അഹമ്മദാബാദ്: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ടീമുകളിലൊന്ന് ഇന്ത്യയാണ്. ഓസ്ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയതടക്കം നിരവധി റെക്കോഡുകള്‍ ഇന്ത്യന്‍ ടീമിന്റെ പേരിലുണ്ട്. ഏത് മൈതാനത്തും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്ന തകര്‍പ്പന്‍ താരനിരയാണ് ഇന്ത്യയുടേത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ റെക്കോഡും വളരെ മികച്ചതാണ്.
എന്നാല്‍ കോലിയെ ഇതിഹാസങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോലിയേക്കാള്‍ മികച്ച നായകന് ധോണിയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രേയം സ്വാന്. ഇന്നത്തെ ഇന്ത്യയുടെ ടെസ്റ്റ് ടീമല്ല ഏറ്റവും മികച്ചതെന്നും സ്വാന് അഭിപ്രായപ്പെട്ടു. '2012ല്‍ ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യന്‍ ടീമാണ് ഇന്നത്തേക്കാള്‍ മികച്ചത്. എങ്ങനെയാണ് അന്ന് ഇംഗ്ലണ്ട് ഇന്ത്യയെ തോല്‍പ്പിച്ചതെന്ന് എനിക്കറിയില്ല. മികച്ച നായകനും താരങ്ങളുമുള്ള ശക്തമായ ടീമായിരുന്നു അവര്‍. വിരാട് കോലിയെ സിവിക് ലോയ്ഡിന്റെയും സ്റ്റീവ് വോയുടെയും പട്ടികയില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യമാണ്. കാരണം എങ്ങനെയാണ് ടീം എന്ന് നോക്കിയാണ് ക്യാപ്റ്റന്റെ മികവ് വിലയിരുത്തുന്നത്'-സ്വാന് പറഞ്ഞു.
സച്ചിന് ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,വീരേന്ദര്‍ സെവാഗ്,വിവിഎസ് ലക്ഷ്മണ്,സൗരവ് ഗാംഗുലി തുടങ്ങിയ ഇതിഹാസ ബാറ്റ്സ്മാന്മാരും അനില്‍ കുംബ്ലെ,ഹര്ഭജന് സിങ് തുടങ്ങിയ ഇതിഹാസ സ്പിന്നര്‍മാരും കളിച്ചിരുന്ന ഇന്ത്യന്‍ ടീം തന്നെയാണ് ഇന്നത്തെ ടീമിനെക്കാളും മികച്ചതെന്നാണ് സ്വാന് വിലയിരുത്തിയത്. വിരാട് കോലി,രോഹിത് ശര്‍മ,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ,ആര് അശ്വിന്,ഇഷാന്ത് ശര്‍മ തുടങ്ങിയവരാണ് ഇന്നത്തെ പ്രധാന ടെസ്റ്റ് താരങ്ങള്‍.
വിരാട് കോലി ഭാവിയില്‍ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് എത്താന്‍ യോഗ്യത നേടിയാക്കാമെന്നും എന്നാല്‍ അത്തരമൊരു പട്ടം ഇപ്പോള്‍ നല്‍കുന്നതിനോട് യോജിപ്പില്ലെന്നുമാണ് മുന്‍ സ്പിന്നര്‍ അഭിപ്രായപ്പെട്ടത്. സുനില്‍ ഗവാസ്കര്‍ ഇന്നത്തെ ഇന്ത്യന്‍ ടീമാണ് എക്കാലത്തെയും മികച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു. അതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2012ല്‍ ധോണിക്ക് കീഴില്‍ കളിച്ച ഇന്ത്യന്‍ ടീം മികച്ച പ്രകടനങ്ങള്‍ നടത്തിയതും സ്വാന് ചൂണ്ടിക്കാട്ടി.
നേരത്തെ ഇന്ത്യക്കെിരായ പരമ്പരയിലെ ഇംഗ്ലണ്ട് സ്പിന്നര്‍മാരുടെ പ്രകടനത്തെ സ്വാന് വിമര്‍ശിച്ചിരുന്നു. പലതാരങ്ങള്‍ക്കും സ്പിന്‍ എറിയാന്‍ അറിയില്ലെന്നാണ് സ്വാന് വിമര്‍ശിച്ചത്. ഇന്ത്യയിലടക്കം കളിച്ച് മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് സ്വാന്.