ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്റ്റാര്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ട് നിരയിലുണ്ടാവുമെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. പരിക്കേറ്റ ജോഫ്ര ആര്‍ച്ചര്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെയാണ് ബ്രോഡ് ടീമിലേക്ക് എത്തുന്നത്. പരിചയസമ്പന്നരായ ബ്രോഡും ജെയിംസ് ആന്‍ഡേഴ്‌സനും ഒന്നിച്ച് ഇംഗ്ലണ്ട് നിരയില്‍ ഇറങ്ങുന്നത് ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്.
'ഇംഗ്ലണ്ട് ടീമില്‍ റൊട്ടേഷന്‍ നടത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിശ്രമത്തിന് ശേഷം പുതുമയോടെയാവും അവര്‍ ടീമിലേക്ക് എത്തുക. ഇക്കാര്യത്തില്‍ കൃത്യമായ പ്രൊഫഷനലിസം ടീമിനുണ്ട്. എങ്കിലും മികച്ച പ്ലേയിങ് ഇലവനെതന്നെ ഇറക്കാന്‍ ശ്രമിക്കും'-റൂട്ട് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ കളിച്ച ആന്‍ഡേഴ്‌സന് റൊട്ടേഷന്‍ പോളിസി അനുസരിച്ച് വിശ്രമം നല്‍കേണ്ടതുണ്ട്. എന്നാല്‍ ആര്‍ച്ചറിന് പരിക്കേറ്റതിനാല്‍ ആന്‍ഡേഴ്‌സന്‍-റൂട്ട് കൂട്ടുകെട്ട് തന്നെ ഇന്ത്യക്കെതിരേ ഇറങ്ങിയേക്കും.

ഇന്ത്യന്‍ മൈതാനങ്ങളില്‍ വലിയ പരിചയസമ്പത്തുള്ള താരങ്ങളാണ് ഇരുവരും. പന്തില്‍ നല്ല വേഗത്തോടൊപ്പം നന്നായി സ്വിങ് ചെയ്യിക്കാനും ഇരുവര്‍ക്കും സാധിക്കും. അത് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിക്കുമെന്നുറപ്പാണ്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ശുബ്മാന്‍ ഗില്‍,അജിന്‍ക്യ രഹാനെ എന്നിവര്‍ റിവേഴ്‌സ് സ്വിങ്ങിലൂടെയാണ് ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. ഇന്‍സ്വിങ്ങറായെത്തിയ പന്ത് ഇരുവരുടെയും കുറ്റി പിഴുതു.
ആദ്യ മത്സരത്തിന് വേദിയായ ചെന്നൈ തന്നെയാണ് രണ്ടാം മത്സരത്തിനും വേദി. അതിനാല്‍ ടോസ് നിര്‍ണ്ണായകമാവും. അവസാന മൂന്ന് ദിനം ബൗളര്‍മാരെ പിച്ച് നന്നായി തുണച്ചിരുന്നു.ഇതേ സ്വഭാവം തുടര്‍ന്നാല്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാവും മുന്‍തൂക്കം. രണ്ടാം മത്സരത്തിലും തോറ്റാല്‍ ഇന്ത്യയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയാവും.
ഇന്ത്യന്‍ ടീമിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. പരിക്കേറ്റ് ആദ്യ മത്സരം കളിക്കാതിരുന്ന അക്‌സര്‍ പട്ടേല്‍ കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്. അതിനാല്‍ ഷഹബാസ് നദീമിനെ ഒഴിവാക്കി പകരം അക്‌സര്‍ പട്ടേല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയേക്കും. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്‌സര്‍ അശ്വിന് നല്‍കുന്ന പിന്തുണ മത്സരത്തില്‍ നിര്‍ണ്ണായകമാവും.
ഒന്നാം ടെസ്റ്റില്‍ തിളങ്ങാതിരുന്ന രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും രണ്ടാം ടെസ്റ്റിലും സ്ഥാനം നിലനിര്‍ത്തിയേക്കും. രോഹിതിന് പകരം മായങ്ക് അഗര്‍വാളും രഹാനെയ്ക്ക് പകരം കെ എല്‍ രാഹുലും കളിക്കണമെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ആവിശ്യപ്പെടുന്നത്. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് ഇന്ത്യ തയ്യാറായേക്കില്ല.