IND vs NZ T20: മൂന്നാം മത്സരത്തില്‍ റുതുരാജും ആവേഷ് ഖാനും കളിക്കുമോ? രോഹിത് ശര്‍മ പറയുന്നു
റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ ഇന്ത്യ കിരീടം ഉറപ്പിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ഏഴ് വിക്കറ്റിനും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്നാം മത്സരം നാളെ നടക്കാനിരിക്കെ ഇന്ത്യ ടീമില്‍ മാറ്റം വരുത്തുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നിരവധി യുവതാരങ്ങളെ ഇന്ത്യ പരമ്പരയിലേക്ക് പരിഗണിച്ചെങ്കിലും പലര്‍ക്കും പ്ലേയിങ് 11ല്‍ അവസരം ലഭിച്ചിട്ടില്ല.
വെങ്കടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചു. എന്നാല്‍ റുതുരാജ് ഗെയ്ക് വാദ്, ആവേഷ് ഖാന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ റുതുരാജ് അരങ്ങേറ്റം കുറിച്ചിരുന്നെങ്കിലും തന്റെ മികവ് തെളിയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യ പരമ്പര ഉറപ്പിച്ചതിനാല്‍ത്തന്നെ മൂന്നാ മത്സരത്തില്‍ ഇവര്‍ക്ക് കളിക്കാന്‍ അവസരമൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ മൂന്നാം മത്സരത്തിനുള്ള പ്ലേയിങ് 11ല്‍ മാറ്റം ഉണ്ടായേക്കില്ലെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

'ഇതൊരു യുവതാരനിരയാണ്. ടീമിലെ പലരും അധികം മത്സരം കളിച്ചിട്ടില്ലാത്തവരാണ്. അധിനാല്‍ താരങ്ങള്‍ക്ക് ആവിശ്യത്തിന് മത്സരം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അടുത്ത മത്സരത്തിലെ മാറ്റങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ട കാര്യമില്ല. ഇന്ത്യക്ക് അനുയോജ്യമായതെന്തോ അതാണ് ഞങ്ങള്‍ ചെയ്യുക. നിലവില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ആവിശ്യത്തിന് മത്സരം ലഭിച്ചുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതായുണ്ട്. ഇതില്‍ പലരും അധികം കളിച്ചിട്ടുള്ളവരല്ല. ഇടം ലഭിക്കാത്തവര്‍ അവസരത്തിനായി കാത്തിരിക്കുക. നിരവധി ടി20 മത്സരങ്ങള്‍ ഇനിയും വരാനുണ്ട്. ഹര്‍ഷല്‍ പട്ടേല്‍ പ്രതിഭാശാലിയായ ബൗളറാണ്. ഈ സാഹചര്യത്തില്‍ സ്ലോ ബോളുകള്‍ നന്നായി ഉപയോഗിക്കാന്‍ അവനായി'- രോഹിത് ശര്‍മ പറഞ്ഞു.
ടീമില്‍ നിരന്തരം മാറ്റങ്ങള്‍ വരുന്നത് നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള യുവതാരങ്ങളെ പ്രതികൂലമായി ബാധിക്കും. യുവതാരങ്ങള്‍ക്ക് അടുത്ത ടി20 ലോകകപ്പിന് മുമ്പ് ആവിശ്യത്തിന് അന്താരാഷ്ട്ര മത്സര പരിചയം നല്‍കേണ്ടതായുണ്ട്. വെങ്കടേഷ് അയ്യരെ ഇന്ത്യ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി പരിഗണിക്കാനുള്ള തയ്യാറെടുപ്പിലാണ്. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നവും നേരിടുന്നതിനാലാണ് ഹര്‍ദിക് ടീമിന് പുറത്തായത്.
ആദ്യ മത്സരത്തില്‍ വെങ്കടേഷിന് ആറാം നമ്പറിലാണ് അവസരം നല്‍കിയത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ വെങ്കടേഷിനെ ഇറക്കി. 12 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിനെക്കൊണ്ട് ആദ്യ രണ്ട് മത്സരത്തിലും രോഹിത് പന്തെറിയിപ്പിച്ചില്ല. മൂന്നാം മത്സരത്തിലെങ്കിലും വെങ്കടേഷിന് പന്തെറിയാന്‍ അവസരം നല്‍കുമോയെന്ന് കണ്ടറിയണം.
റുതുരാജ് ഗെയ്ക് വാദിനെപ്പോലെയുള്ള യുവ പ്രതിഭകളെ അധികനാള്‍ ബെഞ്ചിലിരുത്തുന്നതും പ്രയാസമായിരിക്കും. റുതുരാജ് ഓപ്പണറാണെന്നതാണ് പ്രധാന പ്രശ്‌നം. കെ എല്‍ രാഹുല്‍,രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്കായി മിന്നും പ്രകടനമാണ് നടത്തുന്നത്. ഇഷാന്‍ കിഷന്‍ ഓപ്പണറെന്ന നിലയില്‍ സ്ഥാനം പ്രതീക്ഷിക്കുന്നു. ഇതിനിടെ റുതുരാജിനെ ഓപ്പണറെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരിക വളരെ പ്രയാസമാവും.
അവസാന ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിനുടമയായ റുതുരാജ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹാട്രിക് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. പേസര്‍ ആവേഷ് ഖാനെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. മികച്ച ലൈനും ലെങ്തും കാത്ത് പന്തെറിയുന്ന താരം അവസാന ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി തിളങ്ങിയിരുന്നു. ന്യൂബോളിലും ഡെത്ത് ഓവറിലും തിളങ്ങാന്‍ കഴിയുന്ന താരമാണ് ആവേഷ്. ടി20 പരമ്പരക്ക് ശേഷം രണ്ട് മത്സര ടെസ്റ്റ് പരമ്പരയും ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications