മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ലഭിച്ചത് സ്വപ്‌ന തുല്യമായ തുടക്കമാണെന്ന് പറയാം. സെഞ്ച്വൂറിയനില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ കരുതലോടെ ബാറ്റുവീശിയപ്പോള്‍ ആദ്യ ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 272 എന്ന മികച്ച നിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ സ്വപ്‌ന തുല്യ തുടക്കത്തിനിടയിലും ആരാധകരെ നിരാശപ്പെടുത്തിയത് വിരാട് കോലിയുടെ പുറത്താകലായിരുന്നു. 94 പന്തുകള്‍ നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 35 റണ്‍സ് നേടിയ കോലിയെ ലൂങ്കി എന്‍ഗിഡിയാണ് പുറത്താക്കിയത്.
ഓഫ് സ്റ്റംപിന് പുറത്തായി ഒരുക്കിയ കെണിയിലേക്ക് ക്ഷമ നഷ്ടപ്പെട്ട് കോലി ചാടിക്കൊടുത്തുവെന്ന് പറയാം. കോലിയെപ്പോലെ ഇത്രയും അനുഭവസമ്പത്തും പ്രതിഭയുമുള്ള താരത്തിന്റെ ഇത്തരത്തിലുള്ള ഷോട്ട് സെലക്ഷനെതിരെയാണ് ആരാധകര്‍ ചോദ്യമുയര്‍ത്തുന്നത്. ദക്ഷിണാഫ്രിക്കയിലെ വേഗ പിച്ചില്‍ അതി സാഹസമെന്ന് വിളിക്കാവുന്ന ഷോട്ട് കളിച്ചാണ് കോലിയുടെ പുറത്താകല്‍. മികച്ച തുടക്കത്തെ അര്‍ധ സെഞ്ച്വറിയെങ്കിലുമാക്കാനുള്ള ക്ഷമ നായകനായ കോലിയില്‍ നിന്നുണ്ടായില്ലെന്നതാണ് വസ്തുത.

ഇപ്പോഴിതാ കോലിയുടെ പുറത്താകലിനെ വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറായ അജിത് അഗാര്‍ക്കര്‍. 'ഉള്ളിലേക്കെത്തുന്ന പന്തുകളില്‍ വിരാട് കോലിക്ക് ആ പ്രശ്‌നമുണ്ടെന്നാണ് കരുതുന്നത്. എന്‍ഗിഡി കോലിക്കെതിരേ എല്ലാത്തരം പന്തുകളും പ്രയോഗിച്ചു. ആദ്യ സ്‌പെല്ലില്‍ ഓഫ് സ്റ്റംപിലാണ് എന്‍ഗിഡി ആക്രമിച്ചത്. പിന്നീട് അല്‍പ്പം കൂടി വൈഡായി എറിഞ്ഞു. കോലിയെ വളരെ അപകടകാരിയായി മാറുന്നതിന് മുമ്പ് പുറത്താക്കാന്‍ ബൗളറും നായകനും ചേര്‍ന്നൊരുക്കിയ തന്ത്രം അഭിനന്ദനം അര്‍ഹിക്കുന്നതാണ്'-അജിത് അഗാര്‍ക്കര്‍ പറഞ്ഞു.
സ്റ്റംപിന് ആക്രമിക്കുമ്പോള്‍ കോലി കൂടുതല്‍ മികവ് കാട്ടിയതോടെയാണ് ഓഫ് സ്റ്റംപിന് പുറത്ത് വൈഡ് പന്തുകളുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ കോലിയെ പരീക്ഷിച്ചത്. നിലയുറപ്പിച്ചതിനാല്‍ത്തന്നെ ആത്മവിശ്വാസത്തിലായിരുന്ന കോലി ഈ ചതിക്കുഴിയില്‍ വീണു. വൈഡ് പന്തില്‍ ബാറ്റുവെച്ച് കോലി വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. തന്റെ വിക്കറ്റ് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് കോലിക്കറിയാമായിരുന്നെങ്കിലും അതിനൊത്ത ക്ഷമ കാട്ടിയില്ല.
കോലിയെ കുരുക്കിയ എന്‍ഗിഡിയുടെ തന്ത്രത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കലും പ്രശംസിച്ചു. 'ഓഫ് സ്റ്റംപിന് പുറത്ത് അല്‍പ്പം ബൗണ്‍സായിരുന്നു പന്ത്. ഇത് ക്ഷമയുടെ മത്സരമാണ്. ലൂങ്കി എന്‍ഗിഡി വൈഡ് പന്തുകളെറിഞ്ഞ് കോലിയെ ഇതിലേക്ക് വലിച്ചിടുകയായിരുന്നു. കോലി സ്‌കോര്‍ നേടാന്‍ ശ്രമിക്കുമെന്നറിയുന്നതിനാലാണ് ഇത്തരമൊരു തന്ത്രം മെനഞ്ഞത്. കോലി വളരെ അപകടകാരിയായാണ് ക്രീസില്‍ നിന്നത്. അവന്റെ ശരീരഭാഷ വളരെ പോസിറ്റീവായിരുന്നു. കോലിയുടെ വിക്കറ്റ് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വളരെ വിലപ്പെട്ടത് തന്നെയാണ്'-മോണി മോര്‍ക്കല്‍ പറഞ്ഞു.
കെ എല്‍ രാഹുലിന്റെ സെഞ്ച്വറിയാണ് ഇന്ത്യക്ക് അടിത്തറ പാകിയത്. 248 പന്തുകള്‍ നേരിട്ട് 122 റണ്‍സുമായി രാഹുല്‍ ക്രീസിലുണ്ട്. 17 ഫോറും ഒരു സിക്‌സുമാണ് രാഹുല്‍ നേടിയത്. മായങ്ക് അഗര്‍വാള്‍ 60 റണ്‍സെടുത്ത് പുറത്തായി. ഒമ്പത് ബൗണ്ടറിയാണ് മായങ്ക് നേടിയത്. ചേതേശ്വര്‍ പുജാര ഗോള്‍ഡന്‍ ഡെക്കായി. അജിന്‍ക്യ രഹാനെ 40 റണ്‍സുമായി ക്രീസിലുണ്ട്. രണ്ടാം ദിനം മഴമൂലം മത്സരം തടസപ്പെടുകയാണ്.
സെഞ്ച്വൂറിയനില്‍ ഇന്ത്യ പ്രതീക്ഷിച്ചതിലും മികച്ച തുടക്കം തന്നെയാണ് ലഭിച്ചത്. രാഹുല്‍-രഹാനെ കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. മഴയുള്ളതിനാല്‍ രണ്ടാം ദിനം ഉപേക്ഷിക്കാനാണ് സാധ്യത. മൂന്നാം ദിനത്തിലേക്കും മഴ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നതാണ് വസ്തുത. ഇത്തവണ ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.