IND vs NZ Test: 'ഈ പരമ്പരയില്‍ തിളങ്ങിയില്ലെങ്കില്‍ രഹാനെ ടീമിന് പുറത്താവും'- ഹര്‍ഭജന്‍ സിങ്
കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് ഇന്ന് കാണ്‍പൂരില്‍ തുടക്കമാവുകയാണ്. പ്രമുഖരില്ലാതെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെയാണ് നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി ചേതേശ്വര്‍ പുജാരയുമുണ്ട്. വിരാട് കോലിയുടെ അഭാവത്തിലാണ് രഹാനെക്ക് നായകസ്ഥാനം ലഭിച്ചത്. സമീപകാലത്തായി മോശം ഫോമിലായിരുന്നു രഹാനെ. അവസാന ഇംഗ്ലണ്ട് പര്യടനത്തിലെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി.
ഇനി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കില്ലെന്ന് പോലും കരുതിയിരുന്നെങ്കിലും നാട്ടിലെ പരമ്പരയില്‍ രഹാനെയെത്തന്നെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ഇപ്പോഴിതാ ന്യൂസീലന്‍ഡ് പരമ്പര ഏറ്റവും നിര്‍ണ്ണായകം അജിന്‍ക്യ രഹാനെക്കാണെന്നും തിളങ്ങാനാവാത്ത പക്ഷം ടീമില്‍ നിന്ന് അദ്ദേഹം പുറത്താവുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

'വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. അവന്‍ എങ്ങനെ ടീമിലിടം പിടിച്ചുവെന്നത് ചിന്തിക്കുന്നവര്‍ കുറവല്ല. കാരണം സമീപകാലത്തെ അവന്റെ കളിക്കണക്കുകള്‍ വളരെ മോശമാണ്. ഈ വര്‍ഷം 19 മാത്രമാണ് അവന്റെ ശരാശരി. അവന്‍ മികച്ച വ്യക്തിയും പ്രതിഭാശാലിയായ താരവുമാണെന്നതില്‍ സംശയില്ല. എന്നാല്‍ അവന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതല്ല'- ഹര്‍ഭജന്‍ പറഞ്ഞു.
അജിന്‍ക്യ രഹാനെ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനെന്ന നിലയില്‍ ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട താരമാണ്. സമീപകാലത്തെ പ്രകടനം മോശമാണെങ്കിലും ശക്തമായി തിരിച്ചുവരാനുള്ള കരുത്ത് രഹാനെക്കുണ്ട്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്റെ ഉപദേശം രഹാനെക്ക് തിരിച്ചുവരാനുള്ള ഊര്‍ജ്ജം നല്‍കും. സമീപകാലത്ത് ഇന്ത്യ കൂടുതല്‍ കളിച്ചതും വിദേശ മൈതാനത്താണ്. അതിനാല്‍ നാട്ടില്‍ പരമ്പര ലഭിക്കുമ്പോള്‍ രഹാനെക്ക് തിരിച്ചുവരാനുള്ള അവസരമുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

'രോഹിത്തും കോലിയും ദ്രാവിഡുമെല്ലാം രഹാനെയെപ്പോലുള്ള താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ വളരെ മികച്ചതാണ്. അവന് എല്ലാവിധത്തിലും ഇവര്‍ കരുത്ത് പകരുന്നു. ന്യൂസീലന്‍ഡ് പരമ്പരയില്‍ തന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ രഹാനെക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവന് മുന്നോട്ട് ഇനിയും പോകണമെങ്കില്‍ റണ്‍സ് നേടേണ്ടതായുണ്ട്. അവനതിന് സാധിച്ചില്ലെങ്കില്‍ ടീമില്‍ തുടര്‍ന്ന് പോവുക പ്രയാസമാവും. കാരണം സൂര്യകുമാര്‍ യാദവിനെപ്പോലെയുള്ള യുവതാരങ്ങള്‍ ടീമില്‍ അവസരം തേടുകയാണ്'- ഹര്‍ഭജന്‍ പറഞ്ഞു.
രഹാനെക്കും പുജാരക്കും നിര്‍ണ്ണായകമായ പരമ്പരയാണിത്. കാരണം അവസരം കാത്ത് നിരവധി യുവതാരങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ടീമിന്റെ ഭാവി മുന്നില്‍ക്കാണേണ്ടതുണ്ട്. അതിനായി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. രഹാനെക്കും പുജാരക്കും സ്‌കോര്‍ നേടാനാവാത്ത പക്ഷം അവരുടെ സ്ഥാനം അധികം വൈകാതെ തെറിക്കുമെന്നുറപ്പാണ്.

രോഹിത്തും രാഹുലും ഓപ്പണിങ്ങിലേക്ക് തിരിച്ചെത്തിയാല്‍ മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ബെഞ്ചിലിരിക്കേണ്ടി വരും. അതിനാല്‍ രഹാനെ ഫോം ഔട്ടായാല്‍ ശുഭ്മാന്‍ ഗില്ലിനോ മായങ്ക് അഗര്‍വാളിനോ അവസരം ലഭിച്ചേക്കും. കൂടാതെ ശ്രേയസ് അയ്യരും മധ്യനിരയിലേക്ക് അവസരം തേടുന്നുണ്ട്. യുവതാരങ്ങള്‍ സ്ഥിരത കാട്ടിയാല്‍ സീനിയര്‍ താരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും.
അതേ സമയം ന്യൂസീലന്‍ഡിനെതിരേ വലിയ ഉത്തരവാദിത്തമാണ് രഹാനെക്ക് മുന്നിലുള്ളത്. സൂപ്പര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യയെ ഇറക്കി പരമ്പരയില്‍ ജേതാക്കളാക്കുകയെന്നത് എളുപ്പമല്ല. ചേതേശ്വര്‍ പുജാരയിലും രഹാനെയിലുമാണ് ടീമിന്റെ ബാറ്റിങ് പ്രതീക്ഷ. അനുഭവസമ്പന്നരെന്ന നിലയില്‍ ഇവര്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യക്ക് വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനം വരാനിരിക്കെ യുവതാരങ്ങള്‍ക്ക് ശക്തി കാട്ടാനുള്ള അവസരം കൂടിയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications