
ടീം കോമ്പിനേഷന്‍
വളരെ ശക്തമായ ടീമിനെയാണ് സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായി ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന് കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്. പുതിയ നിശ്ചിത ഓവര്‍ ടീം രോഹിത് ശര്‍മയുടെ അഭാവം മാറ്റിനിര്‍ത്തിയാല്‍ നേരത്തേ പ്രതീക്ഷിക്കപ്പെട്ടവരെല്ലാം തന്നെ ടീമിലിടം നേടിയിട്ടുണ്ട്. പൂര്‍ണ ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാത്തതിനാലാണ് രോഹിത്തിനു പരമ്പരയില്‍ വിശ്രമം നല്‍കിയത്. പകരം രാഹുലിനു നായകനായി നറുക്കുവീഴുകയായിരുന്നു. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയണ് പുതിയ വൈസ് ക്യാപ്റ്റന്‍.
രോഹിത്തിന്റെ അഭാവത്തില്‍ രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി പരിചയസമ്പന്നനായ ശിഖര്‍ ധവാന് കളിച്ചേക്കും. മികച്ച ഫോമിലുള്ള യുവതാരം റുതുരാജ് ഗെയ്ക്വാദ് ടീമിലുണ്ടെങ്കിലും ധവാനു പ്രഥമ പരിഗണന ലഭിക്കാനാണ് സാധ്യത. സമീപകാലത്തു അത്ര മികച്ച ഫോമിലല്ലാത്ത ധവാനു താളം വീണ്ടെടുത്ത് ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്.
മൂന്നാം നമ്പറില്‍ കോലിയും തുടര്‍ന്ന് സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് എന്നിവരും ഇറങ്ങാനാണ് സാധ്യത. ശ്രേയസ് അയ്യരും മധ്യനിരയിലേക്കു സ്ഥാനത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. സൂര്യയും ശ്രേയസും തമ്മിലായിരിക്കും നാലാം നമ്പറിനായി മല്‍സരം.

രണ്ടു സ്പിന്നര്‍മാര്‍?
പേസ് ബൗളിങിനെ പിന്തുണയ്ക്കാണ് പിച്ചെങ്കിലും ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ കളിപ്പിക്കുമെന്നാണ് വിവരം. ആര് അശ്വിനും യുസ്വേന്ദ്ര ചഹലുമായിരിക്കും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുക. വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറയ്ക്കൊപ്പം ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍ എന്നിവര്‍ പേസ് ബൗളിങും കൈകാര്യം ചെയ്തേക്കും.
ബാറ്റിങിന് കൂടുതല്‍ ആഴം നല്കാന് ഇന്ത്യ തീരുമാനിക്കുകയാണെങ്കില്‍ അശ്വിന്, ചഹല്‍ എന്നിവരിലൊരളെ പുറത്തിരുത്തി സീം ബൗളിങ് ഓള്‍റൗണ്ടറായ ശര്‍ദ്ദുല്‍ ടാക്കൂര്‍ ടീമിലേക്കു വന്നേക്കും.

വെങ്കടേഷിന് അരങ്ങേറ്റം
കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലായ മധ്യപ്രദേശില്‍ നിന്നുള്ള പേസ് ബൗളിങ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യരുടെ ഏകദിന അരങ്ങേറ്റത്തിനാവും ഈ പരമ്പര സാക്ഷിയാവുക. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ ഐപിഎല്‍ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതോടെയാണ് വെങ്കടേഷ് താരപദവിയിലേക്കുയര്‍ന്നത്. ഇതേ തുടര്‍ന്നു ടി20 ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി29 പരമ്പയിലൂടെ വെങ്കടേഷ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുകയും ചെയ്തിരുന്നു.
കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനായി നടത്തിയ മികച്ച പ്രകടനമാണ് അദ്ദേഹത്തിന് സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇടം ലഭിക്കാനുള്ള കാരണം. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ അദ്ദേഹത്തിനു ടീമില്‍ സ്ഥാനം ലഭിക്കുമെന്നു ഉറപ്പാവുകയും ചെയ്തിരിക്കുകയാണ്.

കണക്കുകളില്‍ സൗത്താഫ്രിക്ക
ഏകദിനത്തില്‍ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ഇന്ത്യക്കെതിരേ സൗത്താഫ്രിക്കയ്ക്കാണ് മുന്‍തൂക്കം. 86 തവണയാണ് ഇന്ത്യയും സൗത്താഫ്രിക്കയും ഇതുവരെ ഏകദിനത്തില്‍ കൊമ്പുകോര്‍ത്തത്. ഇതില്‍ സൗത്താഫ്രിക്ക 46 മല്‍സരങ്ങളില്‍ വിജയം നേടിയപ്പോള്‍ 35 എണ്ണത്തിലാണ് ഇന്ത്യക്കു വിജയിക്കാനായത്. 2020 മാര്‍ച്ചിലായിരുന്നു അവസാനമായി ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നത്. ഈ മല്‍സരം പക്ഷെ ഒരോവര്‍ പോലും ബൗള്‍ ചെയ്യാനാവാതെ ഉപേക്ഷിക്കപ്പെട്ടു. കൊവിഡ് ഭീഷണിയെ തുടര്‍ന്ന് ഏകദിന പരമ്പരയും പിന്നാലെ റദ്ദാക്കിയിരുന്നു.

സാധ്യതാ ഇലവന്
ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, വിരാട് കോലി, സൂര്യകുമാര്‍ യാദവ്/ ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍/ ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര് അശ്വിന്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍.
സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മര്‍ക്രാം, ജന്നെമന്‍ മലാന്, ടെംബ ബവുമ (ക്യാപ്റ്റന്‍), റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ഡേവിഡ് മില്ലര്‍, കേശവ് മഹാരാജ്, ആന്‍ഡില്‍ ഫെലുക്വായോ, കാഗിസോ റബാഡ, തബ്രെയ്സ് ഷംസി/ മാര്‍ക്കോ യാന്സണ്, ലുംഗി എന്‍ഗിഡി.