ജയ്പൂര്‍: ഇക്കഴിഞ്ഞ യുഎഇ ടി20 ലോകകപ്പോടെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് വിരാട് കോലി പടിയിറങ്ങിയിരുന്നു. ഏകദിനത്തിലും ടെസ്റ്റിലും നായകനായി തുടരുമെങ്കിലും ജോലി ഭാരം നിയന്ത്രിക്കുന്നതിനായാണ് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞത്. നമീബിയക്കെതിരായ മത്സരത്തിലാണ് കോലി ഇന്ത്യയുടെ ടി20 നായകനായി അവസാനം കളിച്ചത്. ഈ മത്സരത്തില്‍ കോലിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാണാന്‍ കാത്തിരുന്നവരെ നിരാശയിലാക്കുന്ന തീരുമാനമാണ് കോലിയെടുത്തത്.
മൂന്നാം നമ്പറില്‍ കോലിയുടെ വരവ് കാത്തിരുന്നവരെ നിരാശപ്പെടുത്തി സൂര്യകുമാര്‍ യാദവിനെ കോലി ബാറ്റിങ്ങിനയക്കുകയായിരുന്നു. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത് സൂര്യകുമാറായിരുന്നു. അര്‍ധ സെഞ്ച്വറിയോടെ കളിയിലെ താരമായ സൂര്യകുമാര്‍ മത്സരശേഷം വിരാട് കോലി തനിക്കുവേണ്ടി മൂന്നാം നമ്പര്‍ വിട്ടുനല്‍കിയതിന് നന്ദി പറഞ്ഞിരിക്കുകയാണ്.
'പുറം വേദനയെത്തുടര്‍ന്ന് ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കാനായിരുന്നില്ല. ഇത് എന്നെ വളരെ നിരാശനാക്കിയിരുന്നു.അതിനാല്‍ ഒരു ടി20 ലോകകപ്പ് മത്സരം കൂടി കളിക്കണമെന്ന് ഉണ്ടായിരുന്നു. ഞാന്‍ അരങ്ങേറ്റം നടത്തിയ ശേഷം എനിക്കായി ബാറ്റിങ് പൊസിഷന്‍ വിട്ടുതരാന്‍ കോലി തയ്യാറായിരുന്നു. ഇംഗ്ലണ്ടിനെതിരേ എന്നെ മൂന്നാം നമ്പറിലിറക്കിയപ്പോള്‍ അദ്ദേഹം നാലാം നമ്പറിലാണിറങ്ങിയത്. ടി20 ലോകകപ്പിലും ഇത് തന്നെയാണ് നടന്നത്. എന്നോട് മൂന്നാം നമ്പറിലിറങ്ങാന്‍ പറഞ്ഞു. എനിക്ക് വലിയ സന്തോഷമാവുകയും ആസ്വദിച്ച് കളിക്കുകയും ചെയ്തു. ആ മത്സരത്തില്‍ ഞാന്‍ നോട്ടൗട്ട് ആയിരുന്നു'-സൂര്യകുമാര്‍ പറഞ്ഞു.

യുവതാരങ്ങളെ വളരെയധികം പിന്തുണക്കുന്ന താരമാണ് വിരാട് കോലി. ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ആരാധക മനസിലും താരങ്ങളുടെ മനസിലും നായകന്റെ സ്ഥാനം തന്നെ കോലിക്കുണ്ടാവും. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ സൂര്യകുമാര്‍ അവിടെ മൂന്നാം നമ്പറില്‍ കളിച്ചാണ് മികവ് കാട്ടിയിരുന്നത്. അതിനാലാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോള്‍ സൂര്യക്കായി മൂന്നാം നമ്പര്‍ കോലി പല തവണ ഒഴിഞ്ഞുകൊടുത്തത്. ടീമിലെ യുവതാരമെന്ന നിലയില്‍ സൂര്യക്കത് വലിയ അംഗീകാരവും ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുന്ന കാര്യമാണ്.
ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വിരാട് കോലി ഇല്ലാത്തതിനാല്‍ മൂന്നാം നമ്പറില്‍ സൂര്യകുമാറിന് തന്നെയാണ് അവസരം. ഒന്നാം ടി20യില്‍ 40 പന്തില്‍ 62 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. 6 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 115 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം. ടി20 ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാത്തതിന്റെ ക്ഷീണം മാറ്റി തന്റെ മാസ്റ്റര്‍ക്ലാസ് ഷോട്ടുകളടക്കം ഉള്‍പ്പെടുത്തിയുള്ള പ്രകടനമാണ് സൂര്യകുമാര്‍ കാഴ്ചവെച്ചത്.
ഏത് ബാറ്റിങ് പൊസിഷനിലും ഇന്ത്യക്കായി കളിക്കാന്‍ തയ്യാറാണെന്ന് സൂര്യകുമാര്‍ പറഞ്ഞു. 'ഞാന്‍ ഒരു ബാറ്റിങ് പൊസിഷനില്‍ മാത്രമെ ബാറ്റ് ചെയ്യുകയുള്ളൂവെന്നല്ല പറയുന്നത്. എവിടെ ബാറ്റ് ചെയ്യുന്നതിലും സന്തോഷമാണ്. എന്റെ ഫ്രാഞ്ചൈസിക്കായി മൂന്ന് വര്‍ഷത്തോളമായി മൂന്നാം നമ്പറിലാണ് കളിക്കുന്നത്. അതിനാല്‍ ആ പൊസിഷനില്‍ കളിക്കാന്‍ കൂടുതല്‍ താല്‍പര്യം. ഏത് പൊസിഷനിലിറങ്ങിയാലും എന്റെ ശൈലിയെ തുറന്ന്കാട്ടാനാണ് ആഗ്രഹിക്കുന്നത്. നെറ്റ്‌സില്‍ കളിക്കുന്ന ശൈലി പുറത്തെടുക്കാനാണ് ആഗ്രഹിക്കുന്നത്. ഇതാണ് കഴിഞ്ഞ 2-3 വര്‍ഷമായി പിന്തുടരുന്നത്. വ്യത്യസ്തമായി ഒന്നും പരീക്ഷിക്കുന്നില്ല. എന്റെ മത്സരത്തൈ ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്'-സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സൂര്യകുമാറിന്റെ ബാറ്റിങ് പ്രകടനത്തെ രോഹിത് ശര്‍മ മത്സരശേഷം പ്രശംസിച്ചിരുന്നു. സൂര്യയില്‍ നിന്ന് ടീം ആഗ്രഹിക്കുന്നത് ഇതാണെന്നും മധ്യ ഓവറുകളില്‍ സൂര്യയുടെ ഈ പ്രകടനം ടീമിന് വളരെ പ്രധാനപ്പെട്ടതാണെന്നും രോഹിത് ശര്‍മ പ്രശംസിച്ചിരുന്നു. അടുത്ത ടി20 ലോകകപ്പിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി ടീമില്‍ സൂര്യയുണ്ടാവുമെന്നുറപ്പാണ്.