IND vs ENG: റൂട്ടിനെ കാത്തിരിക്കുന്നത് നാല് വമ്പന്‍ റെക്കോഡുകള്‍, സച്ചിനൊപ്പമെത്താം
ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ മത്സരത്തില്‍ 227 റണ്‍സിന് ജയിച്ച ഇംഗ്ലണ്ട് നാല് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറി പ്രകടനമാണ് ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കരുത്തായത്. രണ്ടാം ടെസ്റ്റിലും റൂട്ടിന്റെ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍. അവസാന മൂന്ന് ടെസ്റ്റില്‍ രണ്ട് ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും നേടിയ റൂട്ടിന് ഇന്ത്യക്കെതിരായ രണ്ടാം മത്സരത്തിലും തിളങ്ങാനായാല്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനാവും. അതില്‍ പ്രധാനപ്പെട്ട നാല് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഇംഗ്ലണ്ടിന് കൂടുതല്‍ ടെസ്റ്റ് ജയം സമ്മാനിച്ച നായകന്‍
ഇംഗ്ലണ്ടിന്റെ ഏറ്റവും മികച്ച ടെസ്റ്റ് നായകനെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ജോ റൂട്ടിന് മുന്നിലുള്ളത്. നിലവില്‍ 47 മത്സരത്തില്‍ നിന്ന് 26 ടെസ്റ്റ് ജയങ്ങളുമായി മുന്‍ നായകന്‍ മൈക്കല്‍ വോണിനൊപ്പമാണ് റൂട്ട് ഉള്ളത്. ഇന്ത്യയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് കൂടുതല്‍ ജയം സമ്മാനിച്ച നായകനെന്ന റെക്കോഡ് റൂട്ടിന് സ്വന്തം പേരിലാക്കാം. അലെസ്റ്റര്‍ കുക്ക് (24 ജയം),ആന്‍ഡ്രൂ സ്‌ട്രോസ് (24) എന്നിവരാണ് ഈ റെക്കോഡിന്റെ ഭാഗമായുള്ള മറ്റ് ഇംഗ്ലണ്ട് നായകന്മാര്‍.

കുമാര്‍ സംഗക്കാരയുടെ റെക്കോഡിനൊപ്പമെത്താം
അവസാന മൂന്ന് മത്സരത്തിലും 150ന് മുകളില്‍ റണ്‍സ് നേടാന്‍ റൂട്ടിന് സാധിച്ചിരുന്നു. രണ്ടാം ടെസ്റ്റിലും 150ന് മുകളില്‍ റണ്‍സ് നേടാനായാല്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങളില്‍ 150ലധികം റണ്‍സ് നേടുന്ന താരങ്ങളുടെ റെക്കോഡില്‍ കുമാര്‍ സംഗക്കാരയ്‌ക്കൊപ്പം തലപ്പത്തെത്താന്‍ റൂട്ടിനാവും. 2007 ല്‍ തുടര്‍ച്ചയായി നാല് മത്സരങ്ങളിലാണ് സംഗക്കാര 150ലധികം റണ്‍സ് നേടിയത്.

ആന്‍ഡ്രൂ സ്‌ട്രോസിനെ മറികടക്കാം
ടെസ്റ്റ് സെഞ്ച്വറികളില്‍ മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസിന്റെ റെക്കോഡിനൊപ്പമെത്താനുള്ള അവസരമാണ് റൂട്ടിന് മുന്നിലുള്ളത്. 21 സെഞ്ച്വറികളാണ് സ്‌ട്രോസിന്റെ പേരിലുള്ളത്. റൂട്ട് നേടിയത് 20 സെഞ്ച്വറിയും. നിലവിലെ ഫോം തുടരാനായാല്‍ റൂട്ട് ഈ റെക്കോഡില്‍ സ്‌ട്രോസിന് ഒപ്പമെത്താന്‍ സാധ്യതയേറെയാണ്.

ഇരട്ട സെഞ്ച്വറിയില്‍ സച്ചിനൊപ്പമെത്താം
ടെസ്റ്റില്‍ ആറ് ഇരട്ട സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനുള്ള അവസരവും റൂട്ടിന് മുന്നിലുണ്ട്. ഇതിനോടകം അഞ്ച് ഇരട്ട സെഞ്ച്വറി റൂട്ട് സ്വന്തമാക്കികഴിഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വീരേന്ദര്‍ സെവാഗ്,മര്‍വന്‍ അട്ടപ്പട്ടു,ജാവേദ് മിയാന്‍ദാദ്,യൂനിസ് ഖാന്‍,റിക്കി പോണ്ടിങ് തുടങ്ങിയവരെല്ലാം ആറ് ഇരട്ട സെഞ്ച്വറി വീതം നേടിയവരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications