ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ പ്രവര്‍ത്തികളുടെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. രണ്ടാമത്തെ ന്യൂബോളും മാറ്റാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെയാണ് പലരും ചോദ്യം ചെയ്തിരിക്കുന്നത്. പന്തിന്റെ ആകൃതിയില്‍ വ്യത്യാസം സംഭവച്ചതായി കാണിച്ചാണ് അതു മാറ്റാന്‍ ഗില്‍ ആവശ്യപ്പെട്ടത്. പക്ഷെ ഈ നീക്കം ടീമിനു ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്്തത്.
രണ്ടാം ന്യൂബോളെടുത്ത ശേഷം അതു വെറും 63 തവണ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. രണ്ടാംദിനത്തിലെ ആദ്യത്തെ 45 മിനിറ്റിനിടെ നല്ല മൂവ്‌മെന്റും ബോളിനു ലഭിച്ചിരുന്നു. ഇതേ ബോള്‍ കൊണ്ട് ജസ്പ്രീത് ബുംറ ഇന്ത്യക്കു തുടര്‍ച്ചയായി മൂന്നു വിക്കറ്റുകളും വീഴ്ത്തി. എന്നിട്ടും ഈ ബോള്‍ മാറ്റാന്‍ ഗില്‍ ആവശ്യപ്പെട്ടുവെന്നതാണ് പല മുന്‍ താരങ്ങളെയും അമ്പരപ്പിച്ചത്. ഇന്ത്യന്‍ നായകന്റെ നീക്കത്തെ അവര്‍ വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്.

സംഭവമിങ്ങനെ
ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിലെ 91ാമത്തെ ഓവറിനു ശേഷമാണ് സംഭവങ്ങളുടെ തുടക്കം. ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ജോ റൂട്ട്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ് എന്നിവരെ രണ്ടാംദിനം തുടക്കത്തില്‍ തന്നെ ജസ്പ്രീത് ബുംറ മടക്കുകയും ചെയ്തിരുന്നു. കളിയില്‍ ഉപയോഗിച്ച രണ്ടാം ന്യൂബോള്‍ ഉപയോഗിച്ചായിരുന്നു ഇത്. പക്ഷെ 91ാമത്തെ ഓവറിനിടെ ബോള്‍ മാറ്റി നല്‍കണമെന്നു ഇന്ത്യ ആവശ്യപ്പെടുകയായിരുന്നു.
ഈ ഓവര്‍ എറിഞ്ഞ പേസര്‍ മുഹമ്മദ് സിറാജാണ് പന്തിനെക്കുറിച്ച് അംപയറോടു പരാതിപ്പെട്ടത്. ഇതേ തുടര്‍ന്നു ബോള്‍ പരിശോധിച്ച ശേഷം അംപയര്‍ മറ്റൊരു ബോള്‍ നല്‍കുകയും ചെയ്തു. പക്ഷെ പകരം നല്‍കിയ ബോള്‍ ഇന്ത്യന്‍ ടീം പ്രതീക്ഷിച്ചതു പോലെ പുതിയതായല്ല കാണുപ്പെട്ടത്. മാമ്രല്ല, അതിനു നേരത്തേ മാറ്റിയ ബോളിന്റെ അത്ര പോലും മൂവ്‌മെന്റും ലഭിച്ചില്ല. ഒരു ബോളെറിഞ്ഞ ശേഷം സിറാജ് അതു ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ കാണിക്കുകയായിരുന്നു.
മാറ്റിക്കിട്ടിയ ബോള്‍ കണ്ട ശേഷം ക്ഷുഭിതനായ ഗില്‍ ഓണ്‍ഫീല്‍ഡ് അംപയറായ സൈക്കാത്തിനോടു കയര്‍ക്കുകയും വാദിക്കുകയും ചെയ്തു. മാറ്റി നല്‍കിയ ബോളിലുളള അതൃപ്തിയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇതു ശരിക്കു ന്യൂബോളാണോയെന്നു സിറാജ് ചോദിക്കുന്നതും സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം. ഗില്ലിന്റെ പ്രതിഷേധമെല്ലാം ഓണ്‍ഫീല്‍ഡ് അംപയര്‍മാര്‍ തള്ളുകയും ആ ബോള്‍ മാറ്റി നല്‍കില്ലെന്നും ഉറപ്പിച്ച് പറഞ്ഞതോടെ മല്‍സരം പുനരാരഭിക്കുകയായിരുന്നു.
മല്‍സരം പുനരാരംഭിച്ച ശേഷവും ഗില്ലിന്റെ മുഖത്ത് ബോളിന്റെ കാര്യത്തില്‍ അതൃപ്തിയും രോഷവുമെല്ലാം പ്രകടവുമായിരുന്നു. അദ്ദേഹവും ഇന്ത്യന്‍ ടീമും ഭയന്നതു തന്നെ പിന്നീട് സംഭവിക്കുകയും ചെയ്തു. ബോളിന്റെ മൂവ്‌മെന്റ് കുറഞ്ഞു വന്നതോടെ ഇംഗ്ലീഷ് താരങ്ങള്‍ക്കു ബാറ്റിങ് കൂടുതല്‍ എളുപ്പമായി മാറി.

ജാമി സ്മിത്തും ബ്രൈഡന്‍ കാര്‍സും എട്ടാം വിക്കറ്റില്‍ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി ടീമിനെ കരകയറ്റി. ഏഴിന് 271 റണ്‍സില്‍ നിന്നും അവര്‍ ടീമിനെ 350 കടത്തുകയും ചെയ്തു. മൂന്നോവറുകള്‍ക്കു ശേഷം ഡ്രിങ്ക്‌സ് ബ്രേക്ക് വന്നപ്പോള്‍ അംപയര്‍മാരോടു ബോളിനെക്കുറിച്ച് ഗില്‍ വീണ്ടും പരാതി പറയുന്നത് കാണാമായിരുന്നു.
ഗില്ലിനു വിമര്‍ശനം
ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിയുകയും അവര്‍ക്കു വിക്കറ്റുകള്‍ ലഭിച്ചു കൊണ്ടിരിക്കുകയും ചെയ്യവെ അനാവശ്യമായി ബോള്‍ മാറ്റിയ ശുഭ്മന്‍ ഗില്ലിനെ പല മുന്‍ താരങ്ങളും വിമര്‍ശിച്ചു.
ബോളിന്റെ കാര്യത്തില്‍ ഇന്ത്യക്കാര്‍ വളരെ കുറച്ചു മാത്രമേ ക്ഷമ കാണിക്കുന്നുള്ളൂ. ജസ്പ്രീത് ബുംറയുടെ മൂന്നു വിക്കറ്റുകള്‍ക്കു ശേമുള്ള ബോള്‍ മാറ്റം തിരിച്ചടിയായി മാറി. സ്വിങ് നഷ്ടമായി, ബോള്‍ മാറ്റാന്‍ സിറാജിനെ എന്തിനാണ് ഗില്‍ അനുവദിച്ചതെന്നു മനസ്സിലാക്കുക കടുപ്പമാണെന്നായിരുന്നു മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് എക്‌സില്‍ കുറിച്ചത്.