മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ സര്‍വാധിപത്യം സ്ഥാപിച്ചിരിക്കുകയാണെന്ന് പറയാം. ഒന്നാം ഇന്നിങ്‌സില്‍ 325 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിനെ 62 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടാക്കിയത്. മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനമാണ് കിവീസിനെ തരിപ്പണമാക്കിയത്. ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ഇന്ത്യന്‍ ബൗളിങ് നിര തകര്‍പ്പന്‍ പ്രകടനം തന്നെയാണ് മുംബൈയില്‍ കാഴ്ചവെച്ചിരിക്കുന്നത്.
കെയ്ന്‍ വില്യംസണിന്റെ അഭാവം ന്യൂസീലന്‍ഡ് ടീമിലുണ്ടായിരുന്നെങ്കിലും ശക്തമായ ടീമിനെത്തന്നെയാണ് അവര്‍ രംഗത്തിറക്കിയത്. എന്നാല്‍ തട്ടകത്തിലെ ഇന്ത്യയുടെ ബൗളിങ് മികവിന് മുന്നില്‍ ന്യൂസീലന്‍ഡ് മുട്ടുമടക്കിയെന്ന് തന്നെ പറയാം. ഇപ്പോഴിതാ മുഹമ്മദ് സിറാജിന്റെ ബൗളിങ് പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സിറാജ് ടീമിലുണ്ടെങ്കില്‍ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യ അറിയില്ലെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്.
'ആരെയും വിടാന്‍ തയ്യാറാവാത്ത ബൗളറാണ് സിറാജ്. ഇഷാന്തിന്റെ പരിക്കിനെക്കുറിച്ചോ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരുടെ അഭാവത്തെക്കുറിച്ചോ നമ്മള്‍ ചിന്തിക്കുന്നില്ല. അവരുടെ അഭാവം നമുക്ക് തോന്നാത്തതിന് കാരണം സിറാജ് ഇന്ത്യന്‍ ടീമിലുള്ളതിനാലാണ്. അവന്റെ അധ്വാനമാണ് എടുത്തുപറയേണ്ടത്. കളത്തിലിറങ്ങുന്ന സമയത്തെല്ലാം തന്റെ കഴിവുകളെല്ലാം കളത്തില്‍ കാട്ടാന്‍ അവന്‍ ശ്രമിക്കുന്നു. വലിയ അനുഭൂതിയാണ് അവന്‍ നല്‍കുന്നത്'- ആകാശ് ചോപ്ര പറഞ്ഞു.

ആദ്യ ടെസ്റ്റ് കളിക്കാതിരുന്ന സിറാജ് രണ്ടാം ടെസ്റ്റില്‍ ശ്രദ്ധേയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. ന്യൂസീലന്‍ഡിന്റെ നടുവൊടിച്ച് ഓപ്പണറും നായകനുമായ ടോം ലാദം, വില്‍ യങ്, റോസ് ടെയ്‌ലര്‍ എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. തുടക്കത്തില്‍ സിറാജ് ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് തിരിച്ചുവരാന്‍ സന്ദര്‍ശകരായ ന്യൂസീലന്‍ഡിന് സാധിച്ചില്ല. മധ്യനിരയേയും വാലറ്റത്തെയും സ്പിന്നര്‍മാര്‍ ചുരുട്ടിക്കൂട്ടി. നാല് വിക്കറ്റാണ് ആര്‍ അശ്വിന്‍ വീഴ്ത്തിയത്.
റോസ് ടെയ്‌ലര്‍ വലിയ അനുഭവസമ്പത്തുള്ള താരമാണ്. ഇന്ത്യന്‍ പിച്ചുകളില്‍ വലിയ ബാറ്റിങ് റെക്കോഡുമുള്ള ടെയ്‌ലറെ സിറാജ് ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ടെയ്‌ലറുടെ അനുഭവസമ്പത്തിന് പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സിറാജിന്റെ ക്ലാസ് ബൗളെന്ന് പറയാം. ടെയ്‌ലറെ പുറത്താക്കിയ സിറാജിന്റെ ബൗളിങ്ങിനെയും ആകാശ് ചോപ്ര പ്രശംസിച്ചു.
'കഠിനമായി അധ്വാനിക്കുകയും വളെയധികം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വിക്കറ്റ് നേടാന്‍ കഴിവ് അത്യാവശ്യമാണ്. അവന് ആ കഴിവുണ്ട്. അതുകൊണ്ട് തന്നെയാണ് വിക്കറ്റുകള്‍ നേടുന്നത്. റോസ് ടെയ്‌ലറെ പുറത്താക്കിയ അവന്റെ പന്ത് കളിക്കാന്‍ സാധിക്കാത്തതാണ്. അല്‍പ്പം മാത്രം ചലിച്ച് സ്റ്റംപിനെ ലക്ഷ്യം വെച്ചുള്ള മനോഹരമായ പന്ത്. ടോം ലാദത്തിനെതിരേ തുടര്‍ച്ചയായി ബൗണ്‍സര്‍ എറിഞ്ഞ് കാണ്‍പൂരിനെ മറക്കാനാണ് അവന്‍ പറഞ്ഞത്. അവന്റെ ആത്മവിശ്വാസമാണ് ഇത് കാട്ടുന്നത്'- ആകാശ് ചോപ്ര പറഞ്ഞു.
ദക്ഷിണാഫ്രിക്കന്‍ പരമ്പര വരാനിരിക്കെ ഇന്ത്യയുടെ മുഖ്യ ബൗളറായിത്തന്നെ സിറാജ് ഉണ്ടാവും. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ മുഖ്യ പേസറായി സിറാജ് ടീമിലിടം പിടിക്കുമെന്ന കാര്യം ഉറപ്പാണ്. ഈ മാസം പകുതിയോടെ തന്നെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ആരംഭിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന പരമ്പരയാണിത്. അതുകൊണ്ട് തന്നെ സിറാജിനെപ്പോലെയുള്ള യുവതാരങ്ങളില്‍ നിന്ന് ഏറ്റവും മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ സിറാജിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു.