മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് 25ന് തുടക്കമാവുകയാണ്. മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേട്ടം എളുപ്പമാവില്ല. കെയ്ന്‍ വില്യംസന്‍,റോസ് ടെയ്‌ലര്‍ തുടങ്ങിയ താരങ്ങളൊക്കെ ന്യൂസീലന്‍ഡ് ടീമിലേക്ക് തിരിച്ചെത്തുന്നതോടെ ടീം ശക്തമാവും. ആദ്യ ടെസ്റ്റില്‍ വിരാട് കോലി കളിക്കുന്നുമില്ല. അജിന്‍ക്യ രഹാനെ നയിക്കുമ്പോള്‍ ചേതേശ്വര്‍ പുജാര വൈസ് ക്യാപ്റ്റനാവും.
ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തരാണ് പുജാരയും രഹാനെയും. എന്നാല്‍ സമീപകാലത്തെ രണ്ട് പേരുടെയും പ്രകടനം വളരെ മോശമാണ്. മൂന്നാം നമ്പറില്‍ ഇന്ത്യയുടെ നട്ടെല്ലായ ചേതേശ്വര്‍ പുജാര സെഞ്ച്വറി നേടിയിട്ട് 1055 ദിവസം പിന്നിട്ടിരിക്കുകയാണ്. ന്യൂസീലന്‍ഡ് പരമ്പരയിലൂടെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമോയെന്നതിനെക്കുറിച്ച് പുജാര തന്നെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. അധികം വൈകാതെ താനും അജിന്‍ക്യ രഹാനെയും സെഞ്ച്വറിയടിക്കുമെന്നാണ് ഇന്‍സൈസ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ പുജാര പറഞ്ഞിരിക്കുന്നത്.
'50-60 റണ്‍സ് സംഭാവന ചെയ്യാന്‍ സാധിക്കാറുണ്ട്. ഞാന്‍ നന്നായി കളിക്കുന്നിടത്തോളം ആശങ്കപ്പെടുന്നില്ല. സെഞ്ച്വറി വരും. ഇന്ത്യന്‍ സാഹചര്യത്തില്‍ മികച്ചൊരു ഇന്നിങ്‌സ് മാത്രമാണ് അതിനുവേണ്ടത്. അത് അധികം വൈകാതെ സംഭവിക്കും'- പുജാര പറഞ്ഞു. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് പുജാര ഉള്ളതെങ്കിലും ടീമിന്റെ വിശ്വസ്തനാണ് അദ്ദേഹം. 2019 ജനുവരി 3ന് സിഡ്‌നിയിലാണ് പുജാരയുടെ അവസാന സെഞ്ച്വറി. 193 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. പിന്നീടിങ്ങോട്ട് സെഞ്ച്വറി ഭാഗ്യം ഉണ്ടായില്ല.

സെഞ്ച്വറിയില്ലാത്ത 22 മത്സരങ്ങളുമായാണ് പുജാര കാണ്‍പൂരില്‍ ന്യൂസീലന്‍ഡിനെതിരേ ഇറങ്ങാന്‍ പോകുന്നത്. പുജാര, രഹാനെ, കോലി എന്നീ സീനിയര്‍ താരങ്ങളാണ് ടെസ്റ്റിലെ ഇന്ത്യയുടെ ബാറ്റിങ് കരുത്ത്. എന്നാല്‍ സമീപകാലത്തായൊന്നും ഇവര്‍ക്ക് മൂന്നക്കം കാണാനായിട്ടില്ല. കഴിഞ്ഞ പരമ്പരകളിലെല്ലാം ഇന്ത്യ നടത്തിയ ഗംഭീര പോരാട്ടം യുവതാരങ്ങളുടെ മികവിലായിരുന്നു. ന്യൂസീലന്‍ഡിനെതിരേ പുജാരയും രഹാനെയും ശക്തമായി തിരിച്ചുവരവ് നടത്തേണ്ടത് ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
ഇംഗ്ലണ്ടില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താനായത് ന്യൂസീലന്‍ഡിനെതിരേ കരുത്താകുമെന്നാണ് കരുതുന്നതെന്നും പുജാര പറഞ്ഞു. 'സാങ്കേതികമായി അധികം മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഭയമില്ലാതെ എന്റെ മത്സരത്തെ ആസ്വദിക്കുകയാണ് ചെയ്തത്. ഇതുവരെയുള്ള മുന്നൊരുക്കം വളരെ മികച്ച രീതിയിലാണ് നടന്നത്. ഇന്ത്യന്‍ പിച്ചുകളിലെ മുന്‍പരിചയം തുണക്കുമെന്നാണ് വിശ്വാസം'- പുജാര പറഞ്ഞു.
രഹാനെ തന്റെ അവസാന സെഞ്ച്വറി നേടിയത് മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലാണ്. ഇതിന് ശേഷം 19 ഇന്നിങ്‌സ് കളിച്ച രഹാനെയുടെ ശരാശരി 19.57 മാത്രമാണ്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ക്യാപ്റ്റനെന്ന നിലയില്‍ രഹാനെ ഉത്തരവാദിത്തം കാട്ടുമെന്നും ശക്തമായ തിരിച്ചുവരവ് നടത്തുമെന്നും പുജാര പറഞ്ഞു. 'രഹാനെ മികച്ച താരമാണ്. എല്ലാ താരങ്ങള്‍ക്കും കരിയറില്‍ പ്രയാസമുള്ള കാലഘട്ടത്തിലൂടെ കടന്നുപോകേണ്ടി വരും. ഇത് മത്സരത്തിന്റെ ഭാഗമാണ്. ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടാവും. അവനൊരു ആത്മവിശ്വാസമുള്ള താരമാണ്. കഠിനമായി അധ്വാനിക്കുന്നവനാണ്. ഒരു ഇന്നിങ്‌സ് അകലെ അവന്‍ ഫോമിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്'- പുജാര പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. രാഹുല്‍ ദ്രാവിഡിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് കരുത്താവുമെന്നുറപ്പ്. 1659 റണ്‍സുമായി ദ്രാവിഡാണ് ഇപ്പോഴും ന്യൂസീലന്‍ഡിനെതിരേ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യക്കാരന്‍. 772 റണ്‍സാണ് ചേതേശ്വര്‍ പുജാരയുടെ പേരിലുള്ളത്. രണ്ട് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അജിന്‍ക്യ രഹാനെ 664 റണ്‍സും നേടിയിട്ടുണ്ട്.