അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പരമ്പരയില്‍ 2-1ന് പിന്നിലുള്ള ഇംഗ്ലണ്ടിന് നാലാം ടെസ്റ്റില്‍ ജയിച്ചാല്‍ പരമ്പര സമനില പിടിക്കാനാവും. ഇത്രയും നിര്‍ണ്ണായക മത്സരത്തില്‍ സംതുലിതമായ ടീമിനെയല്ല ഇംഗ്ലണ്ട് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്.
ടീമില്‍ ഒരു ഫാസ്റ്റ് ബൗളറെയും രണ്ട് സ്പിന്നറെയും പരിഗണിച്ച ഇംഗ്ലണ്ട് അധികമായി ഒരു ബാറ്റ്സ്മാനെയുമാണ് ടീമിലെത്തിച്ചത്. ഈ തീരുമാനത്തെയാണ് നാസര്‍ ഹുസൈന് വിമര്‍ശിച്ചത്. 'ഈ പരമ്പരയില്‍ അഞ്ച് തവണ 200 കടക്കാനാവാതെ പോയ ഇംഗ്ലണ്ടിന് ഒടുവിലത് സാധിച്ചിരിക്കുകയാണ്. റിവേഴ്സ് സ്വീപ്പുകള്‍ കളിച്ച ജിമ്മി ആന്ഡേഴ്സന് നന്ദി. ടീമിലെ രണ്ട് പേസര്‍മാരെയും അവസാന മത്സരത്തില്‍ നിന്ന് ഒഴിവാക്കി. ആദ്യ ദിനം മുതല്‍ പന്ത് തിരിയുമെന്ന് അവര്‍ കരുതി. അങ്ങനെയല്ലെന്ന് മുഹമ്മദ് സിറാജും ഇഷാന്ത് ശര്‍മയും ആദ്യ ദിനത്തില്‍ തെളിയിച്ചു'-നാസര്‍ ഹുസൈന് പറഞ്ഞു.
പിച്ചിന്റെ സാഹചര്യങ്ങളെ മനസിലാക്കുന്നതില്‍ ഇംഗ്ലണ്ട് വീണ്ടും പരാജയപ്പെട്ടുവെന്നും നാസര്‍ ഹുസൈന് പറഞ്ഞു. 'ടോസ് നേടിയത് ഇംഗ്ലണ്ടിന് ഭാഗ്യമായി. അല്ലെങ്കില്‍ ഈ ഒരു ബൗളര്‍മാരെവെച്ച് ആക്രമിക്കുക ദുഷ്കരമായേനെ. ഇത്തരമൊരു പിച്ചില്‍ ഒരു അധിക ബാറ്റ്സ്മാന്റെ ആവിശ്യമുണ്ടോ. മൂന്ന് പേസര്‍മാരെയും ഒരു അധിക സ്പിന്നറെയുമായിരുന്നു ആവിശ്യം. സാഹചര്യങ്ങളെ അവര്‍ കൃത്യമായി മനസിലാക്കുന്നുമില്ല മികച്ച പ്രകടനം കാഴ്ചവെക്കാനും ആകുന്നില്ല'-നാസര്‍ ഹുസൈന് പറഞ്ഞു.
മൂന്നാം ടെസ്റ്റില്‍ ജെയിംസ് ആന്ഡേഴ്സന്,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നീ മൂന്ന് പേസര്‍മാരെയും ഇംഗ്ലണ്ട് ഒന്നിച്ച് കളിപ്പിച്ചെങ്കിലും വലിയ നേട്ടമുണ്ടാക്കാനായില്ല. പിങ്ക് ബോളില്‍ നടന്ന മത്സരം രണ്ട് ദിവസംകൊണ്ട് അവസാനിക്കുക മാത്രമല്ല 10 വിക്കറ്റിന് ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തു. ഇതോടെയാണ് നാലാം ടെസ്റ്റില്‍ ബ്രോഡിനെയും ആര്‍ച്ചറിനെയും പുറത്തിരുത്തിയത്. ഡോം ബെസ്സിനെ സ്പിന്‍ നിരയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഡാന്‍ ലോറന്‍സിനെ അധിക ബാറ്റ്സ്മാനായും പരിഗണിച്ചു.
ആദ്യ മത്സരം മുതല്‍ ഇംഗ്ലണ്ട് കോലിയുടെ ക്യാപ്റ്റന്‍സിയെ പരീക്ഷിക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടെന്നും നാസര്‍ അഭിപ്രായപ്പെട്ടു. കോലിയുടെ ക്യാപ്റ്റന്‍സി മികച്ചതാണെന്നും എന്നാല്‍ കോലിയുടെ ക്യാപ്റ്റന്‍സി മികവിനെ പരീക്ഷിക്കാന്‍ ഒരു തവണപോലും ഇംഗ്ലണ്ടിന് സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് പരമ്പരക്ക് ശേഷം അഞ്ച് മത്സര ടി20,മൂന്ന് മത്സര ഏകദിന പരമ്പരയും ഇരു ടീമും തമ്മില്‍ കളിക്കുന്നുണ്ട്.