ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനം നഷ്‌ടമായതിന് പിന്നാലെ ഇന്ത്യ ഇതുവരെയും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഒരുകൈ നോക്കിയിട്ടില്ല. അത്തരത്തിൽ അടുത്ത ചാമ്പ്യൻഷിപ്പിൽ കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ആദ്യ പരമ്പരയ്ക്ക് ഇറങ്ങുന്നത് കരുത്തരായ ഇംഗ്ലണ്ടിനെതിരെയാണ്. ഈ മാസം 20 മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. അഞ്ച് ടെസ്‌റ്റ് മത്സരങ്ങളാണ് ഇരു ടീമുകളും തമ്മിൽ പരമ്പരയിൽ കളിക്കുക.
പല കാര്യങ്ങൾ കൊണ്ട് ശ്രദ്ധേയമായ പരമ്പര കൂടിയാണ് ഇത്തവണത്തേത്. അതിലൊന്നാണ് പുതിയ സൈക്കിളിലെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്ന ടെസ്‌റ്റ് കൂടിയാണിത് എന്നത്. നിലവിൽ ലോഡ്‌സിൽ അരങ്ങേറുന്ന ഓസീസ്-ദക്ഷിണാഫ്രിക്കൻ കലാശപ്പോരാട്ടം അവസാനിക്കുന്നതോടെ അടുത്ത ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന് ഇന്ത്യയുടെ ക്യാമ്പയിൻ ആരംഭിക്കുകയാണ്.

താരതമ്യേന പരിചയ സമ്പത്ത് കുറഞ്ഞ യുവനിരയുമായാണ് ഇന്ത്യൻ ടീം അണിനിരക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഗില്ലിന്റെ നേതൃത്വത്തിൽ എത്തുന്ന ടീമിൽ കോലിയും രോഹിതും ഇല്ലെന്നതാണ് പ്രധാന കാര്യം. എങ്കിലും പരിചയസമ്പന്നരായ ഒരുപിടി താരങ്ങൾ അവർക്ക് സ്വന്തമായുണ്ട്. അതിൽ പ്രധാനിയാണ് ജസ്പ്രീത് ബുമ്ര.
അടിക്കടി പരിക്കേൽക്കുന്ന ബുമ്രയുടെ കരിയറിൽ നല്ലൊരു ഭാഗം ഇത്തരത്തിൽ താരത്തിന് നഷ്‌ടമായിരുന്നു. പുതിയ കാലത്തെ ഏറ്റവും മികച്ച പേസർമാരിൽ ഒരാളായ ബുമ്രയ്ക്ക് പക്ഷേ ഇംഗ്ലണ്ടിൽ വെന്നിക്കൊടി പാറിക്കാൻ കഴിയുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. ഇതിനിടയിൽ ശ്രദ്ധേയമാവുന്നത് ആർ അശ്വിന്റെ വെളിപ്പെടുത്തലാണ്.
ജോലിഭാരം മൂലമുള്ള പ്രശ്‌നങ്ങൾ കാരണം, ആകെയുള്ള അഞ്ച് മത്സരങ്ങളിൽ മൂന്നോ നാലോ മത്സരങ്ങൾ മാത്രമേ ബുമ്ര കളിക്കാൻ സാധ്യതയുള്ളൂ എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറംവേദനയെ തുടർന്ന് മാസങ്ങളോളം ടീമിൽ നിന്ന് വിട്ടുനിന്ന ബുമ്രയെക്കുറിച്ച് സഹതാരം രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധേയമാവുന്നത്.
മെൽബണിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ നാലാമത്തെ ടെസ്‌റ്റോടെ ബുമ്ര ക്ഷീണിതനായിരുന്നുവെന്ന് അശ്വിൻ വെളിപ്പെടുത്തി, തന്റെ ശരീരം താങ്ങാനാവുന്നില്ലെന്ന് അദ്ദേഹം ടീമിനോട് പറഞ്ഞു. തുടർന്ന് സിഡ്‌നിയിൽ നടന്ന അഞ്ചാമത്തെ ടെസ്‌റ്റിൽ വീഴുകയായിരുന്നു. ബുമ്രയുടെ കാര്യത്തിൽ സ്‌പോർട്‌സ് മെഡിസിനും സാങ്കേതികവിദ്യയും കൃത്യമായി ഉപയോഗിക്കാത്തതും അദ്ദേഹം എടുത്തുകാട്ടി.
'നോക്കൂ, അദ്ദേഹം മൂന്ന് ടെസ്‌റ്റുകളോ നാല് ടെസ്‌റ്റുകളോ കളിക്കുമെന്ന് പറയുന്നത് ആത്മനിഷ്ഠമാണ്. എന്തുകൊണ്ട് രണ്ട് ടെസ്‌റ്റുകൾ കളിച്ചുകൂടാ, എന്തുകൊണ്ട് നാല് ടെസ്‌റ്റുകൾ കളിച്ചുകൂടാ? എന്നുള്ള ചോദ്യങ്ങൾ ഉയരും. പക്ഷേ കളിക്കാരന്റെ വികാരങ്ങൾ കൂടി ചേർക്കുമ്പോൾ, ജാസിയുമായി നിങ്ങൾ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് ഏതാണ്ട് പൂർണമായ ഒരു വിലയിരുത്തലിൽ എത്തിച്ചേരാനാകും' അശ്വിൻ ബുമ്രയെ പിന്തുണച്ചു.
ഓസീസിൽ വച്ചുണ്ടായ സാഹചര്യം കൂടി വിലയിരുത്തി വേണം ബുമ്രയെ ഇംഗ്ലണ്ടിൽ ഉപയോഗിക്കേണ്ടത് എന്നാണ് അശ്വിൻ പറയുന്നത്. 'ഇവിടെ ചില യഥാർത്ഥ പാഠങ്ങളുണ്ട്. ഇംഗ്ലണ്ടിൽ നിങ്ങൾ അവനെ എങ്ങനെ ഉപയോഗിക്കുമെന്ന് നിർവചിക്കുന്നത് അതാണ്' എന്നാണ് അശ്വിൻ പറയുന്നത്. ഇംഗ്ലണ്ടിൽ ഇന്ത്യയുടെ കുന്തമുനയാണ് ജസ്‌പ്രീത് ബുമ്ര. പരിക്ക് തുടർക്കഥ ആണെങ്കിലും അതൊന്നും താരത്തിന്റെ ഫോമിനെ ബാധിച്ചിട്ടില്ല.
നിലവിൽ ഇന്ത്യൻ നിരയിൽ പേസർമാരായി കളിക്കുന്നത് ശാർദൂൽ താക്കൂർ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്‌ണ എന്നിങ്ങനെയുള്ള മികവുറ്റ താരങ്ങളാണ്. എങ്കിലും മത്സര പരിചയവും ബുമ്രയുടെ ബൗളിങ് മികവും അതിൽ പ്രകടമാണ്. ഇംഗ്ലണ്ടിലെ താരതമ്യേന വേഗം കൂടിയ പിച്ചിൽ ബുമ്രയുടെ മാജിക് കാണാൻ കാത്തിരിക്കുകയാണ് അവർ.