IND vs ENG: ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് തകര്‍ക്കാനൊരുങ്ങി വിരാട് കോലി
മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഫെബ്രുവരി 5ന് ആരംഭിക്കുകയാണ്. ഇതിനോടകം ഇന്ത്യയിലെത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ ക്വാറന്റെയ്‌നില്‍ കഴിയുകയാണ്. നിലവില്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തലപ്പത്തുള്ള ഇന്ത്യക്ക് ഫൈനല്‍ സീറ്റുറപ്പിക്കാന്‍ ഇംഗ്ലണ്ട് പരമ്പര നിര്‍ണ്ണായകമാണ്. ഇന്ത്യയിലാണ് പരമ്പര നടക്കുന്നതെന്നത് ആതിഥേയര്‍ക്ക് കരുത്ത് പകരുന്നു. ഓസ്‌ട്രേലിയയില്‍ ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയ വിരാട് കോലി ഇംഗ്ലണ്ടിനെതിരേ നായകസ്ഥാനത്ത് തിരിച്ചെത്തും. ഇംഗ്ലണ്ട് പരമ്പരയിലൂടെ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോഡ് ഭേദിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കോലിക്ക് മുന്നിലുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരം വിജയിച്ച ഇന്ത്യന്‍ നായകനെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്. നിലവില്‍ 21 ജയം സ്വന്തമാക്കിയ എംഎസ് ധോണിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള വിരാട് കോലി 20 മത്സരങ്ങളിലാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് മത്സരം ജയിച്ചാല്‍ ഈ റെക്കോഡില്‍ കോലിക്ക് തലപ്പത്തെത്താം. മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 13 ജയവുമായി മൂന്നാം സ്ഥാനത്തും സൗരവ് ഗാംഗുലി 10 ജയവുമായി നാലാം സ്ഥാനത്തുമാണ്.

നാല് ടെസ്റ്റ് മത്സരങ്ങളാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ളത്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും വിജയകരമായ നായകന്‍ കോലിയാണ്. ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ടെസ്റ്റ് പരമ്പര സമ്മാനിച്ചത് കോലിയാണ്. 2018-19 ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഈ നേട്ടം. ഇത്തവണയും ഇന്ത്യ പരമ്പര നേടിയെങ്കിലും കോലിയുടെ അഭാവത്തില്‍ രഹാനെയായിരുന്നു ഇന്ത്യയുടെ നായകന്‍.
ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ തളച്ചെത്തുന്ന ഇന്ത്യക്കാണ് ഇംഗ്ലണ്ടിനെതിരേ മുന്‍തൂക്കം. എന്നാല്‍ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്‌തെത്തുന്ന ഇംഗ്ലണ്ട് നിര നിസാരരല്ല. ജോ റൂട്ട്,ജോസ് ബട്‌ലര്‍,ബെന്‍ സ്‌റ്റോക്‌സ് തുടങ്ങിയ പ്രതിഭാശാലികളായ നിരവധി താരങ്ങള്‍ ഇംഗ്ലണ്ട് നിരയിലുണ്ട്. ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ തുടങ്ങിയ കരുത്തുറ്റ പേസ് നിരയും ഇംഗ്ലണ്ടിനൊപ്പമുണ്ട്.
കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരമാണിത്. സെഞ്ച്വറി വീരനായ കോലിക്ക് അടുത്തിടെയൊന്നും സെഞ്ച്വറി നേടാനായിട്ടില്ല. അതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പരമ്പരയിലൂടെ വീണ്ടും സെഞ്ച്വറി നേട്ടത്തോടെ തിരിച്ചെത്താനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് കോലിക്ക് മുന്നിലുള്ളത്. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയും അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയും ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications