അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരം നാളെ അഹമ്മദാബാദില്‍ നടക്കുകയാണ്. 2-1ന് മുന്നില്‍ നില്ക്കുന്ന ഇന്ത്യക്ക് നാലാം മത്സരം തോല്‍ക്കാതെ നോക്കിയാല്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാന്‍ സാധിക്കും. അതേ സമയം ഇംഗ്ലണ്ടിന് ജയിക്കാന്‍ സാധിച്ചാലും ഫൈനലില്‍ സീറ്റ് ലഭിക്കില്ല. എന്നാല്‍ ഇന്ത്യയുടെ വഴിമുടക്കാനും പരമ്പര സമനിലയിലാക്കാനും സാധിക്കും.
ഇപ്പോഴിതാ നാലാം ടെസ്റ്റില്‍ ജയിക്കുകയും ടെസ്റ്റ് പരമ്പര സമനിലയാക്കുകയും ചെയ്താല്‍ ഇംഗ്ലണ്ട് ടീമിനത് വലിയ നേട്ടമായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നായകന് ജോ റൂട്ട്. ' രണ്ടാഴ്ച ഞങ്ങള്‍ക്ക് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. എന്നാല്‍ അതിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെ വിലയിരുത്തരുത്. എന്തെങ്കിലും സവിശേഷമായി ചെയ്യാനുള്ള സുവര്‍ണ്ണാവസരമായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഞങ്ങളെ സംബന്ധിച്ച് വലിയ മത്സരമാണിത്. 2-2 സമനില പിടിക്കാനായാല്‍ ഇംഗ്ലണ്ടിനെ സംബന്ധിച്ചത് വലിയ നേട്ടമാണ്'-ജോ റൂട്ട് പറഞ്ഞു.
ഓസ്ട്രേലിയയിലടക്കം ടെസ്റ്റ് പരമ്പര ജയിച്ചെത്തിയ ഇന്ത്യക്ക് സ്വന്തം തട്ടകത്തില്‍ സമനില വഴങ്ങുകയെന്നത് വലിയ നാണക്കേടുണ്ടാക്കുമെന്നുറപ്പാണ്. മികച്ച താരനിരയുള്ള ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കമെങ്കിലും ആതിഥേയര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇംഗ്ലണ്ട് നിരയ്ക്ക് കെല്‍പ്പുണ്ട്. ഇംഗ്ലണ്ടിന്റെ ബാറ്റിങ് നിര ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യക്ക് ജയിക്കാന്‍ നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും.
2012ന് ശേഷം ഒരു ഹോം സീരിസിലും ഇന്ത്യ രണ്ട് മത്സരം തോറ്റിട്ടില്ല. അതിനാല്‍ത്തന്നെ ഇന്ത്യയെ വീഴ്ത്തുക പ്രയാസമുള്ള കാര്യമാണെന്ന് ജോ റൂട്ടും അംഗീകരിക്കുന്നു. 'ഇന്ത്യയുടെ നാട്ടിലെ റെക്കോഡുകള്‍ വളരെ മികച്ചതാണ്. അതിനാല്‍ത്തന്നെ സമനില പിടിക്കുകയെന്നത് ഞങ്ങളെ സംബന്ധിച്ച് വലിയ നേട്ടമാണ്. പ്രത്യേകിച്ച് അവസാന രണ്ട് മത്സരവും തോറ്റ ശേഷം'-റൂട്ട് പറഞ്ഞു.
സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യയുടെ കുതിപ്പ്. ആര് അശ്വിനും അക്ഷര്‍ പട്ടേലും നാലാം മത്സരത്തിലും ഫോം തുടര്‍ന്നാല്‍ ഇംഗ്ലണ്ടിന് ജയിക്കുക വളരെ പ്രയാസമായിരിക്കും. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ നാലാം ടെസ്റ്റില്‍ ഉമേഷ് യാദവ് ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും. ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറെയുമാണ് കളിച്ചത്. എന്നാല്‍ നാലാം ടെസ്റ്റിലും പിച്ച് സ്പിന്നിന് അനുകൂലമാവാന്‍ സാധ്യത ഉള്ളതിനാല്‍ ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ക്ക് പ്രാധാന്യം നല്‍കിയാവും ഇറങ്ങുക.