IND vs SA: തൂത്തുവാരല്‍ തടയുമോ ഇന്ത്യ? ടീമില്‍ മാറ്റങ്ങളുറപ്പ്- രാഹുലിന് അഗ്നിപരീക്ഷ

കേപ്ടൗണ്‍: സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ തൂത്തുവാരലെന്ന നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിന് ഇറങ്ങുന്നു. ഞായറാഴ്ച കേപ്ടൗണിലാണ് അവസാന അങ്കം. കഴിഞ്ഞ രണ്ടു മല്‍സരങ്ങൡലും ദയനീയമായി തോറ്റതിനാല്‍ പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനും ഇതു അഗ്നിപരീക്ഷയാണ്. തന്റെ ക്യാപ്റ്റന്‍സി ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ ഈ മല്‍സരമെങ്കിലും അദ്ദേഹത്തിനു വിജയിച്ചേ തീരൂ.

ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് ടോസ്. മല്‍സരം രണ്ടു മണിക്ക് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും കളി തല്‍സമയം കാണാന്‍ കഴിയും.

ഇന്ത്യയെ സംബന്ധിച്ച് ഇനിയൊരു തോല്‍വിയെന്നത് താങ്ങാവുന്നതിലുമപ്പുറമാണ്. അതുകൊണ്ടു തന്നെ എന്തു വില കൊടുത്തും അവസാന കളിയില്‍ ജയിച്ച് മാനംകാക്കേണ്ടതുണ്ട്. രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ പാളിച്ചകള്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ ഇന്ത്യക്കു തിരിച്ചടിയായിരുന്നു. എങ്കിലും ആദ്യ ഏകദിനത്തെ അപേക്ഷിച്ച് കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നായകനെന്ന നിലയില്‍ രണ്ടാം ഏകദിനത്തില്‍ അദ്ദേഹം പുറത്തെടുത്തിരുന്നു. അവസാന മല്‍സരത്തില്‍ ക്യാപ്റ്റന്‍സി ഇനിയും മെച്ചപ്പെടുത്താമെന്ന ശുഭപ്രതീക്ഷയിലാണ് അദ്ദേഹം.

കഴിഞ്ഞ രണ്ടു മല്‍സരങ്ങളും ഇന്ത്യ ഒരേ പ്ലെയിങ് ഇലവനെയാണ് പരീക്ഷിച്ചത്. എന്നാല്‍ മൂന്നാം ഏകദിനത്തിലും ഇന്ത്യ ഇതേ ടീമിനെത്തന്നെ നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. ഒന്നില്‍ക്കൂടുതല്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കാം

മധ്യനിരയില്‍ മോശം ഫോം തുടരുന്ന ശ്രേയസ് അയ്യരാണ് പുറത്താവാന്‍ സാധ്യതയുള്ള ഒരാള്‍. പകരം സൂര്യകുമാര്‍ യാദവ് ടീമിലേക്കു വന്നേക്കും. ബൗളിങില്‍ കഴിഞ്ഞ രണ്ടു മല്‍സരങ്ങൡും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയ ഭുവനേശ്വര്‍ കുമാറിനു പകരം ദീപക് ചാഹര്‍ കളിക്കുമെന്നാണ് സൂചന. മുഹമ്മദ് സിറാജിന്റെ പേരും പരിഗണനയിലുണ്ട്.

പരമ്പരയില്‍ ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത റുതുരാജ് ഗെയ്ക്വാദിനെ ഇന്ത്യ കളിപ്പിക്കുമോയെന്നും ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നുണ്ട്. ശിഖര്‍ ധവാന്റെ ഓപ്പണിങ് പങ്കാളിയായി റുതുരാജിനെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്. ഇങ്ങനെ വന്നാല്‍ ക്യാപ്റ്റന്‍ രാഹുലിന് മധ്യനിരയിലേക്കു മാറേണ്ടി വരും. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയില്‍ വലിയ മാറ്റം വന്നിട്ടുള്ളതായി കാണാം. കൂടുതല്‍ ഡിഫന്‍സിവായിട്ടാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും രാഹുല്‍ ബാറ്റ് ചെയ്തത്. നേരത്തേ ഇന്ത്യക്കു വേണ്ടി മധ്യനിരയിലും ഇറങ്ങി മികച്ച പ്രകടനം നടത്തിയിട്ടുള്ളതിനാല്‍ അദ്ദേഹത്തെ സംബന്ധിച്ച് ബാറ്റിങ് പൊസിഷന്‍ മാറുന്നത് വലിയ തിരിച്ചടിയാവാനിടയില്ല.

പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും ഇന്ത്യയേക്കാള്‍ എല്ലാ തരത്തിലും ഒരുപടി മുന്നിലായിരുന്നു സൗത്താഫ്രിക്ക. കടലാസില്‍ ഇന്ത്യയാണ് കരുത്തരെങ്കിലും സൗത്താഫ്രിക്ക എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന പ്രകടനമാണ് നടത്തിയത്. അവസാന ഏകദിനവും ജയിച്ച് ഇന്ത്യക്കു മേലുള്ള ആധിപത്യം ഒന്നുകൂടി അരക്കിട്ടുറപ്പിക്കാനായിരിക്കും ഇനി സൗത്താഫ്രിക്കയുടെ ശ്രമം. 2018-19ലെ കഴിഞ്ഞ പര്യടനത്തില്‍ ഇന്ത്യയോടു ഏകദിന പരമ്പരയിലേറ്റ 1-5ന്റെ വന്‍ തോല്‍വിക്കു അവര്‍ കണക്കുതീര്‍ക്കുകയായിരുന്നു.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/ സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍/ ദീപക് ചാഹര്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, സിസാന്‍ഡ മംഗാല/ മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, തബ്രെയ്‌സ് ഷംസി, ലുംഗി എന്‍ഗിഡി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, January 22, 2022, 13:12 [IST]
Other articles published on Jan 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X