കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കുകയാണ്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ ഉറപ്പിച്ചിരിക്കുന്നതാണ്. നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ അവസരം കാത്ത് പുറത്തുള്ളതിനാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
ഇപ്പോഴിതാ മൂന്നാം മത്സരത്തില്‍ ഇന്ത്യ ടീമില്‍ മാറ്റം വരുത്തണമോയെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. നിലവിലെ സാഹചര്യത്തില്‍ ടീമില്‍ മാറ്റത്തിന് സാധ്യതകളില്ലെന്നാണ് ആകാശ് വിലയിരുത്തിയത്. ഇതിന്റെ കാരണങ്ങളും ആകാശ് ചൂണ്ടിക്കാട്ടുന്നുണ്ട്.

'ടീമില്‍ ഒരു മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. ടി20യില്‍ കുല്‍ദീപ് യാദവിനെ കളിപ്പിക്കുന്നില്ലെങ്കില്‍ അവന് മൂന്നാം ഏകദിനത്തില്‍ അവസരം നല്‍കണം. ചഹാലിനെയും എല്ലാം മത്സരത്തിലും കളിപ്പിക്കേണ്ടതായുണ്ട്. ദീപക് ചഹാറിനെ തൊട്ടുകളിക്കരുത്. ഭുവനേശ്വര്‍ കുമാര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. കൂടാതെ പരിക്കിന് ശേഷമാണ് അവന്റെ വരവ്. അതിനാല്‍ത്തന്നെ മാറ്റത്തിന് സാധ്യതകളില്ല.
ഹര്‍ദിക് പാണ്ഡ്യ രണ്ട് മത്സരത്തിലും ഒന്നും ചെയ്തിട്ടില്ല. എന്നാല്‍ അവനെ മൂന്നാം മത്സരത്തിലും കളിപ്പിക്കേണ്ടതായുണ്ട്. ക്രുണാല്‍ പാണ്ഡ്യ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്തുന്നു. മനീഷ് പാണ്ഡെ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഇഷാനും പൃഥ്വിയുമെല്ലാം മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. സൂര്യകുമാര്‍ രണ്ട് മത്സരത്തിലും തിളങ്ങി. ശിഖര്‍ ധവാന്‍ നായകനാണ്. അതിനാല്‍ത്തന്നെ മാറ്റങ്ങള്‍ക്കുള്ള അവസരമില്ല'-ആകാശ് ചോപ്ര പറഞ്ഞു.
എന്നാല്‍ അവസരം കാത്ത് പ്രതിഭാശാലികളായ താരങ്ങള്‍ പുറത്തുള്ളതിനാല്‍ മൂന്നാം മത്സരത്തില്‍ മാറ്റത്തിന് സാധ്യത കൂടുതലാണ്. പൃഥ്വി ഷാക്ക് ടി20 യിലും അവസരം നല്‍കേണ്ടതിനാല്‍ മൂന്നാം മത്സരത്തില്‍ വിശ്രമം നല്‍കി ദേവ്ദത്ത് പടിക്കലിന് ഓപ്പണറായി അരങ്ങേറ്റത്തിന് അവസരമൊരുക്കിയേക്കും. സഞ്ജു സാംസണും ഏകദിന അരങ്ങേറ്റം പ്രതീക്ഷിക്കുന്നു. ഇഷാന്‍ കിഷനെയും ടി20 പരമ്പരക്ക് പരിഗണിക്കുന്നതിനാല്‍ അദ്ദേഹത്തിന് പകരം സഞ്ജു സാംസണിന് അവസരം നല്‍കിയേക്കും.
ടി20 പരമ്പരയില്‍ യുസ്‌വേന്ദ്ര ചഹാലിന് അവസരം നല്‍കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ മൂന്നാം ഏകദിനത്തില്‍ ചഹാലിന് വിശ്രമം നല്‍കി രാഹുല്‍ ചഹാറിനെ പരിഗണിച്ചേക്കും. ടി20യില്‍ വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍,യുസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ക്ക് മാറി മാറി അവസരം നല്‍കിയേക്കും. കുല്‍ദീപ് യാദവിന് ടി20 പരമ്പരയില്‍ അവസരം ലഭിച്ചേക്കില്ല.