അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളില്‍ അവസാനിച്ചതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനമൊരുക്കി ഇന്ത്യ ഇംഗ്ലണ്ടിനെ കെണിയില്‍ പെടുത്തുകയായിരുന്നു. ഇന്ത്യയുടെ സ്പിന്നര്‍മാരായ ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും ഇംഗ്ലണ്ട് ബൗളിങ് നിരയെ വെള്ളം കുടിപ്പിച്ചപ്പോള്‍ 10 വിക്കറ്റിന്റെ ജയവും ആതിഥേയരായ ഇന്ത്യ സ്വന്തമാക്കി.
ജയത്തോടെ നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലെത്തുകയും ചെയ്തു. മത്സരത്തിന് പിന്നാലെ മാച്ച് റഫറി ജവഗന്‍ ശ്രീനാഥിനോട് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടും പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡും പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഔദ്യോഗികമായി പരാതികളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇംഗ്ലണ്ട് ടീം മൊട്ടേറയിലെ പിച്ചിനെക്കുറിച്ച് ഔദ്യോഗികമായിത്തന്നെ പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണെന്നാണ് വിവരം.

ഡെയ്‌ലി മെയ്‌ലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇംഗ്ലണ്ട് ടീം ഔദ്യോഗികമായി പിച്ചിനെക്കുറിച്ച് പരാതി നല്‍കിയാല്‍ ഇന്ത്യന്‍ ടീമിനെയും ബിസിസിഐയേയും പ്രതികൂലമായി അത് ബാധിക്കും. ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയമെന്ന നിലയിലേക്ക് മൊട്ടേറ സ്റ്റേഡിയം മാറിയ ശേഷം നടന്ന ആദ്യ മത്സരത്തിന് പിന്നാലെ തന്നെ വലിയ വിവാദം നേരിടേണ്ടി വന്നത് ബിസിസിഐക്ക് വലിയ തലവേദനായിരിക്കുകയാണ്.
1935ന് ശേഷം ഏറ്റവും കുറവ് പന്തുകള്‍ക്കുള്ളില്‍ അവസാനിച്ച ടെസ്റ്റായിരുന്നു മൊട്ടേറയില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്നത്. പിച്ചിന്റെ കാര്യത്തില്‍ ഇംഗ്ലണ്ട് നായകനും താരങ്ങളും പരിശീലകരുമെല്ലാം മോശം അഭിപ്രായം രേഖപ്പെടുത്തിയതിന് പിന്നാലെ പരാതി നല്‍കുകയും ചെയ്താല്‍ ഐസിസിയുടെ അന്വേഷണം വരും. മോശം പിച്ചാണെന്ന് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ നടപടിയും നേരിടേണ്ടി വരും.
അംപയര്‍മാരുടെ തീരുമാനങ്ങള്‍ക്കെതിരെയും ഇംഗ്ലണ്ട് പരാതി ഉന്നയിച്ചിരുന്നു. തേര്‍ഡ് അംപയര്‍ ഷംസുദ്ദീന്റെ തീരുമാനങ്ങള്‍ ഏകപക്ഷീയമായിരുന്നുവെന്ന നിലപാടാണ് ഇംഗ്ലണ്ടിനുള്ളത്. മുന്‍ താരങ്ങളടക്കം നിരവധി പ്രമുഖര്‍ പിച്ചിനെക്കുറിച്ച് പരാതി ഉന്നയിച്ചതിനാല്‍ത്തന്നെ ഇന്ത്യക്കെതിരേ അന്വേഷണം വരാനും നടപടി ഉണ്ടാകാനും സാധ്യത കൂടുതലാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവും മൊട്ടേറയില്‍ നടത്തി. അത്രത്തോളം പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതായിരുന്നു.
ആദ്യ ദിനം തന്നെ പിച്ച് പൊട്ടിപ്പൊളിഞ്ഞതോടെ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ വീഴുകയും ചെയ്തു. ഐസിസി നിയമപ്രകാരം പിച്ച് ബാറ്റിങ്ങിനോ,ബൗളിങ്ങിനോ മാത്രം ഏകപക്ഷീയമായി മുന്‍തൂക്കം ലഭിക്കുന്നതായിരിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ഐസിസിയുടെ നിയമ ലംഘടനമായി അത് കണക്കാക്കപ്പെടും.