ജയ്പൂര്‍: ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരയിലെ തുടക്കം ഇന്ത്യ മോശമാക്കിയില്ല. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ എന്ന കൂട്ടുകെട്ട് ഒന്നിക്കുന്ന ആദ്യത്തെ മത്സരമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെ എല്ലാവരും ഉറ്റുനോക്കിയ മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത് രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്.
മത്സരത്തില്‍ 62 റണ്‍സുമായി സൂര്യകുമാര്‍ യാദവ് കളിയിലെ താരമായപ്പോള്‍ നായകന്‍ രോഹിത് ശര്‍മ 48 റണ്‍സെടുത്താണ് പുറത്തായത്. 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും പറത്തിയ രോഹിത്തിന് അര്‍ഹിച്ച അര്‍ധ സെഞ്ച്വറിയാണ് കൈയലകലത്ത് നഷ്ടമായത്. ട്രന്റ് ബോള്‍ട്ട് സ്ലോ ബോള്‍ കെണിയിലാണ് രോഹിത് പുറത്തായത്. ബോള്‍ട്ടിന്റെ തന്ത്രത്തിന് മുന്നില്‍ രോഹിത് വീണുവെന്ന് പറയാം. ഇപ്പോഴിതാ ബോള്‍ട്ട് പ്രയോഗിച്ച തന്ത്രത്തില്‍ വിക്കറ്റ് നഷ്ടമായതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.
'ഞാനും ബോള്‍ട്ടും ഒരുപാട് മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ചിട്ടുണ്ട്. എന്റെ ദൗര്‍ബല്യങ്ങള്‍ അവനറിയാമെന്ന് എനിക്കറിയാം. രണ്ട് പേരും തമ്മിലുള്ള പോരാട്ടങ്ങള്‍ രസകരമായതുമാണ്. അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം ഒന്നിച്ച് കളിക്കവെ ബാറ്റ്‌സ്മാനെ കബളിപ്പിക്കാനാണ് ഞാന്‍ അവനോട് എപ്പോഴും പറയാറുള്ളത്. അവന്‍ സ്ലോ ബൗണ്‍സര്‍ എറിയുമെന്ന് എനിക്കറിയാമായിരുന്നു. എന്നാല്‍ ഫീല്‍ഡറുടെ മുകളിലൂടെ പന്ത് വിടാനാണ് ശ്രമിച്ചത്. ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിച്ചില്ല.ടീമിന്റെ വിജയത്തില്‍ വളരെ സന്തോഷമുണ്ട്'- രോഹിത് ശര്‍മ പറഞ്ഞു.

ന്യൂസീലന്‍ഡ് സ്റ്റാര്‍ പേസറായ ട്രന്റ് ബോള്‍ച്ച് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് നിലവിലുള്ളത്. 2020ലും 2021ലും ടീമിനൊപ്പം മികച്ച പ്രകടനം നടത്താന്‍ ബോള്‍ട്ടിനായിട്ടുണ്ട്. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്തുന്ന ബോള്‍ട്ട് വിക്കറ്റ് വീഴ്ത്താനും മിടുക്കനാണ്. 2020ല്‍ മുംബൈ കിരീടം ചൂടിയപ്പോള്‍ ബോള്‍ട്ടിന്റെ ബൗളിങ് പ്രകടനമാണ് നിര്‍ണ്ണായകമായത്. പന്തിന്റെ വേഗത്തില്‍ മികച്ച നിയന്ത്രണമുള്ള ബോള്‍ട്ട് ബുദ്ധിപൂര്‍വ്വം പന്തെറിയുന്ന താരമാണ്.
സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. മുംബൈ ഇന്ത്യന്‍സ് താരം തന്നെയായ സൂര്യകുമാര്‍ 40 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമാണ് പറത്തിയത്. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കുന്നതിന് മുമ്പ് ട്രന്റ് ബോള്‍ട്ടിന് മുന്നില്‍ സൂര്യകുമാര്‍ ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ടി20 ലോകകപ്പില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന സൂര്യ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സൂര്യയുടെ പ്രകടനത്തെ രോഹിത് അഭിനന്ദിച്ചു.
'സൂര്യ മനോഹരായി ബാറ്റ് ചെയ്തു. അവന്റെ കഴിവെന്താണെന്ന് തെളിയിക്കുന്ന പ്രകടനം. ലഭിക്കുന്ന അവസരങ്ങളെ അവന്‍ മുതലാക്കി. ഇന്ത്യക്ക് വേണ്ടതും അതാണ്. അവന്‍ കളിച്ച ചില ഷോട്ടുകള്‍ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. മധ്യ ഓവറുകളില്‍ ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട താരമാണ് സൂര്യകുമാര്‍. സ്പിന്നിനെ നന്നായി കളിക്കുന്ന സൂര്യ പേസര്‍മാരുടെ വേഗത്തെ ഉപയോഗിച്ച് കളിക്കുന്നവനാണ്'- രോഹിത് ശര്‍മ പറഞ്ഞു.
അവസാന സമയങ്ങളില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായിരുന്നില്ലെന്നും ടീം പൊരുതി നേടിയ വിജയമാണിതെന്നും രോഹിത് പറഞ്ഞു. 'ഇത് വളരെ പ്രയാസപ്പെട്ട് നേടിയ വിജയമാണ്. അവസാന സമയത്ത് കാര്യങ്ങള്‍ പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യുന്നത് താരങ്ങളെ സംബന്ധിച്ച് വലിയ അനുഭവവും അറിവുമാണ്. എങ്ങനെയാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാറ്റുചെയ്യേണ്ടതെന്ന് അവര്‍ക്ക് പഠിക്കാനായി. എല്ലാ സമയത്തും വമ്പനടികളല്ല വേണ്ടത്. ഗ്യാപ് ഷോട്ടുകള്‍ കളിക്കാനും സിംഗിളുകള്‍ നേടാനും ബൗണ്ടറികളിലൂടെ റണ്‍സുയര്‍ത്താനും ശ്രമിക്കണം'- രോഹിത് കൂട്ടിച്ചേര്‍ത്തു.