ലണ്ടന്‍: മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്നലെ ഇന്ത്യന്‍ ടീം ലണ്ടനിലെത്തി. അഞ്ച് ദിവസം ക്വാറന്റെയ്‌ന് ശേഷമാവും താരങ്ങള്‍ പരിശീലനം ആരംഭിക്കുക. ന്യൂസീലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയുമാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.
രണ്ട് പരമ്പരയും ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇപ്പോഴിതാ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 4-0ന് വിജയിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ നായകനും നിലവിലെ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. അവസാനമായി ഇരു ടീമും ഇന്ത്യയില്‍വെച്ച് ടെസ്റ്റില്‍ ഏറ്റുമുട്ടിയപ്പോള്‍ പരമ്പര നേടിയത് ഇന്ത്യയായിരുന്നു.
'ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ആറ് ആഴ്ചയോളം കഴിഞ്ഞാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്. അതിനാല്‍ത്തന്നെ ഒരു മത്സരം മാത്രമുള്ള ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഫലം ഒരു കാരണവശാലും ഇംഗ്ലണ്ട് പരമ്പരയെ സ്വാധീനിക്കില്ല.ആഗസ്റ്റ്-സെപ്തംബറില്‍ത്തന്നെ ടൂര്‍ണമെന്റ് നടന്നാല്‍ ഇന്ത്യ 4-0ന് ജയിക്കും'-സുനില്‍ ഗവാസ്‌കര്‍ ടെലഗ്രാഫിനോട് സംസാരിക്കവെ പറഞ്ഞു.

ഇംഗ്ലണ്ടിലെ സാഹചര്യം ഡ്യൂക്ക് ബോളിന് അനുകൂലമാണ്.ഇംഗ്ലണ്ട് പച്ചപ്പ് നിറഞ്ഞ പേസ് പിച്ചൊരുക്കിയാലും ഇന്ത്യ അതിശയപ്പെടാനുള്ള സാധ്യത കുറവാണെന്നും മുന്‍ ഇന്ത്യന്‍ ഇതിഹാസം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇംഗ്ലണ്ട് പരമ്പരയ്‌ക്കെത്തിയപ്പോള്‍ സ്പിന്നിന് പൂര്‍ണ്ണ ആധിപത്യം നല്‍കുന്ന പിച്ചൊരുക്കിയെന്ന തരത്തില്‍ ഇംഗ്ലണ്ട് പരിശീലകരും താരങ്ങളും വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു.
'ഇന്ത്യ സ്പിന്‍ പിച്ചൊരുക്കിയതിനാല്‍ത്തന്നെ ഇംഗ്ലണ്ട് പച്ചകൂടിയ പേസ് പിച്ചൊരുക്കിയാലും അത്ഭുതപ്പെടാനില്ല. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെയും ബുദ്ധിമുട്ടിക്കാന്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് സാധിക്കും'-ഗവാസ്‌കര്‍ പറഞ്ഞു. ഇംഗ്ലണ്ടിന്റെ പേസ് നിരയോട് കിടപിടിക്കാന്‍ കെല്‍പ്പുള്ള താരനിരയാണ് ഇന്ത്യക്കുള്ളത്. ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ് എന്നീ പേസര്‍മാരും ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നീ സ്പിന്നര്‍മാരും ഇന്ത്യക്കൊപ്പമുണ്ട്.
ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളുടെ പ്രകടനവും ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നീ യുവതാരങ്ങളുടെ പ്രകടനവും ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവും. സമീപകാലത്തായി ഇവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര നേടിയത് ഇന്ത്യയെ സംബന്ധിച്ച് ആത്മവിശ്വാസം ഉയര്‍ത്തുന്ന കാര്യമാണ്.