INDvSL: ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുറപ്പ്, മൂന്ന് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് നടക്കാന്‍ പോവുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയെ സംബന്ധിച്ച് അവസരം കാത്ത് പ്രതിഭാശാലികളായ താരങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. അതിനാല്‍ത്തന്നെ മാറ്റം വരുത്താന്‍ നിര്‍ബന്ധിതരാവുന്ന അവസ്ഥയാണുള്ളത്.
ആദ്യ മത്സരത്തില്‍ ആധിപത്യ ജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ വാലറ്റത്തിന്റെ മികവുകൊണ്ടാണ് ജയം സ്വന്തമാക്കിയത്. മൂന്നാം മത്സരത്തിനൊരുങ്ങുന്ന ഇന്ത്യന്‍ നിരയില്‍ മൂന്ന് താരങ്ങള്‍ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ആ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍
ആദ്യ മത്സരത്തില്‍ത്തന്നെ സഞ്ജു സാംസണെ ഇന്ത്യ പരിഗണിച്ചിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അവസരം ലഭിച്ചിരുന്നില്ല. ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഇഷാന്‍ കിഷന്‍ തിളങ്ങിയിരുന്നു. എന്നാല്‍ ടി20 പരമ്പരയിലേക്കും ഇഷാനെ പരിഗണിക്കേണ്ടതിനാല്‍ മൂന്നാം ഏകദിനത്തില്‍ വിശ്രമം നല്‍കി പകരം സഞ്ജു സാംസണിനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. സഞ്ജുവും ഇഷാനും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നവരാണ്. നേരത്തെ തന്നെ ടി20 ടീമില്‍ സഞ്ജുവിന് അവസരം ലഭിച്ചെങ്കിലും ഒരു തവണപോലും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

ചേതന്‍ സക്കറിയ
ഐപിഎല്‍ 2021ന്റെ കണ്ടെത്തലാണ് ചേതന്‍ സക്കറിയ. ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറായിരുന്ന ചേതന്‍ രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് പ്രതിഭ തെളിയിച്ചത്. ഏഴ് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ ഫീല്‍ഡിങ്ങിലും തിളങ്ങി. എംഎസ് ധോണിയുടെ അടക്കം വിക്കറ്റ് വീഴ്ത്താന്‍ ചേതന് സാധിച്ചിരുന്നു. പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ചേതന്‍ മികച്ച പ്രകടനമാണ് നടത്തിയത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിന് അരങ്ങേറ്റം നടത്താനുള്ള അവസരം നല്‍കിയേക്കുമെന്നാണ് വിവരം.

കൃഷ്ണപ്പ ഗൗതം
ക്രുണാല്‍ പാണ്ഡ്യക്ക് പകരക്കരാനായി സ്പിന്‍ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതത്തിന് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം. ആദ്യ രണ്ട് മത്സരത്തിലും ഭേദപ്പെട്ട പ്രകടനമാണ് ക്രുണാല്‍ പാണ്ഡ്യ കാഴ്ചവെച്ചത്. എന്നാല്‍ മാച്ച് വിന്നറെന്ന നിലയിലേക്ക് ഉയരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അതിനാല്‍ത്തന്നെ മറ്റൊരു സ്പിന്‍ ഓള്‍റൗണ്ടറായ കൃഷ്ണപ്പ ഗൗതത്തിന് അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് സൂചനകളുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications