IND vs NZ Test: നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വേണ്ട, സൂര്യകുമാര്‍ യാദവ് കളിക്കണം, കാരണങ്ങള്‍
കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ട് മത്സര ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കമാവുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് കണക്കുവീട്ടാനുറച്ച് ഇന്ത്യ ഇറങ്ങുമ്പോള്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര എന്ന സ്വപ്‌നവുമായാണ് ന്യൂസീലന്‍ഡിന്റെ വരവ്. മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരി മികച്ച ഫോമിലാണ് ഇന്ത്യയുള്ളത്. എന്നാല്‍ കെയ്ന്‍ വില്യംസനും റോസ് ടെയ്‌ലറും തിരിച്ചെത്തുമ്പോള്‍ കിവീസ് അതി ശക്തരാവും.
ഇന്ത്യന്‍ ടീമില്‍ പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കിയിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരൊന്നുമില്ലാതെ ഇറങ്ങുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അജിന്‍ക്യ രഹാനെ ഇന്ത്യയെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ചേതേശ്വര്‍ പുജാരയാണുള്ളത്.
പ്രമുഖരുടെ അഭാവത്തില്‍ ഇന്ത്യ നിരവധി യുവതാരങ്ങളെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ നാലാം നമ്പറില്‍ ആര് കളിക്കണമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ആദ്യമായി ഇന്ത്യ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ച ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ കെ എല്‍ രാഹുലിന് പകരക്കാരനായി ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നാലാം നമ്പറില്‍ ആര് വേണമെന്നത് സംബന്ധിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെക്കാള്‍ യോഗ്യന്‍ സൂര്യകുമാര്‍ യാദവാണെന്ന് പറയാനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ശൈലി
അമിത പ്രതിരോധത്തിന് മുതിരാത്ത ബാറ്റ്‌സ്മാനാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മോശം ബോളുകളെ ആക്രമിക്കാന്‍ കോലി മടികാട്ടാറില്ല. ഇന്ത്യന്‍ നായകന്റെ അഭാവത്തില്‍ ഈ ശൈലി തന്നെയുള്ള സൂര്യകുമാര്‍ യാദവിനെ പരിഗണിക്കുന്നതാവും ഇന്ത്യക്ക് കൂടുതല്‍ നന്നാവുക. അമിത പ്രതിരോധത്തിന് മുതിരാത്ത താരമാണ് സൂര്യകുമാര്‍. ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ സൂര്യകുമാറിന് സാധിക്കും. അതേ സമയം ശ്രേയസ് അയ്യര്‍ അല്‍പ്പം കൂടി പ്രതിരോധത്തിലൂന്നി കളിക്കുന്ന താരമാണ്. കൂടാതെ തോളിനേറ്റ പരിക്കില്‍ നിന്ന് മോചിതനായിട്ട് ഏറെ നാളുകളായില്ല. അതിനാല്‍ വലിയ ഇന്നിങ്‌സ് കളിക്കുക ശ്രേയസിന് പ്രയാസമായിരിക്കും.

സമീപകാല ഫോം
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് പരമ്പരയിലേക്കും സൂര്യകുമാറിനെ പരിഗണിച്ചിരുന്നെങ്കിലും അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ ഈ പരമ്പരയില്‍ സൂര്യകുമാറിന് അവസരം നല്‍കേണ്ടതായുണ്ട്. കാരണം അദ്ദേഹത്തിന്റെ സമീപകാലം ഫോം വളരെ മികച്ചതാണ്. ഇക്കഴിഞ്ഞ ടി20 പരമ്പരയിലും തിളങ്ങിയ അദ്ദേഹം മുംബൈക്കൊപ്പം ആഭ്യന്തര ക്രിക്കറ്റിലും ഭേദപ്പെട്ട റെക്കോഡുള്ള താരമാണ്. അതേ സമയം ശ്രേയസ് അയ്യര്‍ ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ സൂര്യകുമാറിന് തന്നെയാണ് മുന്‍തൂക്കം.

സൂര്യകുമാര്‍ യാദവിന്റെ ഫസ്റ്റ്ക്ലാസ് പ്രകടനം
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോഡാണ് സൂര്യകുമാറിനുള്ളത്. 77 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 44.01 ശരാശരിയില്‍ 5326 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 14 അര്‍ധ സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 200 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. നിലവിലെ ഇന്ത്യന്‍ ടീമിലെ സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാരക്കും അജിന്‍ക്യ രഹാനെക്കും ഇനിയും അധികനാള്‍ മുന്നോട്ട് പോകാന്‍ സാധിച്ചേക്കില്ല. മികച്ച പകരക്കാരെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിനാല്‍ത്തന്നെ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications