മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര 26ന് ആരംഭിക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര വിജയിക്കുകയെന്ന വലിയ സ്വപ്‌നത്തിലേക്കാണ് ഇന്ത്യയിറങ്ങുന്നത്. ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനാവാത്ത ഇന്ത്യക്ക് ഇത്തവണ സാധ്യതകളേറെയാണ്. വിരാട് കോലിയെന്ന നായകന് കീഴില്‍ വിദേശ പര്യടനങ്ങളില്‍ ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തുന്നതെങ്കിലും ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.
രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളേറെയാണ്. ദക്ഷിണാഫ്രിക്കയ്ക്ക് പഴയ കരുത്തില്ലാത്തതും ഇന്ത്യയുടെ പരമ്പര സാധ്യത ഉയര്‍ത്തുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയെക്കുറിച്ച് തന്റെ പ്രതീക്ഷകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടാനായാല്‍ പിന്നീട് തിരഞ്ഞുനോക്കേണ്ടി വരില്ലെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

'ദക്ഷിണാഫ്രിക്കയിലെ അധിക പേസിലും ബൗണ്‍സിലും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് പറഞ്ഞാല്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് കരുത്താണുള്ളത്. ദക്ഷിണാഫ്രിക്കയുടെ വാലറ്റം വരെ ബാറ്റിങ് ശക്തമാണ്. ടോപ് ഓഡറും മികച്ചതാണ്. രണ്ട് ടീമും ബൗളിങ്ങുകൊണ്ടാണ് പോരാടുകയെന്നാണ് കരുതുന്നത്.
ബാറ്റിങ് കരുത്തുണ്ട്. വാലറ്റം 5-60 റണ്‍സ് നേടാന്‍ കെല്‍പ്പുള്ളവരാണ്. അത്തരമൊരു പ്രകടനമുണ്ടായാല്‍ മത്സരഫലത്തെത്തന്നെയത് മാറ്റിമറിക്കും. ക്വിന്റന്‍ ഡീകോക്ക് രണ്ട് ടെസ്റ്റ് കളിക്കുന്നില്ലെന്നത് ഇന്ത്യക്ക് അനുകൂലമാണ്. ഇന്ത്യയുടെ ബൗളിങ് നിരയെ അത്രത്തോളം ഇഷ്ടപ്പെടുന്ന താരമാണ് ഡീകോക്ക്. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് പിന്നെ അതിരുകളില്ല'-ഗവാസ്‌കര്‍ പറഞ്ഞു.
ഇന്ത്യക്ക് മൂന്ന് മത്സരം മാത്രമാണ് ദക്ഷിണാഫ്രിക്കയില്‍ ജയിക്കാനായത്. 10 മത്സരം തോറ്റപ്പോള്‍ ഏഴ് മത്സരത്തില്‍ സമനില പിടിച്ചു. ഏഴ് തവണ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോഴും ഇന്ത്യക്ക് പരമ്പര നേടാനായില്ല. അതുകൊണ്ട് തന്നെ ഇത്തവണ എന്ത് വിലകൊടുത്തും ഇന്ത്യക്ക് പരമ്പര നേടേണ്ടതായുണ്ട്. അസാധ്യമെന്ന് കരുതിയ ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടാനും ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ ലീഡെടുക്കാനും ഇന്ത്യക്കായി. ഈ മികവ് ദക്ഷിണാഫ്രിക്കയിലും ഇന്ത്യക്ക് ആവര്‍ത്തിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഇന്ത്യക്ക് രണ്ട് സുപ്രധാന താരങ്ങളുടെ അഭാവമുള്ളതുപോലെ ദക്ഷിണാഫ്രിക്കയേയും പരിക്ക് വേട്ടയാടുന്നുണ്ട്. ക്വിന്റന്‍ ഡീകോക്കിനെക്കൂടാതെ സ്റ്റാര്‍ പേസര്‍ ആന്റിച്ച് നോക്കിയേയുടെ അഭാവമാണ് ദക്ഷിണാഫ്രിക്കയെ പ്രതിസന്ധിയിലാക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് അവസാന നിമിഷം നോക്കിയേ പിന്മാറിയത് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ തിരിച്ചടി തന്നെയാണ്. കഗിസോ റബാഡ,ലൂങ്കി എന്‍ഗിഡി എന്നിവര്‍ ദക്ഷിണാഫ്രിക്കയുടെ പേസ് നിരയില്‍ കരുത്ത് പകരുന്നുണ്ട്.
ഡീന്‍ എല്‍ഗര്‍,എയ്ഡന്‍ മാര്‍ക്രം,റാസി വാന്‍ഡെര്‍ ഡൂസന്‍,ടെംബ ബാവുമ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര ഇന്ത്യന്‍ ബൗളിങ് നിരക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ബൗളിങ് നിരയെ നേരിട്ട് വലിയ പരിചയമില്ലാത്തത് തിരിച്ചടിയാവുമോയെന്നത് കണ്ടറിയാം.
ഇന്ത്യയുടെ സീനിയര്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ദക്ഷിണാഫ്രിക്കയില്‍ കളിച്ച് മികവ് തെളിയിച്ചിട്ടുള്ളവരാണ്. എന്നാല്‍ ഇവരുടെ സമീപകാല ഫോം വളരെ മോശമാണ്. കോലിയും രഹാനെയും രണ്ട് സെഞ്ച്വറികള്‍ വീതം ദക്ഷിണാഫ്രിക്കയില്‍ നേടിയപ്പോള്‍ പുജാര ഒരു സെഞ്ച്വറിയും നേടി. അജിന്‍ക്യ രഹാനെയെ ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് തഴയാനാണ് സാധ്യത. പകരം ഹനുമ വിഹാരിയ്ക്ക് അവസരം ലഭിക്കാനാണ് സാധ്യത.