മൊട്ടേറ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. 2012ന് ശേഷം മൊട്ടേറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യ മൂന്ന് പേസര്‍മാരെ കളിപ്പിച്ചേക്കുമെന്നാണ് വിവരം. പിച്ചിന്റെ സ്വഭാവം എന്തെന്ന് വ്യക്തമല്ല. നേരത്തെ സ്പിന്നിനെ തുണയ്ക്കുന്ന മൈതാനമായിരുന്നെങ്കിലും ഇപ്പോള്‍ പേസര്‍മാര്‍ക്ക് അനൂകൂലമായി സ്വിങ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ത്തന്നെ ഇന്ത്യ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത കൂടുതലാണ്.
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ഒരു മാറ്റം മാത്രമാണ് വരുത്തുക. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തി ഒരു പേസ് ബൗളര്‍ക്ക് കൂടി അവസരം നല്‍കും. മൂന്ന് പേസര്‍മാരെയും രണ്ട് സ്പിന്നര്‍മാരെയുമാവും ഇന്ത്യ ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത. ജസ്പ്രീത് ബുംറയ്ക്കും ഇഷാന്ത് ശര്‍മയ്ക്കുമൊപ്പം മൂന്നാം പേസറായി മുഹമ്മദ് സിറാജ് എത്തിയേക്കുമെന്നാണ് വിവരം. ഹര്‍ദിക് പാണ്ഡ്യയെ പരിഗണിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.

രണ്ടാം ടെസ്റ്റില്‍ അക്‌സര്‍ പട്ടേല്‍,ആര്‍ അശ്വിന്‍ സ്പിന്‍ കൂട്ടുകെട്ട് ഇന്ത്യക്കുവേണ്ടി തിളങ്ങിയിരുന്നു. ഇരുവരുടെയും ബൗളിങ് ഒന്നിനൊന്ന് മികച്ചതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ അക്ഷര്‍ പട്ടേല്‍ അഞ്ച് വിക്കറ്റ് നേടി. എന്നാല്‍ കുല്‍ദീപ് യാദവിന് മറ്റ് രണ്ട് സ്പിന്നര്‍മാര്‍ക്ക് ലഭിച്ച അത്ര അവസരം കോലി നല്‍കിയിരുന്നില്ല.
മൊട്ടേറയില്‍ അല്‍പ്പം കൂടി സ്വിങ് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ പേസ് ബൗളര്‍മാരുടെ പ്രകടനമാവും നിര്‍ണ്ണായകം. ഇഷാന്ത് ശര്‍മയും ബൂംറയും നന്നായി സ്വിങ് ചെയ്യിക്കുമ്പോള്‍ സിറാജിന്റെ എക്‌സ്ട്രാ ബൗണ്‍സറുകള്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിക്കും. അതേ പോലെ ഇംഗ്ലണ്ട് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സനും സ്റ്റുവര്‍ട്ട് ബ്രോഡും ഇതിന് മുമ്പ് മൊട്ടേറയില്‍ കളിച്ചിട്ടുള്ളവരാണ്. അതിനാല്‍ത്തന്നെ ഇരുവരുടെയും പ്രകടനം ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും.
ബാറ്റിങ് നിരയില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കില്ല. രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തന്നെ ഓപ്പണര്‍മാരായി തുടരും. രഹാനെ മധ്യനിരയിലും സ്ഥാനം പിടിക്കും. റിഷഭ് പന്ത്,വിരാട് കോലി,രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ രോഹിതിന് സാധിച്ചിരുന്നു. അതേ സമയം അവസാന 34 ഇന്നിങ്‌സിലും സെഞ്ച്വറി നേടാന്‍ സാധിക്കാത്ത കോലിക്ക് ഇത്തവണ സെഞ്ച്വറി നേട്ടം സ്വന്തമാക്കാനാവുമോയെന്ന് കാത്തിരുന്ന് കാണണം.
സാധ്യതാ പ്ലേയിങ് 11:വിരാട് കോലി,രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,ആര്‍ അശ്വിന്‍,അക്ഷര്‍ പട്ടേല്‍,ഇഷാന്ത് ശര്‍മ,ജസ്പ്രീത് ബുംറ,മുഹമ്മദ് സിറാജ്