കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ പരമ്പര ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മത്സരം ഇന്ത്യ ജയിച്ചതിനാല്‍ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ് ഇന്ത്യ. അതിനാല്‍ത്തന്നെ ഇന്ന് ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. ആദ്യ മത്സരത്തിലെ പ്രകടനത്തില്‍ നിന്ന് ഇന്ത്യ അനായാസമായിത്തന്നെ പരമ്പര സ്വന്തമാക്കുമെന്നാണ് തോന്നുന്നത്.
ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ അതിശക്തരായ യുവതാരങ്ങളുണ്ട്. എല്ലാവരും തന്നെ ഫോമിലാണെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നത്. രണ്ടാം ഏകദിനത്തില്‍ മറ്റൊരു ചരിത്ര റെക്കോഡും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഒരു ടീമിനെതിരേ ഏറ്റവും കൂടുതല്‍ ഏകദിന ജയം നേടുന്ന ടീമെന്ന റെക്കോഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. പാകിസ്താന്റെയും ഓസ്‌ട്രേലിയയുടെയും പേരിലുള്ള 92 ജയങ്ങളെന്ന റെക്കോഡിനെയാണ് ഇന്ത്യ മറികടക്കാനൊരുങ്ങുന്നത്. പാകിസ്താന്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് 92 ജയങ്ങള്‍ നേടിയത്. അതേ സമയം ഓസ്‌ട്രേലിയ ന്യൂസീലന്‍ഡിനെതിരെയാണ് 92 ജയങ്ങള്‍ സ്വന്തമാക്കിയത്.

സീനിയര്‍ താരങ്ങളുടെ അഭാവത്തിലിറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് ആദ്യ ഏകദിനത്തില്‍ നേടിയത്. 80 പന്തുകള്‍ ബാക്കിനിര്‍ത്തി ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ശിഖര്‍ ധവാനും അരങ്ങേറ്റ താരം ഇഷാന്‍ കിഷനും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവും പൃഥ്വി ഷായും അതിവേഗത്തില്‍ റണ്‍സുയര്‍ത്തി മികവ് കാട്ടി.
ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനമാണ് അല്‍പ്പം നിരാശയുണ്ടാക്കിയത്. സീനിയര്‍ താരം ഭുവനേശ്വര്‍ കുമാര്‍ ആദ്യ മത്സരത്തില്‍ നിറം മങ്ങി. ഹര്‍ദിക് പാണ്ഡ്യ ബൗളിങ് പുനരാരംഭിച്ചത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന കാര്യമായിരുന്നെങ്കിലും ഡെത്ത് ഓവറില്‍ അദ്ദേഹത്തെക്കൊണ്ട് പന്തെറിയിക്കാനുള്ള ധവാന്റെ തീരുമാനം പിഴച്ചു. അവസാന രണ്ടോവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി തല്ലുവാങ്ങി.
സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചഹാലും ഏറെ നാളുകള്‍ക്ക് ശേഷം ഒന്നിച്ച് കളിച്ചപ്പോള്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഇരുവരും തിളങ്ങി. എന്നാല്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടിയില്ല. അതേ സമയം ക്രുണാല്‍ പാണ്ഡ്യ മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. നാലാം നമ്പറില്‍ മനീഷ് പാണ്ഡെയ്ക്ക് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ല. രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയാല്‍ അദ്ദേഹത്തിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും.