അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ് നാലിന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കാനൊരുങ്ങുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നാലാം ടെസ്റ്റ് തോല്‍ക്കാതെ നോക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നാല് മത്സര പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അവസാന മത്സരം തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ സാധിക്കും. ഫൈനല്‍ പ്രതീക്ഷിച്ച അവസാനിച്ച ഇംഗ്ലണ്ട് ഇന്ത്യയുടെ വഴിമുടക്കികളാവുമോയെന്ന് കണ്ടറിയണം.
ഇന്ത്യയെ സംബന്ധിച്ചും നായകന് വിരാട് കോലിയെ സംബന്ധിച്ചും നിര്‍ണ്ണായക മത്സരമാണിത്. ഇന്ത്യന്‍ നായകനെത്തേടി നിരവധി റെക്കോഡുകളും നാലാം ടെസ്റ്റില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. ടെസ്റ്റ് നായകനെന്ന നിലയില്‍ കോലി കളിക്കുന്ന 60ാമത്തെ മത്സരമാണിത്.ഇതോടെ മുന്‍ ഇന്ത്യന്‍ നായകന് ധോണിക്കൊപ്പമെത്താന്‍ കോലിക്കാവും.
മൂന്നാം ടെസ്റ്റിലെ ജയത്തോടെ ധോണിയെ കടത്തിവെട്ടി ഇന്ത്യയില്‍ കൂടുതല്‍ ടെസ്റ്റ് ജയമുള്ള നായകനെന്ന റെക്കോഡ് കോലി സ്വന്തം പേരിലാക്കിയിരുന്നു. നാലാം ടെസ്റ്റില്‍ 17 റണ്‍സെടുത്താല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ 12000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്കാവും. മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ് (15440) മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് ഗ്രെയിം സ്മിത്ത് (14878) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് മുകളിലുള്ളത്. നാലാം ടെസ്റ്റിലൂടെ കോലി 12,000 കടമ്പ കടക്കുമെന്നുറപ്പാണ്.
ഒരു സെഞ്ച്വറി കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തം പേരിലാക്കാനും കോലിക്കാവും. നിലവില്‍ 41 സെഞ്ച്വറിയുമായി റിക്കി പോണ്ടിങ്ങുമായി തുല്യത പങ്കിടുകയാണ് അദ്ദേഹം.എന്നാല്‍ അടുത്തിടെയൊന്നും മൂന്നക്കം കാണാന്‍ കോലിക്ക് സാധിച്ചിട്ടില്ല. 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലി അവസാനമായി സെഞ്ച്വറി നേടിയത്.
നാലാം ടെസ്റ്റില്‍ ഇന്ത്യയെ വിജയിപ്പിച്ചാല്‍ ക്ലിവി ലോയ്ഡിന്റെ 36 ടെസ്റ്റ് ജയങ്ങളെന്ന റെക്കോഡിനൊപ്പമെത്താനും കോലിക്ക് സാധിക്കും. ഏറ്റവും കൂടുതല്‍ ടെസ്റ്റ് ജയങ്ങളുള്ള നായകന്മാരില് നാലാം സ്ഥാനത്തേക്കെത്താന്‍ ഇതോടെ കോലിക്കാവും. നാലാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയാല്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്കെത്താനും കോലിക്ക് മുന്നില്‍ അവസരമുണ്ട്.
നാലാം ടെസ്റ്റില്‍ ബാറ്റിങ് പിച്ച് ഒരുക്കിയേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ ഇരു ടീമിന്റെയും ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടും. മൂന്നാം ടെസ്റ്റില്‍ സ്പിന്നിനെ അമിതമായി പിന്തുണക്കുന്ന പിച്ചൊരുക്കിയ ഇന്ത്യ വലിയ വിമര്‍ശനം നേരിട്ടിരുന്നു.