IND vs ENG: ലീഡ് പിടിക്കാന്‍ ഇന്ത്യ, എറിഞ്ഞൊതുക്കാന്‍ ഇംഗ്ലണ്ട്, രണ്ടാം ദിനം പോരാട്ടം മുറുകും
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ലീഡ് പ്രതീക്ഷിച്ച് ഇന്ത്യ ഇറങ്ങുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ 205 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 24 റണ്‍സെന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്. രോഹിത് ശര്‍മയും (8) ചേതേശ്വര്‍ പുജാരയുമാണ് (15) ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റാണ് (0) ഇന്ത്യക്ക് നഷ്ടമായത്. ഒമ്പത് വിക്കറ്റ് ശേഷിക്കെ സന്ദര്‍ശകരേക്കാള്‍ 181 റണ്‍സിന് പിന്നിലാണ് ഇന്ത്യ.

ഇംഗ്ലണ്ടിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറില്‍ത്തന്നെ ഗില്ലിനെ നഷ്ടമായെങ്കിലും രോഹിതും രഹാനെയും ചേര്‍ന്ന് കൂടുതല്‍ അപകടം ഇല്ലാതെ ഒന്നാം ദിനം അവസാനിപ്പിക്കുകയായിരുന്നു. രോഹിത് ശര്‍മയും പുജാരയും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന് നന്നായി സ്വിങ് ലഭിച്ചതോടെ കരുതലോടെയാണ് ഇന്ത്യ കളിച്ചത്. ആദ്യ ദിനം എറിഞ്ഞ അഞ്ച് ഓവറുകളും മെയ്ഡനാക്കിയാണ് ആന്‍ഡേഴ്‌സന്‍ ഒരു വിക്കറ്റ് വീഴ്ത്തിയത്.

ബെന്‍ സ്‌റ്റോക്‌സിനെ രണ്ടാം പേസറായി പരിഗണിച്ച ഇംഗ്ലണ്ട് സ്പിന്നര്‍മാരായ ജാക്ക് ലീച്ച്,ഡോം ബെസ്സ് എന്നിവരില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇറങ്ങിയത്. രണ്ടാം ദിനത്തില്‍ ഇരുവരുടെയും സ്പിന്‍ ബൗളിങ് തന്നെയാവും ഇന്ത്യക്ക് തലവേദന ഉയര്‍ത്തുക. ആദ്യ ദിനം തന്നെ നല്ല ടേണ്‍ സ്പിന്നര്‍മാര്‍ക്ക് ലഭിച്ചിരുന്നു. രണ്ടാം ദിനത്തിലേക്ക് കടക്കവെ ബാറ്റിങ് കൂടുതല്‍ ദുഷ്‌കരമാവാനാണ് സാധ്യത.

വിരാട് കോലി സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് ഇത്തവണയെങ്കിലും അവസാനിപ്പിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിന് ശേഷം സെഞ്ച്വറി നേടാന്‍ സാധിക്കാത്ത കോലിക്ക് വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഒരു സെഞ്ച്വറി അത്യാവശ്യമാണ്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ കോലിക്കാവും.

നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 205 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. എട്ട് വിക്കറ്റുമായി സ്പിന്നര്‍മാര്‍ തിളങ്ങിയതാണ് ഇന്ത്യക്ക് കരുത്തായത്. അക്ഷര്‍ പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ മൂന്നും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറയ്ക്ക് പകരമെത്തിയ പേസര്‍ മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വീഴ്ത്തി.

ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്‌സ് (55) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഡാന്‍ ലോറന്‍സും (46),ഒലി പോപ്പും (29),ജോണി ബെയര്‍സ്റ്റോയും (28) ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു. നാല് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന ടെസ്റ്റ് തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കാനാവും. ഇംഗ്ലണ്ട് ജയിച്ചാല്‍ പരമ്പരയില്‍ സമനില പിടിക്കാനും ഇന്ത്യയുടെ ഫൈനലിലേക്കുള്ള വഴി മുടക്കാനുമാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications