IND vs NZ: സ്റ്റാറായി ശ്രേയസ്, കോലിയോട് 'കണക്കുതീര്‍ത്ത്' അശ്വിന്‍- ഇന്ത്യയുടെ നേട്ടങ്ങള്‍

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങളാണ് സമ്മാനിച്ചിട്ടുണ്ട്. നെഗറ്റീവുകളേക്കാള്‍ കൂടുതല്‍ പോസിറ്റീവായ കാര്യങ്ങളാണ് ഇന്ത്യക്കു പരമ്പരയിലൂടെ ലഭിച്ചത്. രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കുകയായിരുന്നു. പരമ്പര തൂത്തുവാരലിനു അരികിലെത്താന്‍ ഇന്ത്യക്കായിരുന്നു. പക്ഷെ ആദ്യ ടെസ്റ്റില്‍ അവസാനത്തെ വിക്കറ്റ് വീഴ്ത്താന്‍ കഴിയാതിരുന്നതോടെ ഇന്ത്യക്കു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

മുംബൈയിലെ വാംഖഡെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ വമ്പന്‍ വിജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയം കൂടിയായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫറ്റിയുമടിച്ച മായങ്ക് അഗര്‍വാളായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ സംബന്ധിച്ചുള്ള പ്രധാനപ്പെട്ട നേട്ടങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ശ്രേയസിന്റെ ഒന്നൊന്നര തുടക്കം

ശ്രേയസിന്റെ ഒന്നൊന്നര തുടക്കം

ഈ പരമ്പരയിലൂടെ പുതിയൊരു താരത്തെക്കൂടി ഇന്ത്യക്കു ലഭിച്ചിരിക്കുകയാണ്. മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരാണിത്. നേരത്തേ തന്നെ അദ്ദേഹം നിശ്ചിത ഓവര്‍ ടീമുകളുടെ ഭാഗമാണെങ്കിലും ടെസ്റ്റില്‍ അരങ്ങേറിയത് ഈ പരമ്പരയിലൂടെയാണ്. കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റിലൂടെയായിരുന്നു ശ്രേയസിന്റെ അരങ്ങേറ്റം. തുടക്കം ഗംഭീരമാക്കാന്‍ താരത്തിനു സാധിക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സില്‍ 105ഉം രണ്ടാമിന്നിങ്‌സില്‍ 65ഉം റണ്‍സെടുത്ത ശ്രേയസ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായി മാറി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭാവത്തിലായിരുന്നു താരത്തിനു ടീമിലേക്കു നറുക്കുവീണത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്ത ശ്രേയസ് തനിക്കു ലഭിച്ച അവസരം നന്നായി തന്നെ മുതലെടുക്കുകയും ചെയ്തു. കന്നി ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച ലോക ക്രിക്കറ്റിലെ ആദ്യത്തെ താരമായും അദ്ദേഹം മാറിയിരുന്നു. ക്ഷമയോടെയും ഒപ്പം അഗ്രസീവായും ബാറ്റ് ചെയ്ത ശ്രേയസ് റണ്‍സെടുക്കാന്‍ ലഭിച്ച ഒരവസരവും പാഴാക്കിയിരുന്നില്ല. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നിവര്‍ ഫോം കണ്ടെത്താന്‍ വിഷമിക്കവെ ശ്രേയസിന്റെ വരവ് തീര്‍ച്ചയായും ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്.

 മിന്നിച്ച് മായങ്ക്

മിന്നിച്ച് മായങ്ക്

മുംബൈയിലെ രണ്ടാം ടെസ്റ്റ് വരെ മായങ്ക് അഗര്‍വാളിന്റെ ടെസ്റ്റ് കരിയര്‍ തുലാസിലായിരുന്നു. രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരുടെ അഭാവത്തില്‍ ടീമില്‍ ഇടം ലഭിച്ച അദ്ദേഹത്തിലു ടീം മാനേജ്‌മെന്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ലഭിച്ച അവസാനത്തെ അവസരമായിരുന്നു ഇത്. ഈ പരമ്പരയില്‍ കൂടി നിറംമങ്ങിയിരുന്നെങ്കില്‍ ഇനിയൊരു പക്ഷെ മായങ്കിനു ടീമില്‍ ഇടം ലഭിക്കുമായിരുന്നില്ല. കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ പക്ഷെ അദ്ദേഹം നിരാശപ്പെടുത്തി. 13, 17 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. എന്നാല്‍ മുംബൈ ടെസ്റ്റില്‍ മായങ്ക് ഇതിനു പ്രായശ്ചിത്തം ചെയ്തു. ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ 150ഉം രണ്ടാമിന്നിങ്‌സില്‍ 62ഉം റണ്‍സോടെ മായങ്ക് ടീമിന്റെ ഹീറോയായി മാറി.

വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഈ പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം. ബാക്കപ്പ് ഓപ്പണറായി മായങ്കിനെ ഉള്‍പ്പെടുത്തുമെന്നുറപ്പാണ്.

 അശ്വിന്റെ തിരിച്ചുവരവ്

അശ്വിന്റെ തിരിച്ചുവരവ്

ഇംഗ്ലണ്ടിനെതിരായ തൊട്ടുമുമ്പത്തെ ടെസ്റ്റ് പരമ്പരയില്‍ നാലു മല്‍സരങ്ങളിലും തന്നെ പുറത്തിരുത്തിയതിന് നായകന്‍ വിരാട് കോലിക്കുള്ള മറുപടിയാണ് ന്യൂസിലാന്‍ഡിനെതിരേ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ നല്‍കിയിരിക്കുന്നത്. രണ്ടു ടെസ്റ്റുകൡലായി 14 വിക്കറ്റുകള്‍ കൊയ്ത് പ്ലെയര്‍ ഓഫ് ദി സീരീസായ അദ്ദേഹം തന്നെ സംശയിച്ചവര്‍ക്കും തഴഞ്ഞവര്‍ക്കുമുള്ള മറുപടിയാണ് നല്‍കിയത്.

മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ എട്ടു വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ എട്ടു റണ്‍സിനു നാലു പേരെയുെ രണ്ടാമിന്നിങ്‌സില്‍ 34 റണ്‍സിനു നാലു പേരെയുമാണ് അദ്ദേഹം പുറത്താക്കിയത്.

 വാലറ്റക്കാരുടെ സംഭാവന

വാലറ്റക്കാരുടെ സംഭാവന

ഇന്ത്യയുടെ വാലറ്റക്കാര്‍ നിര്‍ണായക സംഭാവന നല്‍കിയ ടെസ്റ്റ് പരമ്പര കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരേയുള്ളത്. അവസാനമായി ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ സമനിലയില്‍ കലാശിച്ച ടെസ്റ്റിലായിരുന്നു വാലറ്റക്കാര്‍ മികച്ച പ്രകടനത്തിലൂടെ ടീമിനെ രക്ഷിച്ചത്. അന്നു തോല്‍വി മുന്നില്‍ കണ്ട ഇന്ത്യയെ ഹനുമാ വിഹാരിയും ആര്‍ അശ്വിനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു.

ന്യൂസിവലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ അഞ്ചിന് 51 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. എന്നാല്‍ വൃധിമാന്‍ സാഹ (61*), അശ്വിന്‍ (32), അക്ഷര്‍ പട്ടേല്‍ (28*) എന്നിവരുടെ പ്രടനം ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഏഴു വിക്കറ്റിന് 234 റണ്‍സിന് ഡിക്ലയര്‍ ചെയ്യാനും ഇതോടെ ഇന്ത്യക്കു കഴിഞ്ഞു. മുംബൈ ടെസ്റ്റില്‍ ഇന്ത്യ മൂന്നിന് 80 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ സാഹ, അക്ഷര്‍ എന്നിവരുടെ ഇന്നിങ്‌സുകള്‍ ടീമിനു തുണയായിരുന്നു.

 സാഹയുടെ പ്രകടനം

സാഹയുടെ പ്രകടനം

റിഷഭ് പന്തിനു പിറകില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇനിയും തന്നെ ആശ്രയിക്കാമെന്നു വെറ്ററന്‍ താരം വൃധിമാന്‍ സാഹ കാണിച്ചു തന്നു. ആദ്യ ടെസ്റ്റില്‍ പരിക്കു കാരണം വിക്കറ്റ് കാക്കാന്‍ സാധിക്കാതിരുന്നിട്ടും ബാറ്റ് ചെയ്യാനിറങ്ങിയ സാഹ രണ്ടാമിന്നിങ്‌സില്‍ പുറത്താവാതെ 61 റണ്‍സുമായി ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചിരുന്നു.

രണ്ടാം ടെസ്റ്റില്‍ വിക്കറ്റിനു പിന്നില്‍ ശ്രദ്ധേയമായ പ്രകടനം നടത്താനും അദ്ദേഹത്തിനു കഴിഞ്ഞു. ടേണില്‍ പിച്ചില്‍ ചുരുക്കം ചില പിഴവുകള്‍ സംഭവിച്ചെങ്കിലും ഹെന്റി നിക്കോള്‍സിനെ പുറത്താക്കിയ സാഹയുടെ സ്റ്റംപിങ് ഗംഭീരമായിരുന്നു.

 സിറാജിനെ പുറത്തിരുത്താനാവില്ല

സിറാജിനെ പുറത്തിരുത്താനാവില്ല

ടെസ്റ്റില്‍ ഇനി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും തന്നെ പുറത്തിരുത്തുന്നത് മണ്ടത്തരമായിരിക്കുമെന്ന് യുവ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് കാണിച്ചുതന്നു. ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇഷാന്ത് ശര്‍മയ്ക്കു പകരം ടീമിലെത്തിയപ്പോള്‍ അവസരം ശരിക്കും മുതലെടുക്കാന്‍ സിറാജിനു സാധിച്ചു.

രണ്ടാംദിനം ഉച്ചയ്ക്കു അദ്ദേഹം ന്യൂബോള്‍ കൊണ്ട് തീപ്പൊരി പാറിച്ചു. ന്യൂസിലാന്‍ഡിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകളും തുടക്കത്തില്‍ തന്നെ വീഴ്ത്തിയ സിറാജാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. പിന്നീട് മധ്യനിയെ സ്പിന്നര്‍മാരും തകര്‍ക്കകുയും ചെയ്തു. ഇതോടെ വെറും 62 റണ്‍സിന് കിവികള്‍ ഓള്‍ഔട്ടായി. 10 ടെസ്റ്റുകളില്‍ നിന്നും 33 വിക്കറ്റുകള്‍ സിറാജ് ഇതിനകം നേടിക്കഴിഞ്ഞു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം മൂന്നാം പേസറായി താനാണ് ഏറ്റവും ബെസ്റ്റെന്നു താരം തെളിയിച്ചിരിക്കുകയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, December 7, 2021, 11:20 [IST]
Other articles published on Dec 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X