കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പരക്ക് ഈ മാസം 13ന് തുടക്കമാവാനിരിക്കെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും ബിസിസി ഐക്കും ആശങ്ക. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷമെത്തിയ ശ്രീലങ്കന്‍ താരങ്ങളുടെ കോവിഡ് ഫലത്തിനായുള്ള കാത്തിരിപ്പിലാണ് ഇരു ക്രിക്കറ്റ് ബോര്‍ഡും. ഇതിന് ശേഷമാവും ടൂര്‍ണമെന്റിന്റെ നടത്തിപ്പ് സംബന്ധിച്ച തീരുമാനമാവുക.
ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ട് പരമ്പരയുടെ ഭാഗമായുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ശ്രീലങ്കന്‍ താരങ്ങളും കോവിഡ് ആശങ്കയിലായത്. ഏഴ് ദിവസത്തെ ക്വാറന്റെയ്‌നാണ് ശ്രീലങ്കന്‍ താരങ്ങളുള്ളത്. കോവിഡ് പരിശോധനക്ക് ശേഷം മാത്രമെ താരങ്ങളുടെ പരിശീലനം ഉള്‍പ്പെടെ ആരംഭിക്കുകയുള്ളൂവെന്ന് ശ്രീലങ്കന്‍ ടീം കോച്ച് മിക്കി ആര്‍തര്‍ പറഞ്ഞു.

പരിശോധനയില്‍ ഏതെങ്കിലും താരത്തിന് കോവിഡ് പോസിറ്റീവായല്‍ ടൂര്‍ണമെന്റ് റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യേണ്ടി വരും. പരമ്പരക്കായി ഇതിനോടകം ഇന്ത്യന്‍ ടീം കൊളംബോയിലുണ്ട്. സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ഇന്ത്യയുടെ ബി ടീമാണ് ശ്രീലങ്കയിലുള്ളത്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരയില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുന്നത്. പരിശീലകനായി രാഹുല്‍ ദ്രാവിഡും ഒപ്പമുണ്ട്.
പരമ്പരക്കായി ഇന്ത്യന്‍ ടീം വലിയ തയ്യാറെടുപ്പുകളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ടീം തിരിഞ്ഞ് ഇന്ത്യ മത്സരം കളിച്ചിരുന്നു. ഇതില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമിനെ ഭുവനേശ്വര്‍ കുമാറിന്റെ ടീം പരാജയപ്പെടുത്തിയിരുന്നു. മനീഷ് പാണ്ഡെ,ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയവര്‍ മത്സരത്തില്‍ തിളങ്ങിയിരുന്നു. സമീപകാലത്തായി ശ്രീലങ്കന്‍ ടീമിന്റെ പ്രകടനം വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ യുവതാരങ്ങളെക്കൊണ്ട് ഇന്ത്യ പരമ്പര നേടിയാല്‍ ശ്രീലങ്കയ്ക്കത് കടുത്ത തിരിച്ചടിയാവും.
ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള നിരവധി യുവതാരങ്ങള്‍ ടീമിലുണ്ട്. ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം ഇവര്‍ക്കെല്ലാം നിര്‍ണ്ണായകമാണ്. ദേവ്ദത്ത് പടിക്കല്‍,നിധീഷ് റാണ,സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ടി20 ലോകകപ്പില്‍ ഇടം പ്രതീക്ഷിക്കുന്നവരാണ്. ഇവരെല്ലാം ഐപിഎല്ലില്‍ തിളങ്ങുന്നവരാണ്. ശ്രീലങ്കന്‍ പര്യടനത്തിലും തിളങ്ങാനായാല്‍ ലോകകപ്പ് ടീമിലേക്കും പരിഗണിക്കപ്പെട്ടേക്കും. ശിഖര്‍ ധവാനും മടങ്ങിവരവിന് ശ്രീലങ്കന്‍ പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാണ്.
ശമ്പള കരാറിന്റെ പ്രശ്‌നത്തില്‍ ശ്രീലങ്കന്‍ താരങ്ങളും ക്രിക്കറ്റ് ബോര്‍ഡും രണ്ട് തട്ടിലാണ്. ഇതിനൊപ്പം കോവിഡ് ബാധയും താരങ്ങള്‍ക്ക് സ്ഥിരീകരിച്ചാല്‍ പരമ്പരയെ അത് മോശമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.