ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ മൂന്നാം നമ്പറില്‍ അഭിമന്യു ഈശ്വരന് പ്രഥമ പരിഗണന നല്‍കണം എന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. സായ് സുദര്‍ശനേക്കാള്‍ അഭിമന്യു ഈശ്വരന്റെ റെക്കോര്‍ഡ് ആണ് പരിഗണിക്കേണ്ടത് എന്നാണ് കൈഫിന്റെ പക്ഷം. വിരാട് കോലി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ശുഭ്മാന്‍ ഗില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരുന്നു.
ഇതോടെ ഇന്ത്യന്‍ ടീമിന്റെ ടോപ് ഓര്‍ഡറിനെ സംബന്ധിച്ച് വലിയ ചോദ്യചിഹ്നമാണ് നിലനില്‍ക്കുന്നത്. രോഹിത് ശര്‍മ്മയും ടെസ്റ്റ് ടീമില്‍ നിന്ന് വിരമിച്ചതോടെ ഓപ്പണിംഗ് സ്ഥാനത്തേക്ക് കെ എല്‍ രാഹുലും യശ്വസി ജയ്‌സ്വാളും എത്തും എന്നാണ് വിവരം. എന്നാല്‍ മൂന്നാം നമ്പറില്‍ ആണ് ഇന്ത്യയ്ക്ക് പ്രധാന തലവേദന. ആഭ്യന്തര ക്രിക്കറ്റിലെ പരിചയസമ്പന്നനായ അഭിമന്യു ഈശ്വരന്‍, പുതുമുഖമായ സായ് സുദര്‍ശന്‍, കരുണ്‍ നായര്‍ എന്നിവരാണ് ഈ സ്ഥാനത്തേക്ക് സാധ്യതയുള്ള താരങ്ങള്‍.

അതേസമയം കരുണ്‍ നായര്‍ മൂന്നാം നമ്പറില്‍ എത്തിയേക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായതിനാല്‍ സായ് സുദര്‍ശനും അഭിമന്യു ഈശ്വരനും തമ്മിലാണ് മത്സരം. ഇക്കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനമാണ് സായ് സുദര്‍ശന്‍ കാഴ്ച വെച്ചത്. സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ സായ് 15 മത്സരങ്ങളില്‍ നിന്ന് 54.21 ശരാശരിയിലും 156.17 സ്‌ട്രൈക്ക് റേറ്റിലും 759 റണ്‍സ് നേടി.
ഐപിഎല്‍ സീസണിന് മുമ്പുള്ള രഞ്ജി ട്രോഫിയിലും സുദര്‍ശന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് 76 ശരാശരിയില്‍ 304 റണ്‍സ് ആണ് സായ് നേടിയത്. ഇതൊക്കെയാണെങ്കിലും അഭിമന്യു ഈശ്വരന്റെ ഫസ്റ്റ് ക്ലാസ് റെക്കോര്‍ഡിനെ അവഗണിക്കാന്‍ കഴിയില്ലെന്നാണ് കൈഫ് പറയുന്നത്. അതിനാല്‍ തന്നെ ബാറ്റിംഗ് ഓര്‍ഡറില്‍ സുദര്‍ശനേക്കാള്‍ ഉയര്‍ന്ന സ്ഥാനം അദ്ദേഹം അര്‍ഹിക്കുന്നു എന്നാണ് കൈഫിന്റെ പക്ഷം.
'സായ് സുദര്‍ശന് മുമ്പ് അഭിമന്യു ഈശ്വരന്‍ പ്ലെയിംഗ് ഇലവനില്‍ ഇടം നേടാന്‍ അര്‍ഹനാണ്. അഭിമന്യു ഈശ്വരന്റെ 27 ഫസ്റ്റ് ക്ലാസ് സെഞ്ച്വറികള്‍, ഏകദേശം 8,000 എഫ്സി റണ്‍സ് എന്നിവയെ ബഹുമാനിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടില്‍ ഇന്ത്യ എയ്ക്ക് മികച്ച പ്രകടനം നടത്തിയ സര്‍ഫ്രാസിനെ ഒഴിവാക്കിയതിലൂടെ സെലക്ടര്‍മാര്‍ ഒരു തെറ്റ് ചെയ്തു. ലീഡ്‌സ് ടെസ്റ്റില്‍ നിന്ന് അഭിമന്യു ഈശ്വരനെ മാറ്റി നിര്‍ത്തി അവര്‍ അത് ആവര്‍ത്തിക്കരുത്,' കൈഫ് പറഞ്ഞു.
2024-25 ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ പരമ്പരയിലെ പെര്‍ത്തിലെ ആദ്യ മത്സരത്തിന് മുന്നോടിയായി രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ടീമിന് ഒരു ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ആവശ്യമായി വന്നപ്പോള്‍ അഭിമന്യു ഈശ്വരന് നറുക്ക് വീഴുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര സന്നാഹ മത്സരങ്ങളില്‍ മോശം സ്‌കോറുകള്‍ നേടിയതിനെ ഈ അവസരം കെ എല്‍ രാഹുലിലേക്ക് പോയി.
അടുത്തിടെ ഇംഗ്ലണ്ടില്‍ ഇന്ത്യ 'എ'യെ നയിച്ച അഭിമന്യു ഈശ്വരന്‍, അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ച്വറി നേടി. അതേസമയം മൂന്നാം നമ്പര്‍ കളിക്കാരനെക്കുറിച്ചുള്ള തീരുമാനം വളരെ വൈകിയാണ് ഇന്ത്യ തീരുമാനിക്കുന്നത് എന്നാണ് വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്ത് പറയുന്നത്.
സാഹചര്യങ്ങളും അവസാന പരിശീലന സെഷനുകളിലെ കളിക്കാരുടെ പ്രകടനവും അടിസ്ഥാനമാക്കിയായിരിക്കാം ഇത്. നിര്‍ണായകമായ മൂന്നാം നമ്പര്‍ റോളിനുള്ള താരങ്ങളെ സംബന്ധിച്ച് മാനേജ്മെന്റ് ചര്‍ച്ചകള്‍ തുടരുന്നതിനിടെ മധ്യനിരയിലെ സ്ഥാനങ്ങള്‍ ഏകദേശം ഉറപ്പായിട്ടുണ്ട് എന്നും പന്ത് വ്യക്തമാക്കി.
'മൂന്നാം നമ്പറില്‍ ആര് കളിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും ചര്‍ച്ച നടക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു. പക്ഷേ തീര്‍ച്ചയായും നാലാം നമ്പറും അഞ്ചാം നമ്പറും ഉറപ്പാണ്. ശുഭ്മാന്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ അഞ്ചാം നമ്പറില്‍ തന്നെ തുടരും. പന്ത് പറഞ്ഞു. ജൂണ്‍ 20 വെള്ളിയാഴ്ച ലീഡ്‌സിലെ ഹെഡിംഗ്ലിയില്‍ ആണ് ആദ്യ ടെസ്റ്റ് നടക്കുന്നത്.