
ഉമ്രാന് മാലിക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും വേഗമേറിയ ഫാസ്റ്റ് ബൗളറായി ഉമ്രാന് മാലിക്ക് മാറിയിരിക്കുകയാണ്. ജമ്മു കാശ്മീരില്‍ നിന്നുള്ള സ്പീഡ് സ്റ്റാര്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി തീപ്പൊരി ബൗളിങാണ് കാഴ്ചവയ്ക്കുന്നത്. ഈ സീസണില്‍ 157 കിമി വേഗത്തില്‍ വരെ ബൗള്‍ ചെയ്ത് ഉമ്രാന് എല്ലാവരെയും വിസ്മയിപ്പിച്ചു കഴിഞ്ഞു.
ഒരു അഞ്ചു വിക്കറ്റ് നേട്ടമുള്‍പ്പെടെ 11 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഉമ്രാനു അവസരം നല്‍കണമെന്നു പല മുന്‍താരങ്ങളും ഇതിനകം ആവശ്യപ്പെട്ടു കഴിഞ്ഞു.

രാഹുല്‍ ത്രിപാഠി
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്നെ മികച്ച ബാറ്റിങ് കാഴ്ചവച്ച വച്ച രാഹുല്‍ ത്രിപാഠിയെ ഇന്ത്യന്‍ ടീമിലെടുക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഈ സീസണില്‍ സണ്‍റൈസൈഴ്സ് ഹൈദരാബാദിനൊപ്പവും ത്രിപാഠി ഉജ്ജ്വല ഫോമിലാണ്. മികച്ച മധ്യനിര ബാറ്ററായ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിനെ ശകതമാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
168 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലാണ് ത്രിപാഠി റണ്‍സ് അടിച്ചുകൂട്ടുന്നത്. ഈ സീസണില്‍ ചുരുങ്ങിയത് 100 റണ്സെങ്കിലുമെടുത്ത ഇന്ത്യന്‍ മധ്യനിര ബാറ്റര്‍മാരില്‍ മറ്റാര്‍ക്കും തന്നെ ഇത്രയും മികച്ചൊരു സ്ട്രൈക്ക് റേറ്റില്ല. ഹൈദരാബാദ് ടീമിലെ മൂന്നാം നമ്പറിനേക്കാള്‍ വേഗത്തിലാണ് ത്രിപാഠി റണ്‍സ് അടിച്ചെടുക്കുന്നത്.

തിലക് വര്‍മ
ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്നാണ് യുവ താരം തിലക് വര്‍മയുടെ പ്രകടനം. ഈ സീസണില്‍ ഐപിഎല്ലില്‍ അരങ്ങേറിയ തിലക് 40 ശരാശരിയില്‍, 132 സ്ട്രൈക്ക് റേറ്റോടെ 368 റണ്‍സ് താരം നേടിയിട്ടുണ്ട്. വളരെ പക്വതയോടെയും ക്ഷമാപൂര്വവുമാണ് തിലക് ബാറ്റ് ചെയ്യുന്നത്. മികച്ച സാങ്കേതികവുള്ള ബാറ്റര്‍ കൂടിയാണ് താരം.
ഇന്ത്യന്‍ ടീമിനു വേണ്ടി തിലക് വൈകാതെ കളികുമെന്ന് മുംബൈ ക്യാപ്റ്റനും ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മയും അടുത്തിടെ പറഞ്ഞിരുന്നു.

രാഹുല്‍ തെവാത്തിയ
ഫിനിഷറുടെ റോളില്‍ ഇന്ത്യന്‍ ടീമിനു ബാക്കപ്പായി ഉയര്‍ത്തിക്കൊണ്ടുവരാവുന്ന താരമാണ് രാഹുല്‍ തെവാത്തിയ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനായി ഫിനിഷറായി കസറുകയാണ് താരം. ഭാവിയില്‍ ഇന്ത്യന്‍ ടീമിനു തീര്‍ച്ചയായും മുതല്‍ക്കൂട്ടായി മാറാന്‍ സാധ്യതയുള്ള താരമെന്നാണ് തെവാത്തിയ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നേരത്തേ രാജസ്ഥാന് റോയല്‍സിനൊപ്പവും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഈ സീസണില്‍ ടൈറ്റന്‍സിനെ നിരവധി മല്‍സരങ്ങളിലാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ തെവാത്തിയ രക്ഷിച്ചിട്ടുള്ളത്. 149 സ്ട്രൈക്ക് റേറ്റോടെ 215 റണ്‍സ് താരം നേടിയിട്ടുണ്ട്.

മുകേഷ് ചൗധരി
ചെന്നൈ സൂപ്പര്‍ കിങ്സ് ഫാസ്റ്റ് ബൗളര്‍ മുകേഷ് ചൗധരിയാണ് ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീഴാനിടയുള്ള മറ്റൊരാള്‍. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ താരം പവര്‍പ്ലേ ഓവറുകളില്‍ ഉജ്ജ്വലമായി പന്തെറിയുകയും വിക്കറ്റുകളെടുക്കുകയും ചെയ്തിരുന്നു.
11 മല്‍സരങ്ങളില്‍ നിന്നും 16 വിക്കറ്റുകള്‍ ചൗധരി ഇതിനകം നേടിക്കഴിഞ്ഞു. പരിക്കുകാരണം ഈ സീസണ് നഷ്ടമായ ദീപക് ചാഹറിന്റെ അഭാവത്തില്‍ അവസരം ലഭിച്ച ചൗധരി ഇതു നന്നായി മുതലെടുക്കുകയും ചെയ്തിരിക്കുകയാണ്.