ചെന്നൈ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ജയത്തിന് കാരണമായത് ദീപക് ചഹാറെന്ന പേസ് ഓള്‍റൗണ്ടറാണ്. പ്രമുഖരെല്ലാം പാതിവഴിയില്‍ മടങ്ങിയപ്പോഴും കളം നിറഞ്ഞ് കളിച്ച ദീപക് 82 പന്തില്‍ 7 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 69* റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതെ ദീപക് കളിച്ച തകര്‍പ്പന്‍ ഇന്നിങ്‌സോടെ മൂന്ന് മത്സര ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ വളര്‍ന്നുവന്ന താരമാണ് ദീപക്. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണിയുടെ പങ്കും വിസ്മരിക്കാനാവുന്നതല്ല. ദീപക് ഇന്ത്യയുടെ വിജയ ശില്‍പ്പിയായതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ധോണി ആരാധകര്‍ ദീപകിന് ആശംസകള്‍ നേരുകയാണ്. 'തല നിന്നെയോര്‍ത്ത് അഭിമാനിക്കും' എന്നാണ് പല ആരാധകരും കമന്റ് ചെയ്തിരിക്കുന്നത്.

സിഎസ്‌കെയില്‍ ധോണിക്ക് കീഴില്‍ കളിച്ചപ്പോള്‍ ലഭിച്ച ആത്മവിശ്വാസമാണ് ദീപകിനെ മികച്ച പ്രകടനം നടത്താന്‍ സഹായിച്ചതെന്നാണ് ധോണി ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ദീപക് ധോണിയെപ്പോലെ ഫിനിഷറാണെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. സിഎസ്‌കെയില്‍ ന്യൂബോളിലെ ധോണിയുടെ വിശ്വസ്തനാണ് ദീപക്. പലപ്പോഴും പവര്‍പ്ലേയിലെ മൂന്ന് ഓവറുകള്‍ വരെ ധോണി ദീപകിനെക്കൊണ്ട് പന്തെറിയിപ്പിക്കാറുണ്ട്.
ദീപകും ബാറ്റിങ് കരുത്ത് തെളിയിച്ചതോടെ സിഎസ്‌കെയുടെ പ്ലേയിങ് 11നെ എല്ലാവരും മികച്ച ബാറ്റ്‌സ്മാന്‍മാരാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തത്. ജഡേജ,സാം കറാന്‍,ഡ്വെയ്ന്‍ ബ്രാവോ,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം നേരത്തെ തന്നെ ബാറ്റിങ് മികവ് തെളിയിച്ചവരാണ്. ടീമിലെ 11ാമനാണ് ദീപക്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലൂടെ താനും ബാറ്റ്‌സ്മാനാണെന്ന് ദീപക് തെളിയിച്ചിരിക്കുകയാണ്.
എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാനറിയാവുന്ന ഒരു മികച്ച ബൗളറെ ഇന്ത്യക്ക് ആവിശ്യമായിരുന്നു. ഈ പ്രകടനത്തോടെ ദീപക് ചഹാര്‍ ആ റോളിലെ തന്റെ യോഗ്യത തെളിയിച്ചിരിക്കുകയാണെന്ന് ഹര്‍ഷെ ബോഗ്‌ലെ ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിനൊപ്പവും നേരത്തെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ദീപകിന് സാധിച്ചിരുന്നു.
അഞ്ച് ഏകദിനത്തില്‍ നിന്ന് 87 റണ്‍സും ആറ് വിക്കറ്റും 13 ടി20യില്‍ നിന്ന് 1 റണ്‍സും 18 വിക്കറ്റും 55 ഐപിഎല്ലില്‍ നിന്ന് 78 റണ്‍സും 53 വിക്കറ്റുമാണ് ദീപകിന്റെ പേരിലുള്ളത്.