
വെങ്കടേഷ് അയ്യര്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഓപ്പണറെന്ന നിലയില്‍ അവസാന ഐപിഎല്ലില്‍ തിളങ്ങിയ താരമാണ് വെങ്കടേഷ് അയ്യര്‍. 26കാരനായ മധ്യ പ്രദേശ് താരത്തെ ടി20 ലോകകപ്പില്‍ പരിശീലന സഹായത്തിന് ഉപയോഗിച്ചിരുന്നു. ഓള്‍റൗണ്ടറായ വെങ്കടേഷ് ടോപ് ഓഡറില്‍ തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. ടി20യില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ് വെങ്കടേഷ്. 2021 ഐപിഎല്ലില്‍ 10 മത്സരത്തില്‍ നിന്ന് 128.47 സ്‌ട്രൈക്കറേറ്റില്‍ 370 റണ്‍സാണ് നേടിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ വെങ്കടേഷിന് ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരയില്‍ അവസരം നല്‍കുമെന്നുറപ്പ്.

ഹര്‍ഷല്‍ പട്ടേല്‍
ഇക്കഴിഞ്ഞ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് ഉടമയാണ് ഹര്‍ഷല്‍ പട്ടേല്‍. വലം കൈയന്‍ മീഡിയം പേസറായ ഹര്‍ഷല്‍ ഭേദപ്പെട്ട രീതിയില്‍ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ്. 30കാരനായ താരം 2012ല്‍ ആര്‍സിബിയിലൂടെ ഐപിഎല്ലിലേക്കെത്തിയെങ്കിലും വേണ്ടത്ര അവസരം ലഭിച്ചില്ല. കൂടുമാറിയ താരം 2021ല്‍ വീണ്ടും ആര്‍സിബിയിലേക്കെത്തി ചരിത്ര പ്രകടനം നടത്തുകയായിരുന്നു. 32 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇന്ത്യയിലും യുഎഇയിലും ഒരുപോലെ തിളങ്ങിയ താരം ഐപിഎല്ലിലെ ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

രാഹുല്‍ ത്രിപാഠി
കെകെആര്‍ താരം രാഹുല്‍ ത്രിപാഠി ടോപ് ഓഡറിലും തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ്. 2017ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിലൂടെയെത്തിയ താരം 2020ല്‍ കെകെആറിലേക്കെത്തുകയായിരുന്നു. 62 മത്സരത്തില്‍ നിന്ന് 1385 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 136.31 ആണ് സ്‌ട്രൈക്കറേറ്റ്. 2021ല്‍ 17 മത്സരത്തില്‍ നിന്ന് 397 റണ്‍സ് അദ്ദേഹം നേടി. സ്ഥിരതയോടെ കളിക്കുന്ന താരമെന്ന നിലയില്‍ രാഹുല്‍ ത്രിപാഠിയെ ഇനിയും ഇന്ത്യ മാറ്റിനിര്‍ത്തിയേക്കില്ല.

ആവേഷ് ഖാന്‍
ഇത്തവണത്തെ ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന താരമാണ് ആവേഷ് ഖാന്‍. 24കാരനായ താരം 2017ല്‍ ഐപിഎല്ലിലേക്കെത്തിയതാണെങ്കിലും ശ്രദ്ധ പിടിച്ചുപറ്റിയത് ഇത്തവണയാണ്. 2018ല്‍ ഡല്‍ഹിയിലെത്തിയ താരം തന്റെ ഏറ്റവും മികവിലേക്ക് എത്തിയത് ഇത്തവണയാണ്. 16 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം തിളങ്ങുന്നുണ്ട്. ഈ പ്രകടനം ഇന്ത്യന്‍ സെലക്ടര്‍മാര്‍ കണ്ടില്ലെന്ന് നടിക്കില്ല. വേഗതയില്‍ നല്ല നിയന്ത്രണമുള്ള ആവേഷ് ഖാനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമെന്നുറപ്പാണ്.

ഉമ്രാന്‍ മാലിക്ക്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം കുറച്ച് മത്സരം മാത്രമാണ് കളിച്ചതെങ്കിലും എല്ലാവരുടെയും നോട്ടപ്പുള്ളിയാവാന്‍ ഉമ്രാന്‍ മാലിക്കിന് സാധിച്ചു. അതിവേഗ ബൗളര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ടീമില്‍ ഉമ്രാന്‍ മാലിക്കിന് തീര്‍ച്ചയായും സ്ഥാനമുണ്ടാവും. 150ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് ഉമ്രാന്‍ മാലിക്ക്. മൂന്ന് മത്സരത്തില്‍ നിന്ന് എട്ട് ഇക്കോണമിയില്‍ രണ്ട് വിക്കറ്റാണ് ജമ്മു കാശ്മീര്‍ പേസര്‍ നേടിയത്. താരത്തിന്റെ ബൗളിങ്ങിനെ വിരാട് കോലിയടക്കം പ്രശംസിച്ചിരുന്നു.


Click it and Unblock the Notifications











