കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പര 25ന് ആരംഭിക്കുകയാണ്. മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ടെസ്റ്റ് പരമ്പരയും വൈറ്റ് വാഷ് ലക്ഷ്യമിടുമ്പോള്‍ ടെസ്റ്റ് പരമ്പരയിലൂടെ ടി20 തോല്‍വിക്ക് കണക്കുവീട്ടാനുറച്ചാവും ന്യൂസീലന്‍ഡിറങ്ങുക. കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ ടെസ്റ്റ് പരമ്പരയിലൂടെ തിരിച്ചെത്തുമ്പോള്‍ സന്ദര്‍ശകര്‍ അതി ശക്തരായി മാറും. ഇന്ത്യയും ശക്തമായ താരനിരയുമായാണ് ഇറങ്ങുന്നത്.
കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവര്‍ ആദ്യ മത്സരത്തിനില്ലെങ്കിലും ഇന്ത്യ കരുത്തുറ്റ നിരയാണ്. അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍. രണ്ടാം ടെസ്റ്റിലൂടെ വിരാട് കോലി തിരിച്ചെത്തും. നിരവധി യുവതാരങ്ങളാണ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇതില്‍ പ്രധാന താരങ്ങളിലൊരാള്‍ ശുഭ്മാന്‍ ഗില്ലാണ്. ഓപ്പണിങ്ങിലെ ഇന്ത്യയുടെ വിശ്വസ്തനായി ശുഭ്മാന്‍ ഗില്‍ ലഭിച്ച അവസരങ്ങളിലെല്ലാം തിളങ്ങുകയും ചെയ്തു.
ഇപ്പോഴിതാ ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറാക്കേണ്ട മധ്യനിരയില്‍ കളിപ്പിക്കുന്നതാണ് ടീമിന് കൂടുതല്‍ ഗുണം ചെയ്യുകയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സെലക്ടറായ ജതിന്‍ പരാഞ്ച്‌പെ. 'ടീമിന്റെ നിലവിലെ താരങ്ങളുടെ ബാറ്റിങ് പൊസിഷന്‍ ടീമിനെ വലിയ തോതില്‍ സഹായിക്കുമെന്ന് കരുതുന്നില്ല. ശുഭ്മാന്‍ ഗില്‍ മധ്യനിരയില്‍ കളിക്കുന്നത് ടീമിനെ സഹായിച്ചേക്കും.
എന്നാല്‍ വിദേശ പര്യടനങ്ങളിലെ ബാറ്റിങ് പൊസിഷനില്‍ നിന്ന് ഇന്ത്യ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് കരുതുന്നില്ല. ഓപ്പണിങ്ങിലും മധ്യനിരയിലും മാറ്റം കാണുന്നില്ല. ശുഭ്മാനെ മധ്യനിരയില്‍ കളിപ്പിച്ചാല്‍ തീര്‍ച്ചയായും അത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. നേരത്തെ കരിയറിന്റെ തുടക്കത്തില്‍ കെ എല്‍ രാഹുലും മധ്യനിരയില്‍ ബാറ്റ് ചെയ്ത് തിളങ്ങിയിരുന്നു'- ജതിന്‍ പറഞ്ഞു.

എന്നാല്‍ നിലവിലെ ടീമിന്റെ സാഹചര്യത്തില്‍ ഇത്തരമൊരു മാറ്റം ഇന്ത്യ വരുത്തിയേക്കില്ല. രാഹുല്‍ ആദ്യമത്സരത്തില്ലെന്ന് ഉറപ്പായതിനാല്‍ ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും തന്നെ ഇറങ്ങിയേക്കും. വിരാട് കോലിയുടെ അഭാവം നികത്തി നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കാനാണ് സാധ്യത. ഹനുമ വിഹാരിയുടെ അഭാവം മധ്യനിരയില്‍ ഇന്ത്യക്ക് തിരിച്ചടിയായേക്കും. രക്ഷകനാവാന്‍ റിഷഭ് പന്തും ടെസ്റ്റ് പരമ്പരക്കില്ല.
ശ്രേയസ് അയ്യരെ വളര്‍ത്തിക്കൊണ്ടുവരണമെന്നും ജതിന്‍ പറഞ്ഞു. 'ചേതേശ്വര്‍ പുജാരക്കും അജിന്‍ക്യ രഹാനെക്കും അധികനാള്‍ കളിക്കാനാവുമെന്ന് കരുതുന്നില്ല. അതിനാല്‍ ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍,ശുഭ്മാന്‍ ഗില്‍ എന്നിവരിലൊരാളെ ഇന്ത്യ മധ്യനിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇത്തവണ ശ്രേയസിന് അവസരം നല്‍കിയില്ലെങ്കില്‍ അത് നീതികേടായിരിക്കും'- ജതിന്‍ പറഞ്ഞു.
ശ്രേയസിന് ആദ്യമായാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ സമീപകാല പ്രകടനം വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ അധികനാള്‍ ഇവര്‍ക്ക് പഴയ പ്രകടനത്തിന്റെ പെരുമയില്‍ മുന്നോട്ട് പോകാനാവില്ല. അതുകൊണ്ട് ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തി വളര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇന്ത്യയില്‍ മികച്ച റെക്കോഡുകളാണ് രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ നേടിയത്. തട്ടകത്തില്‍ എതിരാളികളില്ലാതെ മുന്നേറിയ ഇന്ത്യയെ രാഹുല്‍ ദ്രാവിഡ് പരിശീലകനായെത്തുമ്പോള്‍ അതേ നിലവാരത്തില്‍ ടീമിനെ മുന്നോട്ടുകൊണ്ടുപോകാനാവുമോയെന്നാണ് കണ്ടറിയേണ്ടത്. അവസാനമായി ന്യൂസീലന്‍ഡ് ഇന്ത്യയില്‍ പരമ്പര കളിക്കാനെത്തിയപ്പോള്‍ പരമ്പര നേട്ടം ഇന്ത്യക്കായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ടെസ്റ്റ് പരമ്പരയില്‍ ജയം ന്യൂസീലന്‍ഡിനായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ നാണംകെടുത്തിയ ന്യൂസീലന്‍ഡിനോട് വൈറ്റ് വാഷ് ചെയ്ത് പകരം വീട്ടാന്‍ ഇന്ത്യക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.