭിപ്രായപ്പെട്ടു.'ശിഖര്‍ ധവാന്‍ 10 വര്‍ഷത്തോളമായി കളിക്കുന്ന താരമാണ്. അതൊരു വലിയ കാലാവധിയാണ്. മികച്ച യുവ-സീനിയര്‍ താരനിരയാണിത്. എന്ത് സംശയമുണ്ടായാലും സഹായിക്കാന്‍ രാഹുല്‍ ദ്രാവിഡ് ഒപ്പമുണ്ടാവും'-സച്ചിന്‍ പറഞ്ഞു.
ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള ഒട്ടുമിക്ക യുവ താരങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് ശ്രീലങ്കയ്‌ക്കെതിരായ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ തിളങ്ങി മികവ് കാട്ടാന്‍ യുവതാരങ്ങള്‍ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരം കൂടിയാണിത്. സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് തുടങ്ങിയവരെല്ലാം ടീമിലുണ്ട്.