IND vs SL: മഴ കളി മുടക്കിയപ്പോള്‍ ശ്രീലങ്കന്‍ നായകന് ദ്രാവിഡിന്റെ 'കോച്ചിങ്', കൈയടിച്ച് ആരാധകര്‍
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനം ഇന്ത്യയെ സംബന്ധിച്ച് ഞാണിന്മേല്‍ കളിയായിരുന്നു. അഞ്ച് അരങ്ങേറ്റക്കാര്‍ക്ക് ഒരുമിച്ച് അവസരം നല്‍കിയുള്ള രാഹുല്‍ ദ്രാവിഡിന്റെ പരീക്ഷണമെന്ന് തന്നെ പറയാം. മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടതോടെ സുനില്‍ ഗവാസ്‌കറും ആകാശ് ചോപ്രയുമടക്കം പലരും ദ്രാവിഡിന്റെ തീരുമാനത്തെ വിമര്‍ശിച്ചു.
ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ലില്‍ നിന്ന് പരിശീലകനെന്ന നിലയിലേക്കെത്തിയപ്പോഴും തന്റെ അച്ചടക്കവും പക്വതയും ശൈലിയുമെല്ലാം പിന്തുടരാന്‍ ദ്രാവിഡ് ശ്രമിച്ചിരുന്നു. നിലവിലെ ദേശീയ ക്രിക്കറ്റ് അസോസിയേഷന്റെ തലവനായ ദ്രാവിഡ് യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായക പങ്കും വഹിക്കുന്നു. എതിര്‍ താരങ്ങള്‍ക്ക് പോലും ക്രിക്കറ്റിന്റെ പാഠം പകര്‍ന്ന് നല്‍കാന്‍ ദ്രാവിഡ് മടികാട്ടില്ല. അത്തരമൊരു സംഭവത്തിന് മൂന്നാം ഏകദിനം സാക്ഷിയായി.

ദസുണ്‍ ഷണകക്ക് 'വന്മതിലിന്റെ' ഉപദേശം
മൂന്നാം ഏകദിനത്തിനിടെ മഴ പെയ്ത് മത്സരം തടസപ്പെട്ടിരുന്നു. ഇതിനിടെ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷണകയ്ക്ക് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉപദേശം നല്‍കുന്നതിന്റെ ചിത്രങ്ങള്‍ വളരെ വൈറലായിരിക്കുകയാണ്. മഴക്ക് ശേഷം മത്സരം പുനരാരംഭിക്കുന്നതിന് മുമ്പായി ഗ്രൗണ്ടിലിറങ്ങിയ രാഹുല്‍ ദ്രാവിഡിന്റെ അടുത്തേക്ക് ദസുന്‍ ഷണക എത്തി സംസാരിക്കുകയായിരുന്നു. ദ്രാവിഡ് സംസാരിക്കുന്നത് കൈകെട്ടി കേട്ടുനില്‍ക്കുന്ന ദസുണിന്റെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

മിക്കി ആര്‍ത്തറുമായി ദസുണ്‍ ഷണക ഉടക്കില്‍?
രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ പരിശീലകനായ മിക്കി ആര്‍ത്തര്‍ മൈതാനത്തെത്തി ശ്രീലങ്കന്‍ നായകന്‍ ദസുണ്‍ ഷണകയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഏഴ് മുന്‍നിര വിക്കറ്റുകള്‍ വീണപ്പോഴും വാലറ്റത്ത് ദീപക് ചഹാറിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ വിജയിച്ച് പരമ്പര നേടുകയായിരുന്നു. ജയിച്ച കളി കൈവിട്ടതാണ് ആര്‍ത്തറെ പ്രകോപിപ്പിച്ചത്. ഇത് ശ്രീലങ്കയുടെ ഡ്രസിങ് റൂമില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമായിരുന്നെന്നും മൈതാനത്തിലേക്ക് എത്തിക്കാന്‍ പാടില്ലായിരുന്നുവെന്നും അഭിപ്രായപ്പെട്ട് മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.

തുടര്‍ തോല്‍വികളില്‍ നാണംകെട്ട് ശ്രീലങ്ക
ജയസൂര്യ, സംഗക്കാര്‍, ജയവര്‍ധന, ചാമിന്ദ വാസ്, മുരളീധരന്‍ ഇങ്ങനെ ഇതിഹാസങ്ങളുടെ വലിയ പട്ടിക തന്നെ ശ്രീലങ്കന്‍ ക്രിക്കറ്റിന് അവകാശപ്പെടാനാവും. അന്ന് ഏവരും ഭയപ്പെട്ടിരുന്ന ശ്രീലങ്ക ഇന്ന് ടി20 ലോകകപ്പ് കളിക്കാന്‍ യോഗ്യതാ മത്സരം കളിക്കേണ്ട അവസ്ഥയിലേക്കെത്തി. ഈ വര്‍ഷം കളിച്ച 12 ടി20യില്‍ 10ലും ശ്രീലങ്ക തോറ്റു. ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ്ണ തോല്‍വി ഏറ്റുവാങ്ങി നാട്ടിലിറങ്ങിയ ശ്രീലങ്ക ഏകദിന പരമ്പര കൈവിട്ടു. ഇനി ടി20 പരമ്പരയെങ്കിലും പിടിക്കാനായാല്‍ വലിയ നാണക്കേടില്‍ നിന്ന് രക്ഷപെടാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications