അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള അവസാന ഘട്ട പരിശീലനത്തിലാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 227 റണ്‍സിന് ജയിച്ച ഇംഗ്ലണ്ടിന് രണ്ടാം മത്സരത്തില്‍ 315 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. നിലവില്‍ 1-1 തുല്യതയിലായതിനാല്‍ മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ ഇംഗ്ലണ്ട് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് മൊട്ടേറയില്‍ മൂന്നാം ടെസ്റ്റിനിറങ്ങുന്നതെന്ന് പറഞ്ഞിരിക്കുകയാണ് പേസ് ബൗളര്‍ മാര്‍ക്ക് വുഡ്.
'പന്തിന് നന്നായി സ്വിങ് ലഭിച്ചാല്‍ ഇംഗ്ലണ്ടിനത് ഗുണം ചെയ്യും. ഞങ്ങളുടെ പേസ് ബൗളര്‍മാര്‍ മികച്ചവരാണ്. പ്രതിഭയും പരിചയസമ്പത്തുമുള്ള ആന്‍ഡേഴ്‌സനും ബ്രോഡും ഇംഗ്ലണ്ടിന്റെ പേസ് നിരയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നു. പന്ത് സ്വിങ് ചെയ്യുകയും പേസര്‍മാര്‍ക്ക് അനുകൂലമാവുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ ആത്മവിശ്വാസത്തോടെയാണ് ഞങ്ങള്‍ ഇറങ്ങുന്നത്'-മാര്‍ക്ക് വുഡ് പറഞ്ഞു.

മൊട്ടേറ സ്റ്റേഡിയം നേരത്തെ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായിരുന്നെങ്കിലും പുതുക്കി നിര്‍മ്മിച്ചതോടെ മൈതാനം പേസിന് അനുകൂലമായി മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ പിങ്ക് ബോളില്‍ സ്വിങ് ചെയ്യിക്കാന്‍ മിടുക്കനാണ്. ബ്രോഡിന്റെ വേഗവും കൃത്യമായ ലൈനും ലെങ്തും ഒപ്പം ജോഫ്രാ ആര്‍ച്ചറും കൂടി ചേരുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.
ആദ്യ രണ്ട് മത്സരത്തിലും സ്പിന്നര്‍മാരാണ് കളം വാണത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് സ്പിന്‍ കുരിക്കില്‍ ഇന്ത്യയെ വീഴ്ത്തിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ അതേ സ്പിന്‍ കുരുക്കില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി. മൂന്നാം ടെസ്റ്റില്‍ മൊട്ടേറിയില്‍ കാര്യങ്ങള്‍ കണ്ട് തന്നെ അറിയണം. പിച്ചിലെ പച്ചപ്പ് പേസിന് അനുകൂലമാണ്. എന്നാല്‍ മറ്റെന്തെങ്കിലും രഹസ്യം പിച്ചിലുണ്ടോയെന്ന് അറിയില്ലെന്നും വുഡ് പറഞ്ഞു.
ഐപിഎല്‍ താരലേലത്തില്‍ അന്തിമ പട്ടികയില്‍ മാര്‍ക്ക് വുഡ് ഇടം പിടിച്ചെങ്കിലും അവസാന നിമിഷം പിന്മാറുകയായിരുന്നു. കുടുംബത്തോടൊപ്പം ചിലവിടുന്നതിനായാണ് അദ്ദേഹം ഇടവേളയെടുത്തത്. ഐപിഎല്‍ വലിയ അവസരമാണ് നല്‍കുന്നതെന്ന് മാര്‍ക്ക് വുഡ് പറഞ്ഞു. 'ഇത്തവണ ഐപിഎല്ലില്‍ പങ്കെടുക്കേണ്ടതെന്നത് വ്യക്തിപരമായ തീരുമാനമാണ്. എന്റെ കുടുംബത്തോടും ഏജന്റിനോടും സംസാരിച്ച ശേഷമാണ് ഈ തീരുമാനം എടുത്തത്. ഐപിഎല്ലില്‍ കളിച്ചത് ക്രിക്കറ്റ് താരമെന്ന നിലയില്‍ വളരാന്‍ വളരെയധികം സഹായിച്ചു. എന്റെ പ്രതിഫലം ഉയര്‍ത്താനുള്ള വലിയ അവസരമായിരുന്നു അത്'-മാര്‍ക്ക് വുഡ് കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് ടീമിന്റെ ഭാഗമാണെങ്കിലും ടീമില്‍ മാര്‍ക്ക് വുഡിന് ഇന്ത്യക്കെതിരായ മത്സരത്തില്‍ അവസരം ലഭിച്ചേക്കില്ല. ജോഫ്രാ ആര്‍ച്ചര്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജെയിംസ് ആന്‍ഡേഴ്‌സന്‍,ക്രിസ് വോക്‌സ് എന്നിവരെല്ലാം ഉള്ളതിനാല്‍ മാര്‍ക്ക് വുഡിന് അവസരം ലഭിച്ചേക്കില്ല.