IND vs SL: ലങ്ക അടപടലം എറിഞ്ഞിട്ട ഇന്ത്യൻ മധ്യനിര ശരിക്കും തോൽവിയോ? അങ്ങനെ അല്ലെന്ന് അഭിഷേക് നായർ, കാരണം
കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിലെ ഞെട്ടിക്കുന്ന തോൽവി ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അതിന്റെ പ്രധാന കാരണം ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണ് ഇത് എന്നതാണ്. ആദ്യ മത്സരത്തിൽ എളുപ്പത്തിൽ ജയിക്കാമായിരുന്നിട്ടും മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടാം ഏകദിനത്തിൽ അനിവാര്യമായ തോൽവി ഇന്ത്യയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നു.
അതിന് പിന്നാലെ ഇന്ത്യൻ ടീമിന്റെ മധ്യനിരയുടെ മോശം പ്രകടനത്തെ കുറിച്ച് നിരവധി പേരാണ് വിമർശനവുമായി രംഗത്ത് വരുന്നത്. ഗംഭീറിന്റെ ടീം സെലക്ഷൻ തന്നെ പാളിപോയെന്നും പലരും പരാതിപ്പെടുന്നുണ്ട്. അതിനാവട്ടെ കൃത്യമായ കാരണങ്ങൾ ഉണ്ട് താനും. സീനിയർ താരമായ കെഎൽ രാഹുലും ശിവം ദുബെയും സംപൂജ്യരായാണ് മത്സരത്തിൽ മടങ്ങിയത്.

ശേഷിക്കുന്നവരിൽ അക്‌സർ പട്ടേൽ ഒഴികെ മറ്റാർക്കും ഒന്ന് പിടിച്ചു നിൽക്കാൻ പോലും കഴിഞ്ഞില്ലെന്നതാണ് കൗതുകകരമായ കാര്യം. ശ്രേയസ് അയ്യർ കേവലം ഏഴ് റൺസ് മാത്രമെടുത്ത് പുറത്തായപ്പോൾ അക്‌സർ ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ ഈ സംഭവ വികാസങ്ങൾക്ക് ഇടയിലും ടീം കോംബിനേഷനെ ന്യായീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സഹപരിശീലകനായ അഭിഷേക് നായർ.
അഭിഷേക് നായർ പറയുന്നത് ഇങ്ങനെ
ഇന്ത്യയുടെ മധ്യനിരയെ ഒരുക്കിയത് നന്നായി ചിന്തിച്ചു തന്നെയാണെന്നും അതൊരു നല്ല തന്ത്രമായിരുന്നു എന്നുമാണ് അഭിഷേക് പറയുന്നത്. മത്സരശേഷമുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അഭിഷേകിന്റെ പ്രതികരണം. കൃത്യമായ ചിന്താഗതി തന്നെയായിരുന്നു ഇതെന്നാണ് അദ്ദേഹം പറയുന്നത്, എന്നാൽ അത് പരാജയപ്പെടുമ്പോൾ ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണെന്നും അഭിഷേക് നായർ വ്യക്തമാക്കി.
മധ്യനിരയിൽ ഇടത്-വലത് കോംബിനേഷൻ കൃത്യമായി നിലനിർത്താനാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയതെന്ന് അദ്ദേഹം പറയുന്നു. ഇത്തവണ പരാജയപ്പെട്ടെങ്കിലും തുടർന്നും ഇതേ നിലയിൽ തന്നെ ടീമിനെ ഒരുക്കുമെന്ന സൂചനയും അഭിഷേക് നായരുടെ വാക്കുകളിൽ പ്രകടമായിരുന്നു. അതിന്റെ കാരണവും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ലങ്കൻ നിരയിൽ ഓഫ് സ്‌പിന്നർമാരും ലെഗ് സ്‌പിന്നർമാരും ഒരുപോലെ ഉണ്ടെന്നതാണ് ഇതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
തോൽവിയിൽ ഞെട്ടൽ ഉണ്ടെങ്കിലും അതൊരിക്കലും അപ്രതീക്ഷിതമായിരുന്നില്ലെന്ന് അഭിഷേക് നായർ പറയുന്നു. എന്തെന്നാൽ ശ്രീലങ്കയ്ക്ക് ഏത് നിമിഷവും മത്സരം മാറ്റി മറിക്കാനുള്ള സാഹചര്യങ്ങൾ അവിടെയുണ്ടായിരുന്നു, വാൻഡർസായുടെ പ്രകടനത്തെ അദ്ദേഹം എടുത്തുപറയുകയും ചെയ്‌തു. നിലവിൽ ടീം നേരിടുന്ന വെല്ലുവിളികളെ മറികടന്ന് കൂടുതൽ കരുത്തോടെ തിരിച്ചു വരുമെന്നും അഭിഷേക് നായർ കൂട്ടിച്ചേർത്തു.
അതേസമയം, വ്യത്യസ്‌തമായ കോംബിനേഷനിലൂടെ ലങ്കയ്ക്ക് ലഭിക്കാവുന്ന മേൽക്കൈ തടയുകയായിരുന്നു ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. എന്നാൽ ബാറ്റിങ് നിരയ്ക്ക് ഔട്ട് ഓഫ് സിലബസായി വന്ന ചോദ്യം പോലെയായിരുന്നു വാൻഡർസായ് എന്ന സ്‌പിന്നർ. മധ്യ ഓവറുകളിൽ താരത്തിന്റെ മുൻപിൽ പലപ്പോഴും ഇന്ത്യൻ ബാറ്റർമാർ പകച്ചുനിൽക്കേണ്ടി വന്നിരുന്നു. ഇതോടെയാണ് ഗംഭീറിന്റെ പരീക്ഷണത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നുവന്നത്.
മധ്യനിരയിൽ താരതമ്യേന പരിചയ സമ്പത്തുള്ള കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർക്കൊപ്പം ഇടംകൈ ബാറ്റർമാരായ ശിവം ദുബെയും അക്‌സർ പട്ടേലുമാണ് കളിച്ചത്. നായകൻ രോഹിത് ശർമ്മ ഒഴികെ മറ്റാർക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ മത്സരത്തിൽ സാധിച്ചില്ല. അക്‌സർ പട്ടേൽ പൊരുതിയെങ്കിലും ലങ്കയെ മറികടക്കാൻ അത് പര്യാപ്‌തമായിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications