IND vs NZ T20: 'അവന് അവസരം നല്‍കൂ', ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം വേണം, നിര്‍ദേശിച്ച് ആകാശ് ചോപ്ര
റാഞ്ചി: ഇന്ത്യ-ന്യൂസീലന്‍ഡ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റാഞ്ചിയില്‍ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം അഞ്ച് വിക്കറ്റിന് ഇന്ത്യ ജയിച്ചിരുന്നു. ഇതോടെ പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലാണ്. ഇന്നുകൂടി ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. രോഹിത് ശര്‍മ-രാഹുല്‍ ദ്രാവിഡ് കൂട്ടുകെട്ട് ഒന്നിച്ച ശേഷമുള്ള ആദ്യ പരമ്പരയില്‍ത്തന്നെ കിരീടം ഇന്ത്യയുടെ അലമാരയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.
ജസ്പ്രീത് ബുംറ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരൊന്നുമില്ലാത്ത ഇന്ത്യന്‍ ടീം യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതാണ്. ആദ്യ മത്സരത്തില്‍ വെങ്കടേഷ് അയ്യര്‍ക്കും മുഹമ്മദ് സിറാജിനും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഇടം ലഭിച്ചിരുന്നു. ഇഷാന്‍ കിഷന്‍ പ്ലേയിങ് 11ന് പുറത്തായിരുന്നു.രണ്ടാം ടി20യില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന സൂചനകളുണ്ട്. ഇപ്പോഴിതാ ഇന്ത്യ ടീമില്‍ വരുത്തേണ്ട മാറ്റം എന്താണെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

പ്ലേയിങ് 11നിലെ മാറ്റമില്ല വെങ്കടേഷ് അയ്യരെ ഉപയോഗിക്കുന്ന രീതിയില്‍ മാറ്റം വരണമെന്നാണ് ആകാശ് ചോപ്ര നിര്‍ദേശിച്ചിരിക്കുന്നത്. 'ഒരു മാറ്റം എനിക്ക് പറയാനുള്ളത് വെങ്കടേഷ് അയ്യര്‍ പന്തെറിയണമെന്നതാണ്. അവനെക്കൊണ്ട് പന്തെറിയിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് നമ്മള്‍ വെങ്കടേഷിനെ പരിഗണിക്കുന്നത്. ഒരു പേസ് ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ അവനെക്കൊണ്ട് പന്തെറിയിക്കണം. ബാറ്റിങ്ങിനൊപ്പം കുറച്ച് ഓവറുകള്‍ കൂടി നല്‍കണം. ആറാം നമ്പറിലാണ് അവന് ബാറ്റിങ്ങില്‍ അവസരം നല്‍കുന്നത്. 10 മത്സരത്തില്‍ 9 തവണയും 10 പന്തില്‍ കൂടുതല്‍ ആറാം നമ്പറുകാരന് ലഭിക്കാന്‍ സാധ്യതയില്ല. അതിനാല്‍ അവന്റെ ബൗളിങ് വളര്‍ത്തണം. മൂന്ന് ഓവറെങ്കിലും ചുരുങ്ങിയത് നല്‍കണം. പരമാവധി നാല് ഓവറും ചെയ്യിക്കണം'- ആകാശ് ചോപ്ര പറഞ്ഞു.

ആദ്യ മത്സരത്തില്‍ ഇന്ത്യ ടോസ് നേടിയെങ്കിലും ഫീല്‍ഡിങ്ങാണ് തിരഞ്ഞെടുത്തത്. ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി വെങ്കടേഷ് അയ്യരെ പരിഗണിച്ചെങ്കിലും ഇന്ത്യ ബൗളിങ്ങില്‍ അവസരം നല്‍കിയിരുന്നില്ല. ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി രണ്ട് പന്തില്‍ നാല് റണ്‍സാണ് വെങ്കടേഷ് ഇറങ്ങിയത്. ദീപക് ചഹാര്‍ നന്നായി തല്ലുവാങ്ങിയിട്ടും രോഹിത് ശര്‍മ ഒരോവര്‍ പോലും വെങ്കടേഷിന് നല്‍കിയില്ല.
ഓപ്പണറെന്ന നിലയില്‍ കെകെആറിനൊപ്പം തിളങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് വെങ്കടേഷ് അയ്യരെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ് റോളില്‍ തിളങ്ങാന്‍ താരങ്ങള്‍ ഏറെയാണെന്നിരിക്കെ വെങ്കടേഷിന് ആ പൊസിഷനിലേക്കെത്തുക പ്രയാസമാണ്. അതിനാലാണ് മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിനെ ഇന്ത്യ ആറാം നമ്പറിലേക്ക് പരിഗണിച്ചത്. ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്ന് വെങ്കടേഷ് പറഞ്ഞെങ്കിലും മധ്യനിരയില്‍ താരത്തിന് തിളങ്ങാനാവുമോയെന്ന് കാത്തിരുന്ന് കാണണം.

പ്ലേയിങ് 11ല്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു. 'മുഹമ്മദ് സിറാജിന് പരിക്കിന്റെ പ്രശ്‌നമില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല. എന്നാല്‍ സിറാജ് ഫിറ്റല്ലെങ്കില്‍ ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിച്ചേക്കും. ഇതില്‍ മഞ്ഞുവീഴ്ചയില്ലെങ്കില്‍ ആവേഷ് ഖാനും മഞ്ഞുവീഴ്ചയുണ്ടെങ്കിലും ഹര്‍ഷല്‍ പട്ടേലും കളിക്കണം.മഞ്ഞുണ്ടെങ്കില്‍ ഹര്‍ഷിലിന്റെ സ്ലോ ബോളുകള്‍ ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തും. ഐപിഎല്ലിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായാണ് അവന്‍ വരുന്നത്'- ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
ആദ്യ മത്സരത്തിനിടെ മിച്ചല്‍ സാന്റ്‌നറുടെ ഷോട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ സിറാജിന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇതിന് ശേഷവും അദ്ദേഹം ബൗളിങ് തുടര്‍ന്നിരുന്നു. അതിനാല്‍ ഇന്നത്തെ മത്സരത്തിലും സിറാജ് കളിച്ചേക്കും. ഇന്ന് കൂടി ജയിച്ച് പരമ്പര ഉറപ്പിച്ചാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications