For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ T20: ശ്രേയസിനെ ആ പൊസിഷനില്‍ കളിപ്പിക്കരുത്, അവന് പൊരുത്തപ്പെടാനാവില്ല- ഉത്തപ്പ

ജയ്പൂര്‍: ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ ജയം നേടിയിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ട് ഒന്നിച്ച ശേഷമുള്ള ആദ്യ മത്സരമെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ട മത്സരത്തില്‍ ജയം സ്വന്തമാക്കാനായി എന്നതാണ് ശ്രദ്ധേയ കാര്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ജയം നേടിയത്.

ടി20 ലോകകപ്പിലെ നാണംകെട്ട പുറത്താകലിന് ശേഷം ഇന്ത്യ വലിയൊരു അഴിച്ചുപണി തന്നെയാണ് ടീമില്‍ നടത്തിയിരിക്കുന്നത്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ മധ്യനിരയിലേക്ക് ഹര്‍ദിക്കിന് പകരം വെങ്കടേഷ് അയ്യരെ പരിഗണിച്ചു. ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ നിന്ന് മാറ്റി അഞ്ചാം നമ്പറിലാണ് ഇറക്കിയത്. എട്ട് പന്തുകള്‍ നേരിട്ട ശ്രേയസ് അഞ്ച് റണ്‍സുമായാണ് പുറത്തായത്. ഇപ്പോഴിതാ ശ്രേയസിനെ ആ ബാറ്റിങ് പൊസിഷനില്‍ ഇറക്കരുതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

shreyasiyer

'അഞ്ചാം നമ്പറില്‍ ശ്രേയസ് അയ്യരെ ഇറക്കരുത്. ഈ പൊസിഷനോട് പൊരുത്തപ്പെടാന്‍ അവന് സാധിക്കുന്നില്ല. തുടക്കത്തിലേ നിലയുറപ്പിക്കാന്‍ അല്‍പ്പം സമയം എടുക്കുകയും പിന്നീട് കത്തിക്കയറുകയും ചെയ്യുന്ന താരമാണവന്‍. എന്നാല്‍ അഞ്ചാം നമ്പറിലിറങ്ങി മത്സരം ഫിനിഷ് ചെയ്യുകയെന്നത് അവന് പ്രയാസമാവും. വെങ്കടേഷ് അയ്യര്‍ തുടങ്ങിയത് മികച്ച രീതിക്കാണെങ്കിലും അവന്‍ റിവേഴ്‌സ് സ്‌കൂപ്പ് കളിച്ചാണ് പുറത്തായത്'-ഉത്തപ്പ പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യക്ക് പകരം ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് വെങ്കടേഷ് അയ്യര്‍. ഏറെ നാളുകളായി പരിക്ക് വേട്ടയാടുന്ന ഹര്‍ദിക്കിന് മികവിനൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. ടി20 ലോകകപ്പിലും അദ്ദേഹം നിരാശപ്പെടുത്തിയതോടെ ഹര്‍ദിക്കിനെ തഴഞ്ഞ് പുതിയൊരു താരത്തെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കെകെആര്‍ ഓപ്പണറും മീഡിയം പേസ് ഓള്‍റൗണ്ടറുമായ വെങ്കടേഷിനെ ഇന്ത്യ മധ്യനിരയിലേക്ക് പരീക്ഷിക്കുന്നത്. നേരിട്ട ആദ്യ പന്തില്‍ ബൗണ്ടറി നേടിയ വെങ്കടേഷ് റിവേഴ്‌സ് സ്‌കൂപ്പിന് ശ്രമിച്ചാണ് പുറത്തായത്. ഇന്ത്യ വളരെ പ്രതീക്ഷയോടെ നോക്കി കാണുന്ന യുവതാരമാണ് വെങ്കടേഷ് അയ്യര്‍.

താരങ്ങള്‍ ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാവണമെന്ന് നേരത്തെ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു. ഏത് സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ താരങ്ങള്‍ക്ക് സാധിക്കണമെന്ന നിലപാടിലാണ് രോഹിത്. എന്നാല്‍ ശ്രേയസ് അയ്യരെപ്പോലെ പല താരങ്ങള്‍ക്കും ഈ സ്ഥാനമാറ്റം എളുപ്പമായിരിക്കില്ലെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനായ ഡാനിയല്‍ വെട്ടോറി.

'ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്ന താരങ്ങളോട് ദേശീയ ടീമിലേക്കെത്തുമ്പോള്‍ തികച്ചും വ്യത്യസ്തമായ ബാറ്റിങ് പൊസിഷനിലാണ് കളിക്കാന്‍ പറയുന്നത്. രാജ്യത്തിനുവേണ്ടിയാണ് അവര്‍ കളിക്കുന്നത്,അതിനാല്‍ സാഹചര്യങ്ങളെ മനസിലാക്കുകയും പൊരുത്തപ്പെടുകയും ചെയ്യണമെന്നും പറയാം. എന്നാല്‍ പറയുന്ന പോലെ എളുപ്പമല്ലത്. കാരണം ഇവരില്‍ മിക്ക യുവതാരങ്ങളും ഓപ്പണിങ്ങിലും മൂന്നാം നമ്പറിലുമാണ് കളിച്ച് ശീലിച്ചത്'-വെട്ടോറി പറഞ്ഞു.

നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായിരുന്നു ശ്രേയസ്. എന്നാല്‍ പരിക്കേറ്റ് ശ്രേയസിന് വിശ്രമത്തില്‍ പോകേണ്ടി വന്നപ്പോള്‍ നാലാം നമ്പറിലേക്ക് സൂര്യകുമാര്‍ എത്തുകയായിരുന്നു. ടി20 ലോകകപ്പില്‍ ശ്രേയസിനെ ഇന്ത്യ റിസര്‍വ് താരമായാണ് കളിപ്പിച്ചത്. ന്യൂസീലന്‍ഡിനെതിരേ റിഷഭ് പന്ത് നാലാം നമ്പറിലേക്കെത്തിയപ്പോള്‍ ശ്രേയസിനെ അഞ്ചാമനാക്കുകയായിരുന്നു. എന്നാല്‍ ശ്രേയസിന് തന്റെ മികവ് കാട്ടാന്‍ അനുയോജ്യം നാലാം നമ്പര്‍ തന്നെയാണെന്ന് മുന്‍ കണക്കുകളില്‍ നിന്ന് വ്യക്തം.

Story first published: Thursday, November 18, 2021, 16:30 [IST]
Other articles published on Nov 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+