ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ടീം ആദ്യം ബാറ്റ് ചെയ്യുകയാണ്. ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ടുള്ളത്. ജോ റൂട്ടും (4),ഡോം സിംബ്ലിയുമാണ് (26) ക്രീസില്‍. മത്സരത്തില്‍ കറുത്ത ബാന്‍ഡ് ജഴ്‌സിയുടെ കൈയില്‍ ധരിച്ചാണ് ഇംഗ്ലണ്ട് താരങ്ങള്‍. ഏതെങ്കിലുമൊരു പ്രതിഷേധത്തിന് പിന്തുണ അറിയിച്ചല്ല ഇത്തരത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ കൈയിന്‍ ബാന്‍ഡ് ധരിച്ചത്.
ഇംഗ്ലണ്ടിലെ യുദ്ധാചാര്യന്മാര്‍ക്ക് ആദരം അര്‍പ്പിക്കുന്നതിനായാണ് ഇത്തരമൊരു ബാന്‍ഡ് ധാരണം ഇംഗ്ലണ്ട് താരങ്ങള്‍ നടത്തിയത്. രാജ്യത്തിനുവേണ്ടി യുദ്ധത്തില്‍ മുന്നില്‍ നിന്ന് നയിച്ചവരെയും കഴിഞ്ഞിടെ കോവിഡ് ബാധയെത്തുടര്‍ന്ന് മരണപ്പെട്ട ക്യാപ്റ്റന്‍ സര്‍ ടോമിനോടുമുള്ള ആദരവും ബാന്‍ഡ് ധാരണത്തിലൂടെ സന്ദര്‍ശകര്‍ വ്യക്തമാക്കുന്നു.

ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യയിലേക്കെത്തിയ ഇംഗ്ലണ്ട് ടീമിന് ഭേദപ്പെട്ട തുടക്കം തന്നെയാണ് ഇന്ത്യക്കെതിരേ ലഭിച്ചിരിക്കുന്നത്.ഒന്നാം വിക്കറ്റില്‍ 63 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ റോറി ബേണ്‍സിനും (33) ഡോം സിബ്ലിക്കും (26*) സാധിച്ചു. അശ്വിനെ റിവേഴ്‌സ് സ്ലീപ് ചെയ്യാന്‍ ശ്രമിച്ചാണ് ബേണ്‍സ് വിക്കറ്റ് തുലച്ചത്. മൂന്നാമനായി എത്തിയ ഡാന്‍ ലൗറെന്‍സിനെ (0) അക്കൗണ്ട് തുറക്കും മുമ്പെ ജസ്പ്രീത് ബൂംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇന്ത്യയിലെ തന്റെ ആദ്യ ടെസ്റ്റ് വിക്കറ്റാണ് ബൂംറ നേടിയത്. ഇതിന് മുമ്പ് ബൂംറ ഇന്ത്യയില്‍ ടെസ്റ്റ് മത്സരം കളിച്ചിരുന്നില്ല.
ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി രോഹിത് ശര്‍മയ്‌ക്കൊപ്പം ശുബ്മാന്‍ ഗില്‍ തന്നെ സ്ഥാനം പിടിച്ചു. 99.50 ശരാശരിയുള്ള മായങ്ക് അഗര്‍വാളിനെ തഴഞ്ഞാണ് ഓസ്‌ട്രേലിയയിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 21കാരനായ ഗില്ലിന് രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാവാന്‍ അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ തഴഞ്ഞ് റിഷഭ് പന്തിനും അവസരം ലഭിച്ചു. രവീന്ദ്ര ജഡേജയ്ക്ക് പകരം ഓസ്‌ട്രേലിയയില്‍ തിളങ്ങിയ വാഷിങ്ടണ്‍ സുന്ദറിനാണ് അവസരം ലഭിച്ചത്.
പരിക്കേറ്റ അക്‌സര്‍ പട്ടേലിന് പുറത്തിരുക്കേണ്ടി വന്നു. കുല്‍ദീപ് യാദവിനെ തഴഞ്ഞ് ഇടം കൈയന്‍ സ്പിന്നര്‍ നവദീപ് സൈനിയെ ഇന്ത്യ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചത് അപ്രതീക്ഷിത നീക്കമായിരുന്നു. ഇടം കൈയന്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് മുതലാക്കാനാണ് ഇത്തരമൊരു നീക്കം. എന്നാല്‍ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപിനെ അവഗണിച്ചതില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.