INDvENG: 'ഇംഗ്ലണ്ടില്‍ കോലിയും ശാസ്ത്രിയും അക്കാര്യം കൂടുതല്‍ ശ്രദ്ധിക്കണം' ചൂണ്ടിക്കാട്ടി ലക്ഷ്മണ്‍
ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് മത്സര ടെസ്റ്റ് പരമ്പര ആഗസ്റ്റ് നാലിന് ആരംഭിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യക്ക് ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പര നേട്ടം അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പരമ്പര നേടുക ഇന്ത്യയെ സംബന്ധിച്ച് ഒട്ടും എളുപ്പമാവില്ല. വിരാട് കോലി, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്.
ബൗളിങ് നിരയെക്കുറിച്ചോര്‍ത്ത് ആശങ്കകള്‍ കുറവാണെങ്കിലും ബാറ്റിങ്ങില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഡ്യൂക്‌സ് ബോളിലെ സ്വിങ്ങും ഇംഗ്ലണ്ട് പേസര്‍മാരുടെ പരിചയസമ്പത്തും മികവും പരിശോധിക്കുമ്പോള്‍ ഇന്ത്യ വെള്ളം കുടിക്കുമെന്ന കാര്യം ഉറപ്പാണ്. ഇംഗ്ലണ്ട് പരമ്പര നടക്കാനിരിക്കെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട കാര്യം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.

ഒന്നോ രണ്ടോ ബാറ്റ്‌സ്മാനെ ആശ്രയിക്കുന്നു
ഇംഗ്ലണ്ടില്‍ ഒന്നോ രണ്ടോ ബാറ്റ്‌സ്മാനെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമെന്നാണ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടത്. 'ബാറ്റ്‌സ്മാന്‍മാരുടെ മാച്ച് വിന്നിങ് പ്രകടനമെന്ന് പറയാന്‍ വിരാട് കോലിക്കും രവി ശാസ്ത്രിക്കും കഴിയണം. വിദേശ മൈതാനങ്ങളില്‍ ഒന്നോ രണ്ടോ ബാറ്റ്‌സ്മാനെ അമിതമായി ആശ്രയിക്കുന്നു. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ ഇതിന്റെ സാധ്യതകള്‍ കൂടുതലാണ്. ഇംഗ്ലണ്ടില്‍ വിജയം നേടണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതായുണ്ട്. ഒന്നോ രണ്ടോ ബാറ്റ്‌സ്മാന്‍മാര്‍ മാത്രം എപ്പോഴും കളിക്കുമെന്ന് കരുതരുത്. അതാണ് കോലിയും രവി ശാസ്ത്രിയും ശ്രദ്ധിക്കേണ്ടത്'-ലക്ഷ്മണ്‍ പറഞ്ഞു.

എല്ലാ കണ്ണുകളും കോലിയില്‍
2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം ചരിത്ര പ്രകടനം കാഴ്ചവെക്കാന്‍ കോലിക്ക് സാധിച്ചിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണയും കോലിയിലാണ് എല്ലാ പ്രതീക്ഷകളും. എന്നാല്‍ 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിക്കാത്ത കോലിയെ അമിതമായി ആശ്രയിക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയായേക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കോലിക്ക് തിളങ്ങാനായില്ല. മറ്റൊരു താരം ചേതേശ്വര്‍ പുജാരയാണ്. രണ്ട് വര്‍ഷമായി സെഞ്ച്വറി പോലും നേടാന്‍ സാധിക്കാത്ത പുജാരയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ശരാശരി 28 മാത്രമാണ്. അതിനാല്‍ വലിയ പ്രതീക്ഷക്ക് വകയില്ല.

ടീം മാനേജ്‌മെന്റ് എല്ലാ താരങ്ങളെയും പിന്തുണക്കും
ഓരോ താരങ്ങള്‍ക്കും ഓരോ രീതിയാണുള്ളത്. അവര്‍ ആ വ്യത്യസ്ത രീതിയിലൂടെയാണ് റണ്‍സ് നേടുന്നത്. വിരാട് കോലി തന്റെ ശൈലി കരിയറിലുടെനീളം പിന്തുടരുന്ന താരമാണ്. പുജാരയുടെ രീതി മറ്റൊരു തലത്തിലാണ്. രോഹിത് ശര്‍മ ഓപ്പണറെന്ന നിലയില്‍ മറ്റൊരു തലത്തിലാണ് രോഹിതിന്റെ പ്രകടനം. അതിനാല്‍ത്തന്നെ ഓരോ താരങ്ങള്‍ക്കും തങ്ങളുടേതായ രീതിയിലുള്ള പിന്തുണയും ആത്മവിശ്വാസം വര്‍ധിക്കാനുള്ള കാര്യങ്ങളും ടീം മാനേജ്‌മെന്റ് നടത്തേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications