ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 227 റണ്‍സിനാണ് നാണം കെട്ടത്. ഓസ്‌ട്രേലിയയിലെ വീര പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തില്‍ തട്ടകത്തിലിറങ്ങിയ ഇന്ത്യയെ ത്രീ ലയണ്‍സ് വിറപ്പിക്കുകയായിരുന്നു. ടോസ് ഭാഗ്യം തുണയ്ക്കാതിരുന്നതും സ്പിന്നര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതും ഇന്ത്യക്ക് തിരിച്ചടിയായി. എന്നാല്‍ അതിലൊക്കെ ഉപരിയായി ബാറ്റിങ് നിരയ്ക്ക് ശോഭിക്കാനാവാത്തതാണ് തോല്‍വിയുടെ പ്രധാന കാരണം.
അതില്‍ പ്രധാനം രോഹിത് ശര്‍മയുടെയും അജിന്‍ക്യ രഹാനെയുടെയും പ്രകടനമായിരുന്നു. വളരെ പ്രതീക്ഷ വെച്ചെങ്കിലും രഹാനെ തീര്‍ത്തും നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ ഒരു റണ്‍സിന് പുറത്തായ രഹാനെ രണ്ടാം ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കും മുമ്പെ മടങ്ങി. ജെയിംസ് ആന്‍ഡേഴ്‌സന്‍ രഹാനെയെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. മോശം പ്രകടനത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ രഹാനെയ്‌ക്കെതിരേ ഉയര്‍ന്നു. എന്നാല്‍ രഹാനെയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി.

അജിന്‍ക്യ രഹാനെയുടെ പ്രതിഭയില്‍ ഇന്ത്യന്‍ ടീമിന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നാണ് കോലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 'ഇതിന് മുമ്പും ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ചേതേശ്വര്‍ പുജാരയെപ്പോലെ ടെസ്റ്റിലെ ഇന്ത്യയുടെ സുപ്രധാന ബാറ്റ്‌സ്മാനാണ് അജിന്‍ക്യ രഹാനെ. അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. അവന്റെ പ്രതിഭയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ദീര്‍ഷ നാളുകളായി ആ വിശ്വാസമുണ്ട്. ഓസ്‌ട്രേലിയക്കെതിരേ മെല്‍ബണില്‍ രഹാനെ നിര്‍ണ്ണായക സമയത്ത് സെഞ്ച്വറി നേടിയിരുന്നു.
ഓസ്‌ട്രേലിയക്കെതിരേ പരമ്പര നേടാന്‍ ആ സെഞ്ച്വറി എത്രത്തോളം നിര്‍ണ്ണായകമായിരുന്നുവെന്ന കണക്ക് നമുക്ക് മുന്നിലുണ്ട്. രണ്ട് ഇന്നിങ്‌സിലെ മോശം പ്രകടനത്തിന്റെ പേരില്‍ രഹാനെയെ കുറ്റപ്പെടുത്താനാവില്ല. ചെന്നൈ ടെസ്റ്റിലെ മോശം പ്രകടനം മറക്കാം. ഒന്നാം ഇന്നിങ്‌സില്‍ ബൗണ്ടറിക്ക് ശ്രമിച്ചപ്പോള്‍ ജോ റൂട്ട് മികച്ചൊരു ക്യാച്ചിലൂടെയാണ് രഹാനെയെ പുറത്താക്കിയത്. ആ പന്ത് ബൗണ്ടറി പോവുകയും അവന്‍ റണ്‍സ് നേടുകയും ചെയ്തിരുന്നെങ്കില്‍ ഇത്തരത്തിലൊരു ചോദ്യം ഉയരില്ലായിരുന്നു'-കോലി പറഞ്ഞു.
വിരാട് കോലിയ്ക്കും ബാറ്റ്‌സ്മാനെന്ന നിലയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല. രണ്ടാം ഇന്നിങ്‌സിലെ അര്‍ധ സെഞ്ച്വറി സെഞ്ച്വറിയാക്കി മാറ്റുന്നതിലും കോലി പരാജയപ്പെട്ടു. 2019 നവംബറിന് ശേഷം സെഞ്ച്വറി നേട്ടം സ്വന്തമാക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല. അവസാന നാല് ടെസ്റ്റും നായകനെന്ന നിലയില്‍ കോലി തോറ്റിരിക്കുകയാണ്. വലിയ വിമര്‍ശനങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇനി കോലിപ്പടയ്ക്ക് ചിന്തിക്കാനില്ല.