INDvSL: സഞ്ജുവോ ഇഷാനോ, ആര് വേണം വിക്കറ്റ് കീപ്പറായി? ആകാശ് ചോപ്ര പറയുന്നു
കൊളംബോ: ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യ അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ നിരയില്‍ പ്രമുഖ സീനിയര്‍ താരങ്ങളില്ല. എന്നാല്‍ പ്രതിഭാശാലികളായ യുവ താരങ്ങളുടെ നീണ്ട നിരയുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട പരമ്പരയാണിത്. രാഹുല്‍ ദ്രാവിഡ് പരിശീലകനായുള്ള പരമ്പരയില്‍ പ്ലേയിങ് 11ല്‍ ഇടം പിടിക്കാന്‍ താരങ്ങള്‍ തമ്മില്‍ വലിയ മത്സരമാണുള്ളത്.
വിക്കറ്റ് കീപ്പറായി ആര് ടീമില്‍ ഇടം പിടിക്കുമെന്നതാണ് ഏറ്റവും കുഴപ്പിക്കുന്ന ചോദ്യം. സഞ്ജു സാംസണ്‍,ഇഷാന്‍ കിഷന്‍ എന്നിവരാണ് അവസരം തേടുന്നത്. ഇരുവരും പ്രതിഭാശാലികളാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സഞ്ജു ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് ഇഷാന്‍ വരവറിയിച്ചത്. ഇപ്പോഴിതാ ശ്രീലങ്കന്‍ പരമ്പരയില്‍ പ്ലേയിങ് 11ല്‍ ഇവരില്‍ ആര് വേണമെന്നത് സംബന്ധിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
'ഉത്തരം പറയാന്‍ വളരെ പ്രയാസമുള്ള ചോദ്യമാണിത്. കാര്യങ്ങള്‍ തീരുമാനിക്കാന്‍ ശിഖര്‍ ധവാനും രാഹുല്‍ ദ്രാവിഡും അവിടെയുണ്ട്. രണ്ട് പേരും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കാനാണ് സാധ്യത. ഇഷാന്‍ കിഷനെക്കുറിച്ച് പറയുകയാണെങ്കില്‍ അവന്‍ ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നന്നായി കളിക്കുന്നവര്‍ക്ക് അതിനനുസരിച്ചുള്ള പരിഗണനകൂടി നല്‍കേണ്ടതായുണ്ട്. സഞ്ജു സാംസണിനും കുറച്ച് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ മിക്ക മത്സരങ്ങളും മുതലാക്കാന്‍ അവനായില്ല. ഇപ്പോഴിതാ വീണ്ടും അവന് അവസരം ലഭിച്ചിരിക്കുകയാണ്'-ആകാശ് ചോപ്ര പറഞ്ഞു.

ടി20 ഫോര്‍മാറ്റില്‍ ഇഷാന് പരിഗണന ലഭിക്കാനാണ് സാധ്യത. എന്നാല്‍ ആദ്യം സഞ്ജു സാംസണിന് അവസരം നല്‍കി പിന്നീട് ഇഷാന്‍ കിഷന് അവസരം നല്‍കുകയോ ചെയ്താല്‍ അതില്‍ നിരാശയോ അത്ഭുതമോ തോന്നില്ലെന്നും ആകാശ് പറഞ്ഞു. സഞ്ജു സാംസണാണ് സീനിയര്‍ താരമെങ്കിലും സ്ഥിരതയുടെ കാര്യത്തില്‍ ഇഷാനാണ് മുന്നില്‍. രണ്ട് പേരും പ്രതിഭാശാലികളാണെങ്കിലും രണ്ട് പേര്‍ക്കും ഒരുമിച്ച് അവസരം ലഭിക്കില്ല. ടോപ് ഓഡറില്‍ അവസരം ലഭിക്കില്ല. അതിനാല്‍ത്തന്നെ മധ്യനിരയിലെ പുതിയ റോള്‍ ഏറ്റെടുക്കേണ്ടതായി വന്നേക്കുമെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
സഞ്ജു സാംസണ്‍ 2021ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ്. മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് ഇഷാന്‍ കിഷന്‍. 2021ലെ ഐപിഎല്‍ ആദ്യ പാദത്തില്‍ ഇഷാന്റെ പ്രകടനം മികച്ചതായിരുന്നില്ല. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയിലും ഐപിഎല്‍ രണ്ടാം പാദത്തിലും തിളങ്ങാനായാല്‍ ഇഷാന് ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ഇടം ലഭിക്കാന്‍ സാധ്യതയേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications