IND vs ENG: 2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിഷാദം വേട്ടയാടി- തുറന്ന് പറഞ്ഞ് വിരാട് കോലി
അഹമ്മദാബാദ്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. മൂന്ന് ഫോര്‍മാറ്റിലും 50ലധികം ശരാശരിയുള്ള നിലവിലെ ഏക താരവും കോലിയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഏകദിന സെഞ്ച്വറികളുടെ റെക്കോഡ് ഭേദിക്കാന്‍ കെല്‍പ്പുള്ള ഏക താരമായാണ് കോലിയെ വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനായുള്ള മുന്നൊരുക്കത്തിലാണ് അദ്ദേഹമുള്ളത്.
ഇപ്പോഴിതാ 2014ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ വിഷാദത്തിന് അടിമപ്പെട്ടുപോയ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിരാട് കോലി.'ആ സമയത്ത് വളരെയധികം വിഷാദം നേരിട്ടു. റണ്‍സ് നേടാന്‍ സാധിക്കുന്നില്ല എന്ന തിരിച്ചറിവോടെ ഉണരുന്നത് അത്ര നല്ല അനുഭവമല്ല. ചില ഘട്ടത്തില്‍ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുന്ന അനുഭവം എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കും സംഭവിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്'-കോലി പറഞ്ഞു.
എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യക്കുവേണ്ടി തിളങ്ങാന്‍ കോലിക്ക് സാധിച്ചില്ല. 3-1ന് ടെസ്റ്റ് പരമ്പയും 1-0ന് ടി20 പരമ്പരയും തോറ്റ ഇന്ത്യ ഏകദിന പരമ്പര 3-1ന് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ വിരാട് കോലിക്ക് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു 2014ലെ ഇംഗ്ലണ്ട് പരമ്പര. എന്നാല്‍ ഇതിനെയെല്ലാം അതിജീവിക്കാന്‍ കോലിക്ക് സാധിച്ചു.

1,8,25,0,39,28,0,7,6,20 എന്നിങ്ങനെയായിരുന്നു ടെസ്റ്റ് പരമ്പരയില്‍ കോലിയുടെ സ്‌കോര്‍. 10 ഇന്നിങ്‌സിലെ ശരാശരി 13.40 മാത്രമായിരുന്നു. ഇതോടെയാണ് കോലി സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതും വിഷാദാവസ്ഥയിലേക്ക് എത്തിയതും.
ഇത്തരം സന്ദര്‍ഭങ്ങള്‍ കടന്നുവരുമ്പോള്‍ എങ്ങനെ അതിജീവിക്കാമെന്ന് നമുക്ക് മനസിലാക്കാന്‍ സാധിക്കാതെ പോകുന്നു. ആ സമയത്ത് ലോകത്ത് ഒറ്റപ്പെട്ട മനുഷ്യനായാണ് എനിക്ക് തോന്നിയത്. വ്യക്തിപരമായി പറഞ്ഞാല്‍ വലിയൊരു കൂട്ടത്തിനുള്ളില്‍ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കാനും പ്രശ്‌നം തുറന്ന് പറയാനും സാധിക്കുന്ന ആളുണ്ടാവുക എന്നത് പ്രധാന ഘടകമാണെന്നും കോലി പറഞ്ഞു.
എന്താണ് എനിക്കുണ്ടായ അനുഭവം എന്ന് തുറന്ന് പറയാം. രാത്രിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ല. രാവിലെ ഉറക്കം ഉണരാന്‍ ആഗ്രഹിക്കുന്നില്ല,എനിക്ക് ആത്മവിശ്വാസമില്ലാത്ത അവസ്ഥ.ഞാന്‍ എന്ത് ചെയ്യണമെന്നറിയാത്ത ആശങ്ക. ഒരുപാട് ആളുകള്‍ നീണ്ട കാലം ഇത്തരം അനുഭവങ്ങളുമായി ജീവിക്കുന്നു. മാസങ്ങളോളം അല്ലെങ്കില്‍ കരിയറില്‍ മുഴുവന്‍ ഈ പ്രശ്‌നം അനുഭവിക്കുന്നവരുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ ഈ പ്രശ്‌നം അതിജീവിക്കാന്‍ ഒരു പ്രൊഫഷനലിന്റെ സഹായം അത്യാവശ്യമാണെന്ന് വിശ്വസിക്കുന്നുവെന്നും കോലി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications