അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ ശുബ്മാന് ഗില്ലിന് പ്രതീക്ഷയ്ക്കൊത്ത് ഉയരാനാവുന്നില്ല. ഓസ്ട്രേലിയയില്‍ തിളങ്ങിയ യുവതാരത്തിന് നാട്ടില്‍ തിളങ്ങാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ വെറും മൂന്ന് പന്തുകള്‍ മാത്രമാണ് ഗില്‍ നേരിട്ടത്. ജെയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഡെക്കായാണ് ഗില്‍ മടങ്ങിയത്.
ഇംഗ്ലണ്ടിനെതിരായ നാല് മത്സര ടെസ്റ്റ് പരമ്പരയില്‍ ഇത് രണ്ടാം തവണയാണ് ഗില്‍ പൂജ്യത്തിന് പുറത്താവുന്നത്. ഇതോടെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ രണ്ട് തവണ ഡെക്കില്‍ പുറത്താവുന്ന ഇന്ത്യന്‍ ഓപ്പണര്‍മാരുടെ പട്ടികയിലേക്ക് ഗില്ലും പേരും ചേര്‍ത്തു. ഈ നാണംകെട്ട പട്ടികയില്‍ ഇടം പിടിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നാണംകെട്ട ബഹുമതിയാണ് ഗില്ലിന് ഏറ്റുവാങ്ങേണ്ടി വന്നത്.
1964ല്‍ ഓസ്ട്രേലിയക്കെതിരേ ഇന്ത്യയുടെ എംഎല് ജയ്സിംഹയാണ് ആദ്യമായി രണ്ട് തവണ പൂജ്യത്തിന് പുറത്തായത്. 1974-75ല്‍ നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഫറൂഖ് രണ്ട് തവണയും ഡെക്കായി. 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്റ്സ്മാനുമായ സുനില്‍ ഗവാസ്കറും രണ്ട് തവണ പൂജ്യത്തിന് പുറത്തായി.
2015ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനും രണ്ട് തവണ പൂജ്യത്തിന് പുറത്തായി. ഒരുകാലത്ത് ഇന്ത്യയുടെ സ്ഥിര ടെസ്റ്റ് ഓപ്പണറായിരുന്നു ധവാനെ നിലവില്‍ പരിമിത ഓവര്‍ ടീമിലേക്ക് മാത്രമാണ് പരിഗണിക്കുന്നത്. 2021ലെ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ ഗില്ലും ഈ പട്ടികയില്‍ പേര് ചേര്‍ത്തത് താരത്തിന്റെ കരിയറിന് അത്രെ ഗുണം ചെയ്യില്ല.
മായങ്ക് അഗര്‍വാള്‍,പൃത്ഥ്വി ഷാ തുടങ്ങിയവരെല്ലാം ഓപ്പണിങ്ങിനായി അവസരം കാത്ത് പുറത്തുണ്ട്. ഇന്ത്യയിലെ മായങ്കിന്റെ ശരാശരി 99.50 ആണ്. അതിനെ മറികടന്നാണ് ശുബ്മാന് ഗില്‍ ഓപ്പണറായി ടീമിലെത്തിയത്. ഇത്രയും മികച്ച അവസരം ലഭിച്ചിട്ടും മുതലാക്കാന്‍ ഗില്ലിനായില്ല. രണ്ടാം ഇന്നിങ്സില്‍ മികച്ച പ്രകടനത്തോടെ തിരിച്ചെത്തേണ്ടത് താരത്തിന് അത്യാവശ്യമാണ്.
നാലാം ടെസ്റ്റില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ സാധിക്കും. നിലവില്‍ പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. നാലാം ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 205 റണ്‍സിന് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മയും (8) ചേതേശ്വര്‍ പുജാരയുമാണ് (15) ക്രീസില്‍.