ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും കയര്‍ത്ത് സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഒരു മത്സരത്തില്‍ കോലിക്ക് വിലക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യന്‍ ടീമിനത് കടുത്ത തിരിച്ചടിയാവും.
മൂന്നാം ദിനത്തിന്റെ അവസാന സെക്ഷനില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യവെയാണ് ഇത്തരമൊരു സംഭവം അവിടെ നടന്നത്. അക്ഷര്‍ പട്ടേലിന്റെ പന്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ എല്‍ബിഡബ്ല്യു ഇന്ത്യക്കനുകൂലമായി വിളിക്കാത്തതാണ് കോലിയെ ചൊടിപ്പിച്ചത്. മൂന്നാം ദിനത്തിലെ അവസാന ഓവറില്‍ അക്ഷര്‍ പട്ടേലിന്റെ പന്ത് പ്രതിരോധിക്കാനുള്ള റൂട്ടിന്റെ ശ്രമം പാളിയപ്പോള്‍ താരത്തിന്റെ പാഡില്‍ പന്ത് തട്ടി.

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കൈപ്പിടിയിലാക്കിയതോടെ ടീം അപ്പീല്‍ ചെയ്‌തെങ്കിലും ഓണ്‍ ഫീല്‍ഡ് അംപയര്‍ നിധിന്‍ മേനോന്‍ നോട്ടൗട്ട് വിധിച്ചു. എന്നാല്‍ കോലി തീരുമാനം പുനപരിശോധനയ്ക്കയച്ചു. റിവ്യൂവില്‍ ബാറ്റില്‍ ടെച്ചിലെന്നും പന്ത് സ്റ്റംപിന് കൊള്ളുന്നുണ്ടെന്നും വ്യക്തമായിരുന്നു. എന്നാല്‍ ഫീല്‍ഡ് അംപയറുടെ തീരുമാനം നിലനിര്‍ത്താന്‍ തേര്‍ഡ് അംപയറും വിധിച്ചതോടെ കോലിക്ക് നിയന്ത്രണം നഷ്ടമായി.
അപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലി അംപയര്‍ നിധിന്‍ മേനോന്റെ അടുത്തെത്തി തര്‍ക്കിക്കുകയും ദേഷ്യത്തോടെ സംസാരിക്കുകയും ചെയ്തു. ഡ്രസിങ് റൂമില്‍ നിന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും വിക്കറ്റ് അനുവദിക്കാത്ത തീരുമാനത്തിനെതിരേ കൈകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. കാണികളും മൈതാനത്ത് ഉള്ളപ്പോള്‍ അംപയറോട് കോലി ഇത്തരത്തില്‍ സംസാരിച്ചതിനെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.8 പ്രകാരം കോലി ചെയ്തിരിക്കുന്നത് ഒരു മത്സരത്തില്‍ വിലക്ക് ലഭിക്കാവുന്ന കുറ്റമാണ്. അംപയറുടെ തീരുമാനത്തോട് മാന്യമായി പെരുമാറുകയും തീരുമാനത്തോട് വിയോജിപ്പ് അറിയിക്കുകയോ തര്‍ക്കുകയോ ചെയ്യാന്‍ പാടില്ല എന്നതുമാണ് ഐസിസി നിയമം വ്യക്തമാക്കുന്നത്. കോലി ഇതിന്റെ ലംഘനം മാത്രമല്ല നടത്തിയിരിക്കുന്നത് കാണികള്‍ക്ക് മുന്നില്‍ വെച്ച് അംപയറെ അപമാനിക്കുകയും കൂടിയാണ് ചെയ്തിരിക്കുന്നതെന്നാണ് പ്രമുഖര്‍ വിലയിരുത്തിയത്.
രണ്ടാം ടെസ്റ്റില്‍ 482 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ ഉയര്‍ത്തിയത്. മൂന്ന് വിക്കറ്റിന് 56 റണ്‍സെന്ന നിലയിലുള്ള ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് ശേഷിക്കെ ജയിക്കാന്‍ 426 റണ്‍സ് കൂടി വേണം. ആര്‍ അശ്വിന്റെയും അക്ഷര്‍ പട്ടേലിന്റെയും സ്പിന്‍ ബൗളിങ്ങിലാണ് ഇന്ത്യയുടെ പ്രതീക്ഷ.